രചനയുടെ അടിസ്ഥാനഘടകങ്ങൾ

– പി.എ. നാസിമുദ്ദീൻ –

ഏറ്റവും സംഘർഷഭരിതമായ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സത്യസന്ധമായ് പറയുന്ന ഒരു വാചകം പോലും കലയായ്/ സാഹിത്യമായ് മാറുന്ന ഒരുകാലമാണ് ഇത്. സത്യാനന്തരകാലം എന്ന് പറയുന്നത് നുണകളുടെയും നിർമ്മിക്കപ്പെട്ട പ്രതീതി യാഥാർത്ഥ്യങ്ങളുടെയും കാലമാണ്. ഇവിടെ സത്യം പാടെ ഇല്ലാതാകുന്നില്ല. പക്ഷേ അതിന് പിന്നോട്ടു മാറി നിൽക്കേണ്ടിവരുന്നു. സത്യത്തേക്കാൾ വികാരങ്ങളും നിക്ഷിപ്ത താൽപര്യങ്ങളും ആധിപത്യം നേടിയെടുക്കുന്നു. മിഥ്യയായ ഇമേജുകളും ഇൻഫർമേഷനുകളും ജനങ്ങൾക്ക് മുന്നിൽ വന്നു നിറയുന്നു. ഭരണകൂടങ്ങളും കോർപ്പറേറ്റ് കമ്പനികളും തങ്ങളുടെ സ്വാർത്ഥ താൽപര്യത്തിനനുസരിച്ച് ജനങ്ങളെ മെരുക്കിയെടുക്കാൻ ഇവ സമർത്ഥമായ് ഉപയോഗിക്കുന്നു. പരസ്യപ്രവർത്തനത്തിൽ നിന്നും പാടെ വ്യത്യസ്തമാണിത്. പരസ്യം കാണുമ്പോൾ അത് യാഥാർത്ഥ്യത്തിൽ നിന്നും പാടെ വിഭിന്നമായ, ഊതി വീർപ്പിച്ച, കച്ചവട സാധ്യതക്കായ് ഉണ്ടാക്കിയതാണെന്ന് അനുവാചകർക്കറിയാം. എന്നാൽ സത്യമാണെന്ന വ്യാജേന പടച്ചുവിടുന്ന മിഥ്യാനിർമിതികൾ ജനങ്ങളുടെ ബോധ്യങ്ങളെ നിർണയിക്കുകയും അവരുടെ മനോഭാവങ്ങളെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്യുന്നു. അങ്ങനെ നമ്മുടെ നാട്ടിലെ ജനാധിപത്യം ഒരു അപഹാസമായി മാറുന്നു. വസ്തുനിഷ്ഠത അപ്രത്യക്ഷമായ്, സ്വാർത്ഥതയും വൈകാരികതയും മുൻകൈ നേടിയെടുക്കുമ്പോൾ തങ്ങൾ പറയുന്നതാണ് സത്യമെന്ന് ഓരോ വിഭാഗവും വിശ്വസിക്കുന്നു. സത്യം ഓരോരുത്തരുടെയും ആത്മനിഷ്ഠ തീർച്ചകളായ് മാറുകയും വൈറലുകളും ഫേക്ക് ന്യൂസുകളും സാമൂഹ്യഗതിയെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഈ ധൂസരകാലത്ത്, ഈ ദുരവസ്ഥയെ പ്രതിരോധിക്കാൻ കഴിയുന്നത് കലാ / സാഹിത്യങ്ങൾക്ക് മാത്രമാണ്. മുൻകല്പിതങ്ങൾക്കും പടച്ചുണ്ടാക്കുന്ന വസ്തുതകൾക്കും പകരം പച്ചയായ ജീവിതത്തെ ആവിഷ്കരിച്ചു കൊണ്ടാണ് സാഹിത്യ / കല രൂപങ്ങൾ അത് ചെയ്യുന്നത്. ഭാവന ഇവിടെ സത്യത്തെ കണ്ടെത്താനുള്ള ഉപകരണമായ് പ്രവർത്തിക്കുന്നു. സാഹിത്യം അത് എങ്ങനെ സാധ്യമാക്കുന്നു എന്ന് വിശദീകരിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. കവിതയുടെയും കഥയുടെയും രചനയുടെ അടിസ്ഥാനഘടകങ്ങളിലേക്ക് ചെറിയ ഒരു വെളിച്ചം വീശാനും ശ്രമിക്കുന്നു. ഫിക്ഷനിൽ നോവലും കഥയും വരുമെങ്കിലും സ്ഥലപരിമിതി കാരണം ചെറുകഥയിലേക്ക് മാത്രം വിഷയനിബന്ധനം ചുരുക്കുകയാണ്.

ഭരണകൂടങ്ങൾ നിർമ്മിക്കുന്ന പൊള്ളയായ അവകാശവാദങ്ങൾക്ക് പകരം അതായത് ദാരിദ്ര്യം നിർമ്മാർജനം ചെയ്യപ്പെട്ടിരിക്കുന്ന നിങ്ങൾ ക്ഷേമരാഷ്ട്രത്തിലാണ് ജീവിക്കുന്നത് എന്നിത്യാദി മുദ്രാവാക്യങ്ങൾക്ക് പകരം സാഹിത്യം അലങ്കോലപ്പെട്ട ജീവിതങ്ങളുടെ പരിച്ഛേദങ്ങൾ തുറന്നുവെക്കുന്നു. മുറിവേറ്റ ഓർമ്മകളുടെ പെരുംഭണ്ഡാകാരം തുറന്നിടുന്നു. ദേശീയോന്മാദങ്ങൾക്ക് നേരെ അടിസ്ഥാന ജീവിതസൗകര്യമില്ലാത്തവരുടെയും പ്രാന്തവൽക്കരിക്കപ്പെട്ടവരുടെയും അധികാരത്താൽ നിത്യേന ചവിട്ടി താഴ്ത്തപ്പെടുന്നവരുടെയും ചിത്രങ്ങൾ വരച്ചുകാട്ടുന്നു. അധീശപ്രത്യയശാസ്ത്രങ്ങൾ സംസാരിക്കുന്ന ‘ശുദ്ധ’ ഭാഷയ്ക്കുപകരം ജീവിതഗന്ധം പാറുന്ന പ്രാദേശികഭാഷകളും വായ്മൊഴികളും പകരം വെക്കുന്നു. സവർണ്ണാധികാരികൾക്ക് നേരെ ജാതിവ്യവസ്ഥയാൽ അവമതിക്കപ്പെട്ടവർ ഞങ്ങളുടെ ശരീരം എല്ലാം ഓർക്കുന്നു. ഞങ്ങളുടെ ശരീരത്തിലെ പാട്ടുകൾ നിങ്ങൾ ഇല്ലാതാക്കിയ മുറിവുകളാണെന്ന് ഉറക്കെ വിളിച്ചു പറയുന്നു. സത്യാനന്തരകാലത്ത് വികൃതവൽക്കരിക്കപ്പെടുകയും അപചയപ്പെടുകയും ചെയ്യുന്ന ഭാഷ അതിന്റെ യഥാർത്ഥ മൂല്യം കൈവരിക്കുന്നത് സാഹിത്യത്തിലാണ്. ആദ്യം കവിതയെ മുൻനിർത്തി അത് പരിശോധിക്കാം.

കവിതയിലാണ് ഭാഷ അതിന്റെ കൃത്യവും സൂക്ഷ്മവുമായ രൂപം പ്രകടിപ്പിക്കുന്നത്. കവിതയിലെ ഒരു വാക്കിന്റെ യഥാർത്ഥ നിഘണ്ടുവിലുള്ള അർത്ഥമല്ല, കവിതയുടെ സന്ദർഭം ഉണ്ടാക്കുന്ന അർത്ഥമാണ്. കവി ഒരു വാക്കിനെ തിരഞ്ഞെടുക്കുന്നത് അനേകം വാക്കുകൾ മാറിമാറി പരീക്ഷിച്ചതിനുശേഷമാണ്. വാക്കുകളുടെ നഷ്ടപ്പെട്ടുപോയ ഓജസ്സും ശക്തിയും അങ്ങനെ സത്യാനന്തരകാലത്ത് കവിതക്ക് പുനസ്ഥാപിക്കാൻ കഴിയുന്നു. കവിതയെ ‘ഭാഷക്കുള്ളിലെ ഭാഷ’ എന്ന് വേണമെങ്കിൽ വിളിക്കാം. കാരണം നാം സാധാരണ ഉപയോഗിക്കുന്ന സംസാരഭാഷ, പത്രഭാഷ, ഔദ്യോഗിക ഭാഷ എന്നിവയിൽ നിന്നെല്ലാം ഭിന്നമായി ഇതിൽ ഭാഷ ഏറ്റവും സചേതനമായാണ് പ്രത്യക്ഷപ്പെടുന്നത്. അത് ബിംബങ്ങളുടെയും പ്രതീകങ്ങളുടെയും ഒരു ‘വ്യത്യസ്ത ഭാഷ’ തന്നെ സൃഷ്ടിക്കുന്നു. സൂക്ഷ്മത, സാന്ദ്രത, ധ്വനനശേഷി എന്നിങ്ങനെ അനേകം അടിസ്ഥാനഘടകങ്ങൾ കാവ്യഭാഷക്കുണ്ട്. അവയെ ചെറുതായി ഇവിടെ ഒന്ന് പരിശോധിക്കാം. ഇതിൽ പ്രാമുഖ്യം ആദ്യം പറഞ്ഞ സൂക്ഷ്മതയ്ക്ക് തന്നെ. ഒരു വിഷയത്തിന്റെ കൊച്ചു കാര്യങ്ങളിലേക്ക് പോലും കവിയുടെ ഭാവന ജാഗ്രതയോടെ സഞ്ചരിക്കുമ്പോൾ കാവ്യഭാഷ അവിടെ സൂക്ഷ്മമായി തീരുന്നു. അനുഭവത്തിന്റെ ഏറ്റവും ചെറിയ ഘടകത്തെ പോലും ഒപ്പിയെടുക്കാനുള്ള കവിയുടെ സമർഥ്യമാണ് കാവ്യഭാഷയെ സൂക്ഷ്മമാക്കുന്നത്. ഇതിന് ഉദാഹരണമായി കവിതയിൽ നിന്നും ചില വരികൾ ഉദ്ധരിക്കാം. പി. പി. രാമചന്ദ്രന്റെ ‘ലളിതം’ എന്ന കവിത കിളികളുടെ ജീവിതത്തെ സൂക്ഷ്മമായി പകർത്തിയിടുന്നു.

ഇവിടെയുണ്ടുഞാൻ
എന്നറിയിക്കുവാൻ
മധുരമൊരു
തൂവൽ മാത്രം മതി
ഇവിടെയുണ്ടായിരുന്നു
ഞാനെന്നറിയിക്കുവാൻ
ഒരു വെറും തൂവൽ
താഴെയിട്ടാൽ മതി
…………………………
…………………………
ഇതിലുമേറെ
ലളിതമായ് എങ്ങനെ
കിളികളാവിഷ്കരിക്കുന്നു
ജീവിതം.

ഇനി കവിതയുടെ സാന്ദ്രത എന്താണെന്ന് നോക്കാം. ഒരു വിഷയത്തെ അവതരിപ്പിക്കുമ്പോൾ ഏറ്റവും കുറഞ്ഞ വാക്കുകൾ കൊണ്ട് അതിനെ ആവിഷ്കരിക്കാൻ കഴിഞ്ഞാൽ അവിടെ കവിതയുടെ സാന്ദ്രതയുണ്ടെന്ന് പറയാം. കാച്ചിക്കാച്ചി കുറുക്കിയെടുക്കലാണത്. വൈലോപ്പിള്ളി ശ്രീധരമേനോൻ ഇങ്ങനെ കുറുക്കിയെടുക്കുന്നതിൽ വിദഗ്ധനായിരുന്നു. ആവശ്യമില്ലാത്ത വാക്കുകളെ വെട്ടിക്കളഞ്ഞ് ഇനി ഒരു വാക്കുപോലും അതിൽ നിന്ന് നീക്കാൻ കഴിയില്ല എന്ന അവസ്ഥ വരുമ്പോൾ കവിത രൂപപരമായ വൈശിഷ്ട്യം നേടിയെടുക്കും. ചുരുങ്ങിയ വാക്കുകളിൽ അനേകം ആശയങ്ങളെ അത് പ്രതിഫലിപ്പിക്കും. ആറ്റൂർ രവിവർമ്മ മഹാകവി പി. കുഞ്ഞിരാമൻ നായരെപ്പറ്റി എഴുതിയ ‘മേഘരൂപൻ’ എന്ന കവിതയുടെ ആദ്യ ഭാഗം നോക്കൂ.

സഹ്യനേക്കാൾ തലപൊക്കം
നിളയേക്കാൾ ആർദ്രത
ഇണങ്ങി നിന്നിൽ, സൽപുത്ര-
ന്മാരിൽ പൈതൃകമങ്ങനെ
നിനക്കെഴുതുവാൻ പൂഴി
വിരിപ്പൂ ഭാരതപ്പുഴ
നിനക്കു കാണുവാൻ മാത്രം
നീർത്തുന്ന വർണ്ണപുസ്തകം
നിനക്ക് മഞ്ഞ കുപ്പായം
തുന്നുന്നു തിരുവാതിര

ഇനി ധ്വനിയെക്കുറിച്ച് പറയാം. ഭാഷയുടെ വാച്യാർത്ഥം കൂടാതെ മറ്റു അർത്ഥങ്ങളും കൂടി മനസ്സിൽ ഉളവാക്കുന്നതാണ് ധ്വനി. വായനക്ക് ശേഷം മനസ്സിൽ മുഴങ്ങുന്ന കവിതയുടെ ആഴമാണ് ഇത്. കവിതക്ക് ദാർശനികഭംഗി കിട്ടാനും, എഴുതപ്പെട്ട കാലത്തിനുശേഷം വ്യത്യസ്തമായ അർത്ഥങ്ങൾ ഉല്പാദിപ്പിച്ചുകൊണ്ട് ചിരകാലം നിലനിൽക്കാനും ധ്വനി കാരണമാകുന്നു. വീണുകിടക്കുന്ന ഒരു പൂവിൽ ജീവിതത്തിന്റെ മഹാദർശനങ്ങൾ ഉൾക്കൊള്ളിച്ച മഹാകവി കുമാരനാശാന്റെ ‘വീണപൂവ്’ എന്ന കവിത വായിക്കുമ്പോൾ അനേകം അർത്ഥതലങ്ങൾ മനസ്സിൽ മുഴങ്ങുന്നു.

കവിതയുടെ മൂന്ന് അടിസ്ഥാനഘടകങ്ങളെക്കുറിച്ച് ഏകദേശം പറഞ്ഞു. കവിത എന്ന പ്രതിഭാസത്തെ ചെറിയ ഒരു ചിപ്പിലടക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ അത് ഏത് നിർവചനങ്ങളെയും പിളർന്ന് പുറത്തുവരും. താൽക്കാലികമായ ഒരു പരിശോധനയെ മുൻനിർത്തി മാത്രമാണ് ഈ മൂന്ന് അടിസ്ഥാന ഘടകങ്ങളെപ്പറ്റി വിശദമാക്കിയത്. സാധാരണ കവിത എന്ന വാക്ക് ഉപയോഗിക്കുന്നതിനെ പ്രത്യേക സാഹിത്യരൂപത്തിനെന്നതിനെപ്പറ്റി ‘സൗന്ദര്യം’ എന്നതിന്റെ പര്യായമായിട്ടാണ്. കലയുടെ കണ്ണുകളിൽ കവിതയുണ്ട്. ഫുട്ബോൾ ഇതിഹാസമായ മെസ്സിയുടെ കാൽചലനങ്ങളിൽ കവിതയുണ്ടെന്നെല്ലാം പറയുമ്പോൾ അവിടെ കവിത എന്നതുകൊണ്ട് അർത്ഥമാക്കുന്നത് മനോഹാരിത അല്ലെങ്കിൽ സൗന്ദര്യം എന്നാണ്. എന്നാൽ ഫിക്ഷൻ അഥവാ നോവൽ / ചെറുകഥ ഇതിൽ നിന്നും പാടെ വ്യത്യസ്തമാണ്. കഥ പറയാനും കേൾക്കാനുമുള്ള ത്വര ആദിമ മനുഷ്യനിൽ തന്നെയുണ്ടായിരുന്നു. മരുഭൂമിയിലെ യാത്രികർക്ക് കഥ പറഞ്ഞു കൊടുത്തുകൊണ്ട് കാലയാപനം നടത്തിയിരുന്ന ഗോത്രമനുഷ്യരെ ചരിത്രത്തിൽ വായിക്കാം. സാഹിത്യത്തിൽ വീരകഥകളും മുത്തശ്ശിക്കഥകളുമൊക്കെയായി നാടോടിക്കഥകൾ നിലനിന്നിരുന്നു. ആയിരത്തൊന്ന് രാവുകളും വിക്രമാദിത്യൻ കഥകളും ഈസോപ്പ് കഥകളും പഞ്ചതന്ത്രം കഥകളുമൊക്കെ നാടോടിക്കഥകൾ ചേർന്ന് രൂപം കൊണ്ടതാണ്. ആധുനിക ഫിക്ഷനുകളുടെ മുൻഗാമികൾ ഇവ തന്നെയാണെന്ന് പറയാം. ഈ ലേഖനത്തിന്റെ ആദ്യഭാഗത്ത് പറഞ്ഞപോലെ ചെറുകഥയെ മാത്രമാണ് ഇവിടെ പഠനത്തിന് വിധേയമാക്കുന്നത്. ഒറ്റയിരിപ്പിന് വായിച്ച് തീർക്കാവുന്ന, ഒരു വികാരത്തെയോ ഭാവത്തെയോ സംഭവത്തെയോ ഏകാഗ്രമായി ചിത്രീകരിക്കുന്നതാണ് ചെറുകഥയെന്ന് ലളിതമായി നിർവചിക്കാം. നോവലും ചെറുകഥയുമാണ് ഏറ്റവും വായനാപ്രിയമായ സാഹിത്യരൂപങ്ങൾ. അവ ചലച്ചിത്രങ്ങളായും സീരീസുകളായും ജനമനസ്സുകളിൽ പിന്നെയും ആഴത്തിൽ കുടികൊള്ളുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിലാണ് ചെറുകഥ ഒരു സ്വതന്ത്രരൂപമായി മാറുന്നത്. ഫ്യൂഡലിസത്തിന്റെ തകർച്ചയും തുടർന്നുണ്ടായ വ്യവസായവൽക്കരണവും ദേശരാഷ്ട്രങ്ങളുടെ പിറവിയും അതിന്റെ ചരിത്രസന്ദർഭമായിരുന്നു. അച്ചടിയുടെ കണ്ടുപിടിത്തവും തുടർന്നുണ്ടായ പ്രസിദ്ധീകരണങ്ങളുടെ വളർച്ചയും സാക്ഷരതയുടെ തോതും നോവലിനെയും ചെറുകഥയെയും സംജാതമാക്കി. വ്യക്തിയുടെ ഏകാന്തതയും അവന്റെ മാനസിക ലോകവും ചെറുകഥയുടെ അലങ്കാരമായി തീർന്നു.

ആധുനിക ചെറുകഥയുടെ പിതാമഹന്മാരായി കണക്കാക്കുന്നത് ഫ്രഞ്ചുകാരായ മോപ്പസാങ്, റഷ്യക്കാരനായ ചെക്കോവ് അമേരിക്കക്കാരനായ എഡിഗാർ അലൻ പോ എന്നിവരെയാണ്. മോപ്പസാങ് ചെറുകഥയെ ജനകീയമാക്കുകയും സാധാരണ മനുഷ്യരെയും അവരുടെ കൊച്ചു സന്തോഷങ്ങളെയും ദുഃഖങ്ങളെയും തന്റെ സൃഷ്ടിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ചെക്കോവാകട്ടെ ചെറുകഥയെ അതുല്യമായ ഒരു സാഹിത്യരൂപമായി പരിണമിപ്പിച്ചു. വ്യക്തിയുടെ മനോഗതികളും സംഭവങ്ങളേക്കാൾ മാനസിക അവസ്ഥയും അദ്ദേഹത്തിന്റെ ചെറുകഥകളുടെ പ്രത്യേകതകളായിരുന്നു. എഡ്ഗാർ അലൻ പോ അനാദൃശ്യങ്ങളായ ചെറുകഥകൾ എഴുതുന്നതിനൊപ്പം ചെറുകഥ രൂപം കൊള്ളുന്ന പ്രാരംഭദശയിൽ അതിനെക്കുറിച്ചുള്ള സിദ്ധാന്തങ്ങളും മെനഞ്ഞു.

മലയാളക്കരയിലും യൂറോപ്യൻ സാഹിത്യത്തിലെ കഥാസങ്കൽപ്പത്തിനനുസരിച്ച് ചെറുകഥ എന്ന സാഹിത്യരൂപത്തിന് വിത്തുപാകി. 1875 ൽ വിദ്യാവിനോദിനി മാസികയിൽ വേങ്ങയിൽ കുഞ്ഞിരാമൻ നായർ എഴുതിയ വാസനാവികൃതിയാണ് ആദ്യത്തെ ലക്ഷണമൊത്ത ചെറുകഥ. കേരളം നവോത്ഥാനത്തെ തുടർന്നുണ്ടായ പുതിയ സാമൂഹ്യബോധം മലയാള ചെറുകഥയുടെ വളർച്ചയെ ത്വരിതമാക്കി. വൈക്കം മുഹമ്മദ് ബഷീർ, തകഴി ശിവശങ്കരപ്പിള്ള, കേശവദേവ് തുടങ്ങി അനേകർ ചെറുകഥയുടെ മണ്ഡലത്തെ വികസിപ്പിക്കുകയും വായനക്കാരുടെ വലിയ ഒരു പറ്റമുണ്ടായിത്തീരുകയും ചെയ്തു. ഇവരുടെ കഥകളെല്ലാം സാധാരണ മനുഷ്യരെ അവലംബിച്ചുള്ളവയായിരുന്നു. മലയാളി ജീവിതത്തിന്റെ ഒരു സങ്കല്പചരിത്ര രചനയായി അത് മാറി. തുടർന്ന് എം. ടി. വാസുദേവൻ നായർ, ടി. പത്മനാഭൻ, കമല സുരയ്യ എന്നിങ്ങനെ അനേകരിലൂടെ അത് ആധുനിക കഥാസാഹിത്യത്തിലേക്ക് വികസിച്ചു. മലയാള കഥാസാഹിത്യം ഇപ്പോഴും സജീവമായി നിലകൊള്ളുകയും ആധുനികാന്തര പ്രവണതകൾ ഉൾക്കൊണ്ടുകൊണ്ട് മലയാളി സാംസ്കാരിക ജീവിതത്തിന്റെ അവിഭാജ്യഘടകമായി തുടരുകയും ചെയ്യുന്നു.

കവിത എന്ന സാഹിത്യരൂപം സൂക്ഷ്മവും സാന്ദ്രവും ധ്വനി പ്രധാനവുമാകുമ്പോൾ ചെറുകഥ എന്ന സാഹിത്യരൂപം വിശദാത്മകവും സ്ഥൂലവുമാണ്. കവിതയിൽ പ്രകൃതി അതായത് സസ്യലതാദികളും ജീവജാലങ്ങളുമൊക്കെ പ്രധാനമാകുമ്പോൾ ചെറുകഥയിൽ സമൂഹവും അതിലെ മനുഷ്യരുമാണ് പ്രധാനമാകുന്നത്. കഥാപാത്രങ്ങൾ ചെറുകഥയുടെ അവിഭാജ്യ ഘടകമാണ്. അവ ജീവിക്കുന്ന മനുഷ്യരെപ്പോലെത്തന്നെ സമൂഹത്തിൽ നിലനിന്നേക്കാം. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളായ അദ്ദേഹത്തിന്റെ നീണ്ടകഥകളിലെ സാറാമ്മയും കേശവൻ നായരും എട്ടുകാലി മമ്മൂഞ്ഞും ആനവാരി രാമൻ നായരും പൊൻകുരിശ് തോമയുമൊക്കെ ഇപ്പോഴും ആസ്വാദകമനസ്സുകളിൽ ജീവിക്കുന്നു.

മലയാള സാഹിത്യം എപ്പോഴും കേരളീയ ജീവിതത്തിന്റെ കണ്ണാടിയായി പടർന്നിരുന്നു. കാലം വാക്കുകളിൽ കണ്ണാടിനോക്കുമെന്ന വാചകത്തെ അന്വര്‍ത്ഥമാക്കുന്ന പോലെ കവിതയുടെയും കഥയുടെയുമൊക്കെ വരികളിൽ ജനതയുടെയും ആത്മസംഘർഷങ്ങളും പാരതന്ത്രങ്ങളും തളംകെട്ടി കിടക്കുകയും സ്വാതന്ത്ര്യത്തിന്റെ പുതിയ മേഖലകൾ തേടുകയും ചെയ്യുന്നു. സ്വാതന്ത്ര്യാനന്തരകാലത്ത് യാഥാർത്ഥ്യത്തെയും മാനുഷിക മൂല്യങ്ങളെയും തിരികെ പിടിക്കുന്നു. സാഹിത്യത്തിന്റെ ഈ ഉയർന്ന ഗുണത്തെ ഒരു വിഹഗവീക്ഷണത്തിലൂടെ വെളിവാക്കാനാണ് ഈ ഹ്രസ്വ ലേഖനത്തിലൂടെ ശ്രമിച്ചത്.

Other articles

എഴുത്തിന്റെ വിതാനങ്ങൾ

- അജയ് പി. മങ്ങാട്ട് -ജോലി കഴിഞ്ഞുള്ള സമയത്താണ്...

അനന്യാനുഭവവും എഴുത്തും

- ക്യാപ്റ്റൻ ഗോവിന്ദൻ -എഴുത്തിൽ ഒരു വേറിട്ട വ്യക്തിത്വത്തിന് വേണ്ടിയാണ് ക്യാപ്റ്റൻ...

സാങ്കല്പികലോകത്തിലെ സഹയാത്രികര്‍

- സുഭാഷ് ഒട്ടുംപുറം -വായനയുമായോ എഴുത്തുമായോ വലിയ ബന്ധമൊന്നുമില്ലാത്ത ഒരിടത്ത് നിന്നാണ്...

ഞാനും എഴുത്തും

- കെ.ആര്‍. ടോണി -പ്രായോഗികമായി ഒരു കവിതയെഴുതുന്നയാള്‍ എന്തിലൊക്കെ ശ്രദ്ധിക്കണം എന്നുള്ളത്...

വാക്കിന്റെ ജനിതകവ്യതിയാനം: സാഹിത്യഭാവനയും സമൂഹവും

- കെ.പി. ജയകുമാര്‍ -എന്താണ് സര്‍ഗാത്മകത? സാഹിത്യം സര്‍ഗാത്മകമാകുന്നതെങ്ങനെയാണ്?...

എഴുത്താലക്കുറിപ്പുകൾ

- പി. രാമൻ -ഇന്ദ്രിയവേദ്യമായ എഴുത്ത്പെറ്റുവീണ ഒരു കുഞ്ഞ് ലോകത്തെ...

ദൈവത്തിന്റെ ആഖ്യാനം

- കെ. പി. രാമനുണ്ണി -ആഖ്യാനം പ്രധാനമായും മൂന്നുതരത്തിലാണുള്ളത്. പ്രഥമപുരുഷാഖ്യാനം,...

കഥയെഴുത്തിലെ പ്രതിസന്ധിഘട്ടങ്ങൾ

- അയ്മനം ജോൺ -കഥയെഴുത്തിന്റെ കാര്യത്തിൽ ആദ്യത്തെ പ്രതിസന്ധിയെന്നത് തുടക്കം തന്നെയാണ്....