– പി. രാമൻ –
ഇന്ദ്രിയവേദ്യമായ എഴുത്ത്
പെറ്റുവീണ ഒരു കുഞ്ഞ് ലോകത്തെ അറിയുന്നത് എങ്ങനെയാണ്? ഞാനും നിങ്ങളുമെല്ലാം ഒരിക്കൽ അങ്ങനെയൊരു ചോരക്കുഞ്ഞായിരുന്നു. ഓർക്കാൻ എനിക്കു കഴിയുന്നില്ല ആ ദിവസങ്ങളിലെ അനുഭവങ്ങൾ. അത്ര പിറകിലേക്കു പോകുന്ന ഓർമ്മ നമുക്കാർക്കും ഉണ്ടാകണമെന്നില്ല.
പക്ഷേ, ചോരക്കുഞ്ഞുങ്ങളെ നമ്മൾ ശ്രദ്ധിച്ചിട്ടുണ്ട്. ഇല്ലേ? ചുറ്റുമുള്ള ലോകത്തെ അവർ എല്ലായ്പോഴും കണ്ണു തുറന്നു നോക്കിയാണോ അറിയുക? വല്ലപ്പോഴും കണ്ണുതുറന്നു നോക്കുമെങ്കിലും മിക്കവാറും സമയം അവർ കണ്ണു ചിമ്മിയാവും കിടക്കുക.
ലോകം അവിടെ നിൽക്കട്ടെ. അടുത്തു കിടക്കുന്ന അമ്മയെ കുഞ്ഞറിയുന്നത് എങ്ങനെ എന്നു ശ്രദ്ധിച്ചു നോക്കൂ. തന്നെ തഴുകുന്ന ആ സ്പർശത്തിലൂടെ കുഞ്ഞ് അമ്മയെ തിരിച്ചറിയുന്നുണ്ടാവണം. മുലപ്പാൽ കുടിച്ച് പറ്റിച്ചേർന്നു കിടക്കുമ്പോൾ അമ്മയുടെ മണം കുഞ്ഞ് അനുഭവിക്കുന്നുണ്ടാവണം. കാരണം അതിനുണ്ടല്ലോ ഒരു കുഞ്ഞു മൂക്ക്. മുലപ്പാലിൻ്റെ രുചിയിലൂടെ കുഞ്ഞ് അമ്മയെ അറിയുന്നുണ്ടാവണം. പതുക്കെ അതിന് അമ്മയുടെ ശബ്ദം കേട്ടാൽ തിരിച്ചറിയാറാവുന്നു. കണ്ണു തുറന്ന് അമ്മയെ നോക്കി ചിരിക്കുന്നു. നാളുകൾ പോകെ അടുത്തിരുന്നു ലാളിക്കുന്ന അച്ഛനെ അറിയുന്നു. അമ്മമ്മയെ അറിയുന്നു. അറിയാത്തവരെ കണ്ടാൽ കരയാൻ തുടങ്ങുന്നു.
അതെ, കണ്ടും കേട്ടും തൊട്ടും മണത്തും രുചിച്ചും തന്നെയാണ് കുഞ്ഞുങ്ങൾ ലോകമെന്ത് എന്നറിഞ്ഞത്. നമ്മളെല്ലാം ലോകത്തെ അറിഞ്ഞത്. അഞ്ചിന്ദ്രിയങ്ങളുടെ വാതിലിലൂടെയാണ് ഈ ലോകം നമ്മളിലേക്കു കടക്കുന്നത്.
ഇങ്ങനെ ഉള്ളിലേക്കെടുത്ത് നാം അനുഭവിച്ചറിഞ്ഞ ലോകത്തെ ഉള്ളിലിട്ട് തന്നിഷ്ടം പോലെ അഴിച്ചുപണിതു മറ്റുള്ളവരിൽ എത്തിക്കലാണ് ഏതു കലയുടെയും അടിസ്ഥാന ധർമ്മം.വായിക്കുന്നയാൾ ഒരു കുഞ്ഞാണെന്നു സങ്കല്പിക്കൂ. നിങ്ങൾ ആവിഷ്ക്കരിച്ച രചന കുഞ്ഞിനു മുന്നിലുള്ള ലോകമാണെന്നും സങ്കല്പിക്കൂ. വായിക്കുന്നയാളെ ആണിനും പെണ്ണിനും ഒരുപോലെ ബാധകമാവുന്ന തരത്തിൽ നമുക്ക് തൽക്കാലം വായനാശാലി എന്നു വിളിക്കാം. ബുദ്ധിശാലി എന്നപോലെ. അപ്പോൾ ആ വായനാശാലി തൻ്റെ മുന്നിലുള്ള രചനാലോകത്തെ എങ്ങനെയാണ് അറിയുക? നിങ്ങൾ ഉണ്ടാക്കിയ രചനാലോകം എങ്ങനെയാണ് വായനക്കാരിലെത്തുക? കുഞ്ഞ് അമ്മയെ അറിഞ്ഞ മാതിരി തൻ്റെ ഇന്ദ്രിയങ്ങളിലൂടെത്തന്നെയാവില്ലേ?
നിങ്ങൾ അറിഞ്ഞ ലോകത്തെ മണവും രുചിയും സ്പർശവും ശബ്ദവും കാഴ്ച്ചയുമാക്കി മാറ്റിയാൽ അതു വേഗം വായനക്കാർക്കുള്ളിലേക്കു കടക്കും. അതായത് നിങ്ങൾ അറിഞ്ഞ ലോകത്തെ ഇന്ദ്രിയങ്ങൾ കൊണ്ട് അനുഭവിക്കാവുന്ന തരത്തിലാക്കി മാറ്റുക. ഒറ്റവാക്കിൽ പറഞ്ഞാൽ, ഇന്ദ്രിയവേദ്യമാക്കുക. അതായത് ഇന്ദ്രിയങ്ങളാൽ അറിയുമാറാക്കുക. അപ്പോൾ വായനക്കാർക്കത് സ്വന്തം ഇന്ദ്രിയബോധത്തിലൂടെ വേഗം ഉള്ളിലേക്ക് എടുക്കാൻ സാധിക്കും.
ചുരുക്കത്തിൽ പെറ്റുവീഴുന്ന കുഞ്ഞ് ലോകത്തെ അറിയുന്നതുപോലെയാണ് ഒരു സാഹിത്യകൃതിയെ വായനക്കാർ അറിയുക. കവിതയായാലും കഥയായാലും നോവലായാലും എല്ലാം അങ്ങനെ തന്നെ. അതിന് ഏതു സാഹിത്യകൃതിക്കും ഉണ്ടാവേണ്ട ആദ്യത്തെ ഗുണമാണ് ഇന്ദ്രിയവേദ്യത. ഇന്ദ്രിയങ്ങളെ ഉണർത്തിയാൽ വായനക്കാർക്കുള്ളിലേക്കു സുഗമമായി കടക്കാം.
വാക്കിൻ്റെ സൗന്ദര്യമാണ് ഒരാളെ എഴുത്തിലേക്ക് അടുപ്പിക്കുന്നത് എന്ന ആശയം ഒരു കവിതയിൽ കവി മുല്ലനേഴി ഇങ്ങനെയാണ് അവതരിപ്പിക്കുന്നത്:
നാക്കാം ഞാണിൽ വീഴാതെ നടക്കാം
വാക്കാം വർണ്ണക്കുട ചൂടി
മനോഹരമായ വർണ്ണക്കുട ചൂടി ഞാണിന്മേൽ നടക്കുന്ന ഒരു സർക്കസ് കലാകൃത്തിൻ്റെ ചിത്രം ഈ വരിയിൽ തെളിയുന്നു. ആ ചിത്രമാണ് ആദ്യം മനസ്സിൽ പതിയുക. വരിയിലടങ്ങിയ ആശയങ്ങൾ പിന്നാലെ മനസ്സിലെത്തിക്കൊള്ളും.
ഉച്ചനേരം
വളച്ചെട്ടി
റോട്ടിൽ നിന്നും
കേറി വന്നു.
വളക്കൊക്കെ എന്തു ചൂട്!
ഒരു പഴയ ഗ്രാമീണ ചിത്രം വരച്ചിടുകയാണ് കെ. എ.ജയശീലൻ എന്ന കവി ഈ കുഞ്ഞുകവിതയിൽ.എന്നാൽ ഇതു വായിക്കുമ്പോൾ ചിത്രത്തോടൊപ്പം തന്നെ വളയുടെ ചൂടും നമ്മളിലേക്കു പകരുന്നു. അതെങ്ങനെ? തൊട്ടറിയാവുന്ന ചൂടാക്കി കവി അതിനെ മാറ്റിയിരിക്കുന്നു. ഇങ്ങനെ ഇന്ദ്രിയങ്ങൾ വഴി അറിഞ്ഞത് മനസ്സിൽ ആഴത്തിൽ കോറിയിടപ്പെടും. പെട്ടെന്നൊന്നും മാഞ്ഞുപോകാത്ത തരത്തിൽ.
ഒരു രാത്രി കടൽത്തീരത്തു ചെന്നിരുന്ന് തിരകളുടെ ശബ്ദവും കേട്ട് ഇരിക്കുന്നതിനെപ്പറ്റി സുഗതകുമാരിയുടെ ഒരു കവിതയുണ്ട്. കടലിരമ്പം എന്നാണ് അതിൻ്റെ പേര്. രാത്രിയാണ് എന്നതുകൊണ്ടുതന്നെ കാഴ്ച്ചക്കല്ല ആ കവിതയിൽ പ്രാധാന്യം. മറിച്ച് കേൾവിക്കും സ്പർശത്തിനും രുചിക്കുമാണ്. കടലിനെ അതിൻ്റെ ഇരമ്പത്തിലൂടെ കേട്ടറിയുക മാത്രമല്ല രുചിച്ചും തൊട്ടും അറിയുക കൂടിയാണ് ആ കവിതയിൽ.
ഒരു നൂറുകൊല്ലം കഴിഞ്ഞു വന്നെത്തീടു –
മിരവിലും കടലിതേ മട്ടിരമ്പും
ഇതുപോലെയന്നും ഉറക്കം വരാത്തവർ
അതു കേട്ടുകേട്ടുറങ്ങാതെ വാഴും
ഉപധാനമോ മുഖം ചേർക്കുകിൽ പെട്ടെന്നു
കുതിരും കടൽവിരൽ തൊട്ടപോലെ
ഇതുപോലെയിതുപോലെയിന്നു പോലെ
ഇതുപോലെയിതുപോലെയിന്നു പോലെ
കടലിരമ്പം കേട്ട് ഉറങ്ങാതെ കിടക്കുകയാണ് കവി. ഈ ശബ്ദം ആളുകളെ എന്നും ഇങ്ങനെ അസ്വാസ്ഥ്യപ്പെടുത്തും. നൂറു കൊല്ലം കഴിഞ്ഞാൽ അന്നും ആളുകൾ ഇന്നു താൻ കിടക്കുംപോലെ ഇതു കേട്ടു കിടക്കും. അങ്ങനെ കിടക്കുമ്പോൾ കടൽ അതിൻ്റെ വിരലുകൊണ്ട് കവിളത്തൊന്നു തൊട്ടപോലെ തലയിണ നനയും. കടലിരമ്പം കേട്ടു കിടക്കുമ്പോൾ കരച്ചിൽ വരും എന്നു പറഞ്ഞാൽ വെറും ആശയം. കടൽ അതിൻ്റെ വിരലുകൊണ്ട് കവിളത്തൊന്നു തൊട്ടു എന്നു പറയുമ്പോൾ അത് ഇന്ദ്രിയാനുഭവമാകുന്നു. സ്പർശനത്തിൻ്റെയും രുചിയുടെയും അനുഭവം ഇവിടെ ഒരുമിക്കുന്നു. കടലിൻ്റെ ഉപ്പുരുചിയും കണ്ണീരിൻ്റെ ഉപ്പുരുചിയും കലരുന്നു. സാധാരണമായ ഒരു രുചിയോ തൊടലോ അല്ല അത്. ഭാവനാത്മകമാണ് ആ രുചിയും തൊടലും. കടലുപ്പും കണ്ണീരുപ്പും കലരുന്നതിൻ്റെ ഭാവന. കടലിന് വിരലുണ്ട് എന്ന ഭാവന. ഭാവനാത്മകമായ ഇന്ദ്രിയാനുഭൂതി ഈ വരികളെ മനോഹരമായ കവിതയാക്കി ഉള്ളിൽ പതിപ്പിക്കുന്നു.
ഇരുപത്തഞ്ചാം വയസ്സിൽ മരിച്ചു പോയ കവിയാണ് സുധാകാരൻ തേലക്കാട്. 1965 ൽ അദ്ദേഹം മരിച്ചുപോയി. ജീവിച്ചിരുന്നെങ്കിൽ മലയാളത്തിലെ വലിയൊരു കവിയാകുമായിരുന്നു അദ്ദേഹം എന്ന് കവി അവശേഷിപ്പിച്ചു പോയ കവിതകൾ നമ്മോടു പറയുന്നു. ഭാരതപ്പുഴയുടെ പ്രകൃതിഭംഗി തന്നെ എങ്ങനെയാണ് സ്വാധീനിച്ചത് എന്ന് ഒരു കവിതയിൽ അദ്ദേഹം എഴുതുന്നത് ഇങ്ങനെയാണ്:
ഭാരതപ്പുഴയിലെ പഞ്ചാരമണൽ തിന്നെൻ
ഭാവന മുഴുവനും മധുരിച്ചല്ലോ
പഞ്ചസാര മധുരിക്കും.കണ്ടാൽ പഞ്ചസാര പോലെയാണെങ്കിലും മണൽ തിന്നാൽ മധുരിക്കില്ല. എന്നാൽ ഭാരതപ്പുഴയുടെ പഞ്ചാരമണൽ തിന്നപ്പോൾ മധുരിച്ചത് കവിയുടെ ഭാവനയാണ്. ഭാരതപ്പുഴ എന്ന അനുഭവത്തെ തീരെ പ്രതീക്ഷിക്കാത്ത തരത്തിൽ രുചിയാക്കി മാറ്റുന്നു കവി.
ആറ്റൂർ രവിവർമ്മ പരിഭാഷപ്പെടുത്തിയ തമിഴ് കവിതാ സമാഹാരമായ പുതുനാനൂറിൽ വായിച്ച ഒരു കവിത പലപ്പോഴും ഓർമ്മയിൽ വരാറുണ്ട്. പാ.സത്യമോഹൻ എഴുതിയ ആ കവിത സ്കൂൾ കാലത്തെക്കുറിച്ചുള്ള ഒരോർമ്മയാണ് ആവിഷ്ക്കരിക്കുന്നത്. ചെറുതായിരിക്കുമ്പോൾ പഠിച്ച സ്കൂളിൻ്റെ പിന്നിലെ ഇടവഴിയിൽ ഒരു പവിഴമല്ലി മരമുണ്ടായിരുന്നു. ഇടവേള നേരത്ത് ആൺകുട്ടികൾ മൂത്രമൊഴിച്ചിരുന്നത് ആ ഇടവഴിയിൽ നിരന്നു നിന്നാണ്. മൂത്രത്തിൻ്റെ രൂക്ഷഗന്ധമാണ് അവിടെ. പവിഴമല്ലി പൂക്കുന്ന കാലത്ത് പൂക്കളുടെ മണം മൂത്രഗന്ധത്തിൽ കലർന്ന് രണ്ടുംചേർന്നൊരു മണമുയരും. പിൽക്കാലത്ത് താമസിച്ച സ്ഥലങ്ങളിലെല്ലാം പവിഴമല്ലിമരങ്ങൾ കണ്ടിട്ടുണ്ട്. മനോഹരമായ ആ പൂക്കൾ ഉതിർന്നു കിടക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ പവിഴമല്ലിപ്പൂക്കളുടെ മണത്തെക്കുറിച്ചോർക്കുമ്പോളെല്ലാം പെട്ടെന്ന് ഓർമ്മയിലെത്തുക കുട്ടിക്കാലത്തുനിന്നുള്ള ആ പഴയ ഗന്ധമാണ്. മൂത്രപ്പവിഴമല്ലിയുടെ ഗന്ധം.
ഇങ്ങനെ ഇന്ദ്രിയവേദ്യതയോടെ എഴുതുമ്പോൾ എഴുത്തിന് സൂക്ഷ്മതയും മൂർച്ചയും സ്വാഭാവികമായി വന്നുചേരും. പരത്തിപ്പറയുമായിരുന്ന പലതും ഒതുക്കിപ്പറയാൻ അപ്പോൾ കഴിയും. ജോലി കിട്ടി വിദേശത്തു പോയ ആൾ നാട്ടിൽ നിന്ന് ഒരു മരണവിവരമറിഞ്ഞ് തിരികെ വരുന്ന രംഗം ആറ്റൂർ രവിവർമ്മയുടെ മൊട്ട എന്ന കവിതയിൽ ഇങ്ങനെ വായിക്കാം:
കമ്പി കിടച്ചു
ചിതവെളിച്ചത്തിലെൻ
വീട്ടുവരമ്പ് തിരിച്ചറിഞ്ഞു
വേണ്ടപ്പെട്ടയാളുടെ മരണവിവരം കേട്ടുള്ള വരവിൻ്റെ പരിഭ്രാന്തി കവി വിശദീകരിക്കാതെ തന്നെ ആ കാഴ്ച്ചയിൽ കലർന്നിട്ടുണ്ട്. കൃഷി നടപ്പുണ്ടായിരുന്ന ഒരു കാലത്തെ സൂചിപ്പിക്കാൻ വീട്ടുവരമ്പ് ധാരാളം.നീണ്ട കാലം നാട്ടിൽനിന്നു വിട്ടുനിന്നപ്പോളുണ്ടായ അകലം വളരെ സൂക്ഷ്മമായി ആ ചിത്രത്തിൽ അടയാളപ്പെടുന്നുണ്ട്. വീട്ടിലേക്കുള്ള വഴി കാണിക്കാൻ ചിതവെളിച്ചം വേണ്ടി വന്നു. വായനക്കാരുടെ മനസ്സിൽ കിടന്നു വലുതാവുകയാണ് ആ ദൃശ്യം. മനസ്സിൽ വന്നുചേരുന്ന ഇന്ദ്രിയാനുഭവങ്ങൾക്കെല്ലാം ഇങ്ങനെ ഉള്ളിൽക്കിടന്നു വളരാനുള്ള ശേഷിയുണ്ട്.
യാത്രക്കാരൻ്റെ മുന്നിൽ വഴി രണ്ടായിപ്പിരിയുന്നു. ഏതു വഴിയേ പോകണം എന്നു തീരുമാനമെടുക്കാനാവാതെ യാത്രികൻ നിൽക്കുകയാണ്. ഒരേ സമയം രണ്ടു വഴിയേയും സഞ്ചരിക്കാൻ പറ്റുകയില്ല. ഏതെങ്കിലുമൊന്ന് തിരഞ്ഞെടുത്തേ പറ്റൂ. അവസാനം അതിലൊരു വഴിയിലൂടെ യാത്രികൻ നടക്കാൻ തുടങ്ങി.തെരഞ്ഞെടുക്കാതിരുന്ന മറ്റേ വഴിയിലൂടെയാണു പോയതെങ്കിൽ ജീവിതം മറ്റൊരു വിധത്തിലായിരുന്നേനെ. അമേരിക്കൻ കവി റോബർട്ട് ഫ്രോസ്റ്റിൻ്റെ ലോകപ്രശസ്തമായ കവിത പോകാ വഴി(റോഡ് നോട്ട് ടേക്കൺ)യെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ജീവിതത്തിൽ നമുക്കോരോരുത്തർക്കും എടുക്കേണ്ടിവരുന്ന പലതരം തെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള ആഴമേറിയ ചിന്തകളുണർത്തുന്ന കവിതയാണിത്. എന്നാൽ അത്തരം ചിന്തകളെല്ലാം വായനക്കാരായ നമ്മുടെ മനസ്സിലാണ് രൂപംകൊള്ളുന്നത്. കവി കാണിച്ചുതരുന്നത് യാത്രക്കാരൻ്റെ മുന്നിൽ രണ്ടായിപ്പിരിയുന്ന വഴികൾ മാത്രം.
മുകളിൽ കൊടുത്ത കാവ്യഭാഗങ്ങളിൽ കണ്ടതും കേട്ടതും മണത്തതും രുചിച്ചതുമായ ഇന്ദ്രിയാനുഭവങ്ങളൊന്നും വെറും വിവരണത്തിനു വേണ്ടിയുള്ള വിവരണങ്ങളല്ല എന്നതു ശ്രദ്ധിക്കണം. മറിച്ച് കവിതയുടെ ആശയങ്ങളിലേക്കോ ഭാവതലങ്ങളിലേക്കോ കടക്കാൻ സഹായിക്കുന്ന സൂചകങ്ങളായി അവ മാറുന്നു.
എന്നാൽ, വിവരണത്തിനു വേണ്ടിയുള്ള വർണ്ണനകളും ചിലപ്പോൾ ആവശ്യമായി വന്നേക്കും. കഥ പറയുന്ന തരം കവിതകളിൽ പ്രത്യേകിച്ചും. പതിവുള്ള രാമായണ വായന നിർത്തി പുസ്തകമടച്ച് കൊച്ചുസീത എഴുന്നേറ്റുപോകുന്ന ദൃശ്യം വള്ളത്തോൾ വർണ്ണിക്കുന്നതു നോക്കൂ:
പുൽപ്പായിൽ നിന്നെഴുന്നേറ്റിളം പെൺകൊടി
ശുഭ്രരാമായണ പുസ്തകത്തെ
ഇത്തിരിച്ചാഞ്ഞൊരു തണ്ടലർപോലായ
വക്ത്രത്തിൻ കീഴ് വശം കൊണ്ടമർത്തി
പൊൻമോതിരമണിക്കൈത്താർകളാൽ പിന്നിൽ
കമ്രമാം കാർകൂന്തൽ കെട്ടിക്കൊണ്ടും
പാവാടത്തുമ്പുകൾ മേല്പുറം ചുംബിച്ച
പാടല പാദതലങ്ങളാലേ
കണ്ണാടി പോലാം നിലത്തു പദേ പദേ
കാശ്മീരച്ചാറു തളിച്ചു കൊണ്ടും
അവൾ നടന്നകന്നു. വിശദാംശങ്ങളിലൂന്നിയ വാങ്മയചിത്രങ്ങളാൽ കഥയെയും കഥാപാത്രഗതികളെയും വായനക്കാരുടെയുള്ളിൽ പതിപ്പിക്കുകയാണ് ഇത്തരം വർണ്ണനകളുടെ ലക്ഷ്യം. കൺമുന്നിൽ കാണുന്ന പ്രതീതിയുണ്ടാക്കാനാണ് കവി ശ്രമിക്കുന്നത്. ആ പ്രതീതിയുണ്ടായാൽ വായനക്കാർ കഥാലോകത്ത് വേഗത്തിലെത്തിച്ചേരും.
വടക്കേ മലബാറിലെ തെയ്യക്കോലങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാവുമല്ലോ. മുച്ചിലോട്ട് ഭഗവതിയുടെ തെയ്യവും അതിന് അടിസ്ഥാനമായ കഥയും വളരെ ജനകീയമാണ്. മുച്ചിലോട്ടു ഭഗവതിയുടെ കഥ മഹാകവി കുട്ടമത്ത് ഒരു നീണ്ട കവിതയായി ആവിഷ്ക്കരിച്ചിട്ടുണ്ട്, ശ്രീ മുച്ചിലോട്ടു ഭഗവതി എന്ന പേരിൽ. മുച്ചിലോട്ടു ഭഗവതിയുടെ തെയ്യക്കോലം കൺമുന്നിൽ ഉറഞ്ഞാടുന്ന അനുഭവം ആ കവിത വായിക്കുമ്പോൾ ലഭിക്കും. തെയ്യക്കോലത്തിൻ്റെ വർണ്ണശബളതയും നാദപ്പൊലിമയും ഭാഷയിലേക്ക് കൊണ്ടുവരികയാണ് കവി. ഈ വരികൾ ഒന്നു വായിക്കാം:
ചിലിച്ചിലിയെന്നുച്ചരിച്ചു കാന്തിനീ –
രൊലിപ്പിച്ചൂ മാറിൽ ചെറുതാലിക്കൂട്ടം
ദൃഢം പരിചയും തരിവളകളും
പടോം പടോമെന്നങ്ങടിച്ചു തങ്ങളിൽ
ഝണം ഝണമെന്നങ്ങിണക്കമില്ലാതെ
പിണങ്ങിത്തങ്ങളിൽ കുലുങ്ങിക്കിങ്ങിണി
ക്ഷണം ക്ഷണം താളം മുറുകവേ കനൽ
കണം കണമായിപ്പൊടിഞ്ഞിടും വിധം
ചെലം ചെലമെന്നച്ചിലമ്പൊലിയൊടും
ഇളം കഴൽത്തളിർക്കുളിർമ്മയേൽക്കയാൽ
തളർന്നു ഘർമ്മനീരിളകിടും മുമ്പേ
കുളം കണക്കെയായനലപർവ്വതം.
തീക്കുഴി കൂട്ടിയതിനരികിൽ നിന്ന് നൃത്തമാടുകയാണ് മുച്ചിലോട്ടു ഭഗവതിത്തെയ്യം. ആ നൃത്തത്തിൻ്റെ നാദപ്പൊലിമ ഇന്ദ്രിയവേദ്യമാക്കുന്നു കവിതാഭാഗം. മുച്ചിലോട്ടമ്മയുടെ കൂടെ നിന്ന് ആ കഥ പിന്തുടരാൻ വായനക്കാരെ സജ്ജരാക്കുന്നു ഈ നേരനുഭവപ്രതീതി.
ഇങ്ങനെ, കഥ പറയുന്നതോ അല്ലാത്തതോ ആയ ഏതൊരു കവിതയിലും ഇന്ദ്രിയാനുഭവം പകരുക എന്നത് പ്രധാനമാകുന്നു. മലയാളത്തിലെ മാത്രമല്ല ഏതു ഭാഷയിലെയും പഴയതും പുതിയതുമായ ഏതെഴുത്തും നമ്മെ സ്പർശിക്കുന്നത് ഇന്ദ്രിയാനുഭവങ്ങളുടെ സമൃദ്ധിയിലൂടെയാണ്. ഇംഗ്ലീഷിലെയും തമിഴിലെയും ഓരോ കവിതയെക്കുറിച്ച് ഇപ്പോൾ പറഞ്ഞുവല്ലോ.
ജപ്പാനിലെ തനതായ ഒരു കവിതാരൂപമാണ് ഹൈക്കു. നൂറ്റാണ്ടുകൾ പഴക്കമുള്ള കവിതാരൂപം. പ്രകൃതിയിലേക്കും ആത്മീയതയിലേക്കും ക്ഷണിക്കുന്ന ഒരു ചൂണ്ടുവിരൽ പോലെയാണ് ഓരോ ഹൈക്കുവും.തീർത്തും സാധാരണമാണ് ആ ക്ഷണം,വിളി. എന്നും കാണുന്ന ഒരു പ്രകൃതിദൃശ്യം മതിയാകും, ബുദ്ധൻ്റെ ബോധോദയത്തെ ഓർമ്മിപ്പിക്കുന്ന ഒരു തെളിച്ചം വായനക്കാർക്കു കിട്ടാൻ. മൂന്നു വരിയേ വേണ്ടൂ.അതാണ് ഹൈക്കു.ജപ്പാനിലെ പ്രധാനപ്പെട്ട ഹൈക്കു കവികളിൽ ഒരാളാണ് കൊബായാഷി ഇസ്സ(1763 – 1828) ഇസ്സയുടെ ഒരു ഹൈക്കു കവിത ശ്രദ്ധിക്കൂ:
മരപ്പടിവാതിലിൽ
പൂട്ടിൻ്റെ സ്ഥാനത്ത്
ഒരൊച്ച്
ഒരു കാഴ്ച്ചയാണ് കവി കോറിയിടുന്നത്. എന്നാൽ അതു മനസ്സിൽ വരച്ചിടുന്ന വഴി അനന്തം. ഇസ്സയുടെ തന്നെ മറ്റൊരു ഹൈക്കു വായിക്കാം:
എന്തൊരു ഭാഗ്യം,
ഇക്കൊല്ലത്തെ കൊതുകുകൂടി
കടിച്ചു!
കാഴ്ച്ചക്കല്ല സ്പർശത്തിനാണ് ഇവിടെ മുൻതൂക്കം. കൊതുകുകടി അത്ര സുഖകരമായ ഒന്നല്ല. എന്നാൽ ജീവിച്ചിരിക്കുന്നു എന്ന വലിയ വിസ്മയം കാണിച്ചുതരാൻ ഒരു കൊതുകുകടി മതിയാകും എന്ന ബോധോദയം നൽകാൻ ഈ കുഞ്ഞുകവിതക്കു കഴിയുന്നു.
മലയാളികളുടെ കൂടി പാരമ്പര്യസ്വത്താണ് സംഘകാല കവിതകൾ. കേരളം അന്ന് പഴയ തമിഴകത്തിൻ്റെ ഭാഗമായിരുന്നു. സംഘകാലത്തെ പല കവികളും കേരളത്തിൽ ജീവിച്ചവരാണ്. പഴന്തമിഴ് ഭാഷയിൽ എഴുതിയതാണ് ആ കവിതകൾ. ഏതാണ്ട് രണ്ടായിരം കൊല്ലം മുമ്പ് എഴുതിയ ആ കവിതകളിൽ കാവ്യകലയുടെ ഈ അടിസ്ഥാനസ്വഭാവം പ്രകടമായി കാണാം. താഴെ കൊടുക്കുന്ന പ്രേമകവിതയിൽ കാഴ്ച്ചയും സ്പർശവും പ്രയോജനപ്പെടുത്തിയത് ശ്രദ്ധിക്കൂ:
ഊരിലുള്ളോർ കുടിത്തണ്ണീർ
കോരിടുന്ന കുളമാർന്ന
പായൽപോലുള്ളതാണെൻ്റെ
വിളർപ്പ്, എൻ കാമുകനെത്തി
തൊടും തോറും തൊടും തോറും
അതു നീങ്ങിയകലുന്നു
വിടും തോറും വിടും തോറും
അതു വീണ്ടും പരക്കുന്നു.
(പരിഭാഷ: എൻ വി കൃഷ്ണവാരിയർ)
കാമുകൻ്റെ സാന്നിദ്ധ്യവും സ്പർശവും തൻ്റെ വിളർപ്പു നീക്കുന്നതിനെക്കുറിച്ചാണ് ഈ കവിതയിലെ സംഘകാല കാമുകി പറയുന്നത്. കുളത്തിലെ പായൽ തൊടുമ്പോൾ നീങ്ങുമല്ലോ. അതുപോലെ അവൻ്റെ സ്പർശം തൻ്റെ വിളർപ്പു നീക്കുന്നു.
18 -ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് കാല്പനിക കവിതയിൽ നിന്ന് രണ്ടു പ്രസിദ്ധ മാതൃകകൾ കൂടി ചൂണ്ടിക്കാണിക്കാം. നക്ഷത്രഖചിതമായ രാത്രിമാനത്ത് കത്തിജ്വലിക്കുന്ന ഒരു മഹാവ്യാഘ്രത്തിൻ്റെ ഘോരരൂപം ദർശിക്കുകയാണ് ടൈഗർ എന്ന കവിതയിൽ വില്യം ബ്ലേയ്ക്ക്. ആ ഘോരരൂപത്തെ വാക്കുകളിലേക്കു പകർത്തുന്നു. വായിക്കുന്നവരും ആ കാഴ്ച്ച കാണുകയും ഉദാത്തമായ ഒരു ശക്തിയെക്കുറിച്ചുള്ള ബോധത്താൽ ആവേശിക്കപ്പെടുകയും ചെയ്യുന്നു. തടാകക്കരയിൽ മരങ്ങൾക്കടിയിൽ വീശുന്ന ഇളംകാറ്റിൽ ആടിയുലയുന്ന പതിനായിരക്കണക്കിന് സ്വർണ്ണ ഡാഫോഡിൽ പൂക്കളുടെ വിസ്മയക്കാഴ്ച്ചയാണ് വില്യം വേഡ്സ്വർത്ത് ഡാഫോഡിൽ പൂക്കൾ എന്ന കവിതയിൽ വർണ്ണിക്കുന്നത്. കാഴ്ച്ച അവിടെ അവസാനിക്കുന്നു. എന്നാൽ അതു പകർന്ന നിർവൃതിക്ക് അവസാനമില്ല. കവിത വായിച്ചു തീർന്നാൽ മനസ്സിൽ അവശേഷിക്കുന്നത് കാഴ്ച്ചയല്ല, അതു പകർന്ന നിർവൃതിയാണ്.
2021-ൽ അന്തരിച്ച പോളിഷ് കവി ആദം സഗായേവ്സ്കിയുടെ ഒരു കുഞ്ഞുകവിത കൂടി വായിക്കാം. പിൻകണ്ണാടിയിൽ എന്ന ഈ കവിതയിൽ ചെറിയൊരു കാഴ്ച്ച തരുന്ന വലിയൊരു ദർശനം അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്:
വണ്ടിയുടെ പിൻകണ്ണാടിയിൽ
പെട്ടെന്നു ഞാൻ കണ്ടു
ബുവാവയിസ് കത്തീഡ്രലിൻ്റെ
കൂറ്റനെടുപ്പ്
മഹത്തായ വസ്തുക്കൾ ചെറുതിൽ തങ്ങുന്നു
നിമിഷനേരത്തേക്ക്
ഒരു വാഹനത്തിൻ്റെ റിയർ വ്യൂ മിററിൽ നിമിഷനേരത്തേക്കു മിന്നിമാഞ്ഞ ഒരു കാഴ്ച്ച എങ്ങനെ വായനക്കാരുടെ മനസ്സിൽ പൊരുളായി മാറുന്നു എന്ന് ഈ കവിത കാണിച്ചുതരുന്നു.
മലയാളത്തിലും ലോകസാഹിത്യത്തിലും പല കാലത്തുണ്ടായ കുറച്ചു കവിതകളിലൂടെ നാമിപ്പോൾ കടന്നുപോയി. കൺമുന്നിൽ കാണുംപോലെ, കേൾക്കും പോലെ, മണത്തറിയുംപോലെ, തൊട്ടനുഭവിക്കും പോലെ ആവിഷ്ക്കരിക്കുമ്പോൾ കവിക്കു പറയാനുള്ളത് വായനക്കാർക്കുള്ളിലേക്കു കടക്കുന്നു. അഞ്ചിന്ദ്രിയങ്ങളിലൂടെ ലോകം നമ്മളിലേക്കു വരുന്നതുപോലെത്തന്നെ.
ഇനി കുറച്ചു സമയം കണ്ണടച്ചിരിക്കൂ. നിങ്ങൾ കണ്ട ഒരു കാഴ്ച്ച, കേട്ട ഒരു ശബ്ദം, അനുഭവിച്ച ഒരു സ്പർശം, രുചി എന്നിവയിൽ ഏതെങ്കിലും ഒന്നിനെക്കുറിച്ച് എഴുതൂ. ചിലപ്പോൾ ഒന്നിനെക്കുറിച്ചെഴുതുമ്പോൾ മറ്റിന്ദ്രിയാനുഭവങ്ങളും അതിൽ കലർന്നെന്നും വരും. ആ അനുഭവം അല്ലെങ്കിൽ അനുഭവങ്ങൾ പൂർണ്ണമായും ഉൾക്കൊള്ളാവുന്ന ഭാഷയിൽ മനസ്സിൽ തോന്നിയതു പോലെ എഴുതൂ. കവിത എഴുതുകയാണ് എന്നു വിചാരിക്കാതെ, മനസ്സിൽ പതിഞ്ഞത് പൂർണ്ണമായി ആവിഷ്കരിക്കണം എന്ന ഒറ്റ ലക്ഷ്യത്തോടെ എഴുതൂ.ആ ഇന്ദ്രിയാനുഭവങ്ങളിൽ നിന്ന് ആശയങ്ങൾ, വികാരങ്ങൾ, ജീവിതചിത്രങ്ങൾ തുടങ്ങി എന്തെങ്കിലും നിങ്ങളുടെയുള്ളിൽ പടർന്നു വളരുന്നുണ്ടോ? എഴുതിയത് നിങ്ങളെ തൃപ്തിപ്പെടുത്തുന്നുണ്ടോ?
അപരിചിതവൽക്കരണം
കാട്ടുപൂക്കൾ വിരിഞ്ഞ കാട്ടുപാതയിലൂടെ സ്വതന്ത്രനായി നടന്നു നീങ്ങുന്ന ഒരു കൊമ്പനാനയെ നിങ്ങൾ നേരിട്ടു കണ്ടിട്ടുണ്ടോ? കാട്ടിലൂടെ ഒറ്റക്കു നടക്കുന്ന ആനയെ ദൂരത്തു നിന്ന് ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ അതിൻ്റെ കാൽച്ചുവട്ടിൽ കാട്ടുപൂക്കൾ വിരിഞ്ഞു നിൽക്കുന്നത് കണ്ടിട്ടില്ല. എങ്കിലും നമുക്കതു സങ്കല്പിക്കാൻ കഴിയും. വൈലോപ്പിള്ളി സഹ്യൻ്റെ മകനിൽ ആ നടത്തം ഇങ്ങനെയാണ് വിവരിക്കുന്നത്:
നീളവേ നടന്നാനാ നിസ്പൃഹൻ, വസന്തത്തിൻ
കാലടിമണം കോലും കാട്ടുപാതയിലൂടെ
മറ്റൊന്നിലും താല്പര്യമില്ലാതെ തന്നിൽ തന്നെ മുഴുകി അങ്ങനെ നീങ്ങുകയാണാ നിസ്പൃഹൻ. നിസ്പൃഹൻ എന്ന വാക്കിന് ഒന്നിലും ഇച്ഛയില്ലാത്തവൻ എന്നാണ് അർത്ഥം. അവൻ നടക്കുന്ന കാട്ടുവഴിയോ? വസന്തത്തിൻ്റെ കാലടിമണമുള്ള കാട്ടുപാതയാണത്. വസന്തത്തിൻ്റെ കാലടിമണമോ? അതെന്താവും? വസന്തത്തിൽ എമ്പാടും പൂക്കൾ വിരിയും.വൻമരങ്ങളിൽ തൊട്ട് കുഞ്ഞുചെടികളിൽ വരെ.എങ്ങും പൂമണം പരക്കും. നിലംപറ്റിക്കിടക്കുന്ന പൂക്കളുടെ മണമാവാം വസന്തത്തിൻ്റെ കാലടിമണം. വസന്തത്തെ ഇവിടെ തലയും ഉടലും കാലടിയുമെല്ലാമുള്ള വ്യക്തിയായി സങ്കല്പിക്കുകയാണ്. വസന്തത്തിൻ കാലടിമണം തങ്ങുന്ന കാട്ടുപാത എന്ന പ്രയോഗം ഇതെല്ലാം ഓർമ്മിപ്പിച്ച് ഒടുവിൽ കാട്ടുപാതവക്കിലെ കുഞ്ഞുചെടികളിൽ വിരിഞ്ഞ പൂക്കളുടെ മണത്തിൽ നമ്മെ എത്തിക്കുന്നു. കാട്ടുപൂക്കൾ മണക്കുന്ന കാട്ടുവഴി. അതിലേ നീങ്ങുന്ന കൊമ്പൻ.
കാട്ടുപൂക്കൾ മണക്കുന്ന വഴി നമുക്കു പരിചയമുണ്ടാവാം. ഇല്ലെങ്കിൽ സങ്കല്പിക്കാനെങ്കിലും പറ്റും. എന്നാൽ വസന്തത്തിൻ്റെ കാലടിമണമുള്ള കാട്ടുവഴിയോ? അത് അപരിചിതമാണ്.സങ്കല്പിക്കാൻ പോലും പ്രയാസമുള്ളത്. കാട്ടുപൂക്കളുടെ മണമുള്ള വഴിയാകട്ടെ പരിചിതം.വസന്തത്തിൻ്റെ കാലടിമണം അതിനെ അപരിചിതമാക്കുന്നു. പരിചിതമായതിനെ അപരിചിതമാക്കി അവതരിപ്പിക്കുമ്പോൾ വായനക്കാർക്ക് കൗതുകം തോന്നുന്നു.ശ്രദ്ധിക്കാൻ തോന്നുന്നു.
പൊക്കിളിലൊരു കിളി
കവിളിലാകെ ഒരിളി
കുളിരു കൊണ്ടൊരു കുളി
ഈ കവിത നോക്കൂ.എന്തിനെക്കുറിച്ചാണ് കവി എഴുതുന്നത്?പരിചയം തോന്നുന്നുണ്ടോ? ആദ്യത്തെ വരി തന്നെ സ്വാഭാവികമായി സംഭവിക്കാവുന്ന ഒന്നാണോ? സാധ്യതയില്ല.പൊക്കിളിൽ ഒരു കിളി സ്വാഭാവികമായി വന്നിരിക്കാനിടയില്ല.അപരിചിതമാണ് ആ ചിത്രം. ഈ കവിതയുടെ ശീർഷകം എന്താണെന്നോ? ഇക്കിളി. ഇനി ഒന്നുകൂടി കവിത വായിച്ചു നോക്കൂ. ഇക്കിളി എന്താണെന്നു നമുക്കെല്ലാവർക്കും അറിയാം. ഇക്കിളിപ്പെടാത്ത, ഇക്കിളി എന്തെന്നറിയാത്ത, ആരെങ്കിലുമുണ്ടാവാൻ വഴിയില്ല. പക്ഷേ അതെന്താണെന്നു വിവരിക്കാൻ പറഞ്ഞാൽ പ്രയാസമാകും. എല്ലാവർക്കും പരിചിതമായ, എന്നാൽ പറഞ്ഞു ഫലിപ്പിക്കാൻ പ്രയാസമുള്ള ഒരു കാര്യം പറയാൻ ശ്രമിക്കുകയാണ് കവി. പരിചിതമായതിനെ ചെറുതായൊന്ന് അപരിചിതമാക്കുക എന്നതാണ് അതിനു കവി സ്വീകരിക്കുന്ന വഴി. പൊക്കിളിലൊരു കിളി എന്ന ആദ്യവരിയിൽ ആ അപരിചിതമാക്കലുണ്ട്. നമ്മുടെ ആധുനിക കവികളിൽ ഒരാളായ ടി.ആർ. ശ്രീനിവാസ് എഴുതിയതാണ് ഈ കവിത.
പരിചിതമായ ലോകത്താണ് നമ്മളിൽ മിക്കവരുടേയും ജീവിതം. എന്നും ഒരേ ആളുകളെത്തന്നെ കാണുന്നു. ഒരേ തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്നു. ഒരേ തീവണ്ടിയിൽ പോകുന്നു. ഒരേ ജോലി ചെയ്യുന്നു. ഒരു വ്യത്യാസവുമില്ല.ഇതുണ്ടാക്കുന്ന വിരസത മിക്കവർക്കുമുണ്ട്. ഇതിനിടയിലിരുന്നാണ് കവി എഴുതുന്നത്. പരിചിതമായതിനെ സ്വല്പം ഒന്നപരിചിതമാക്കാൻ സ്വാഭാവികമായും കക്ഷിക്കൊരിഷ്ടമുണ്ടാവും. ചെറിയാൻ കെ. ചെറിയാൻ്റെ ഒരു കവിതയിലെ “എന്തൊരു ബോറാണെന്നോ ജീവിതം” എന്ന വരി ഒരു വെറും പ്രസ്താവന മാത്രമാണ്. ഈ ബോറടിയിൽ നിന്നു രക്ഷപ്പെടാൻ, പുതുമ കൈ വരാൻ കാര്യങ്ങളെ വ്യത്യസ്തമായി കാണുകയല്ലാതെ മറ്റു വഴിയില്ല. ഈ വ്യത്യസ്തമായ കാണലിൻ്റെ ഒരു വഴിയാണ് കവിതയിലെ അപരിചിതവൽക്കരണം.
കൊടുംചൂടുള്ള വേനൽക്കാല മധ്യാഹ്നങ്ങളിൽ മയക്കം വരിക സ്വാഭാവികം. അന്നേരം കോട്ടുവാ വരും. ഈ അനുഭവം നമുക്കു പരിചിതമാണ്. ആ വേനൽ നട്ടുച്ചകൾ വിരസവുമാണ്. എന്നാൽ പി.കുഞ്ഞിരാമൻ നായർ ഒരു കവിതയിൽ “കോട്ടുവായക്കതകിന്മേൽ കൊടുംവേനലെട്ടുകാലി കുടിപാർക്കുന്നു” എന്നെഴുതിയതു വായിക്കുമ്പോൾ നിത്യജീവിതത്തിലെ ഈ അനുഭവം അപരിചിതഭംഗിയുള്ളതായി മാറുന്നു. അതിനൊരു പുതുമ കൈവരുന്നു. ഇങ്ങനെ കവിത നമ്മുടെ ആവർത്തനവിരസമായ നിത്യജീവിതത്തെ പുതുക്കുന്നു.
കൊയ്ത്തു കഴിഞ്ഞ പാടത്ത് മേയുന്ന പശുക്കൾ ഒരു സാധാ രണ ഗ്രാമീണദൃശ്യമാണ്. പി. കുഞ്ഞിരാമൻ നായരുടെ മറ്റൊരു കവിതയിൽ ഇങ്ങനെയൊരു വരി വായിക്കാം:
കൊയ്ത്തുകാലക്കറവ കഴിയവേ
വിട്ട പൂവാലിപ്പയ്യായ പാടവും
ചിരപരിചിതമായ ആ കാഴ്ച്ചയെ കവി ഇവിടെ അപരിചിതഭംഗിയുള്ളതാക്കുന്നത് എങ്ങനെ എന്നു നോക്കൂ. കൊയ്ത്തുകാലമാകുന്ന കറവ കഴിഞ്ഞ് മേയാൻ വിട്ട പശുവാണ് ഇവിടെ പാടം. വയലിനെ തന്നെ കവി പശുവാക്കി മാറ്റുന്നു. എന്നും കാണുന്ന കാഴ്ച്ചയെ ഒന്നു തിരിച്ചിടുന്നു.
ആനയെക്കുറിച്ച് മലയാളത്തിലുണ്ടായ ഏറ്റവും പ്രശസ്തമായ ഒരു കവിതയിൽ നിന്നാണല്ലോ ഈ അദ്ധ്യായം തുടങ്ങിയത്. അതിനു പൂരകമായി ലോകത്തിൻ്റെ മറ്റൊരറ്റത്തു നിന്നുള്ള ഒരു നാലുവരി ആനക്കവിത ഉദ്ധരിക്കാൻ തോന്നുന്നു. ഫ്രഞ്ച് കവി അപ്പോളിനെയർ (1880 – 1918) എഴുതിയതാണ് ഈ ആനക്കവിത :
കൊമ്പുണ്ടാന,ക്കതുപോലൊരു നിധി –
യുണ്ടെനിക്കും വായിൽ
ഇതാണ് ആദ്യത്തെ ഈരടി. ആനക്കൊമ്പ് വിലപിടിച്ച ഒരു നിധി തന്നെയാണ്. ആനയുടെ വായിലാണ് അതിരിക്കുന്നത്. ഇത്രയും നമുക്കു പരിചിതമാണ്. എന്നാൽ അതുപോലൊരു നിധി എൻ്റെ വായിലുമുണ്ട് എന്നു വായിക്കുമ്പോൾ ആ പരിചിതത്വം അപരിചിതത്വത്തിന് വഴിമാറുന്നു. കൗതുകമേറുന്നു. ഏതാണാ നിധി?
കൂറ്റൻ കൊമ്പുകൾ പോലെയമൂല്യം
വാക്കുകളുണ്ടെൻ വായിൽ
ഒന്നാലോചിച്ചാൽ ശരിയാണ്. കവിയുടെ വാക്കുകളും അമൂല്യം തന്നെ. പക്ഷേ, ആനക്കൊമ്പുകൾ പോലുള്ള വാക്കുകളുമായി നിൽക്കുന്ന കവിയുടെ ചിത്രം അതിൻ്റെ അപരിചിത വൈചിത്ര്യം കൊണ്ട് അമ്പരപ്പിക്കുന്നു. വായിൽ ആനക്കൊമ്പുപോലുള്ള വാക്കുമായി നിൽക്കുന്ന കവിയെക്കുറിച്ച് ആലോചിക്കുമ്പോൾ ചിരിയും വരുന്നു.
സ്പാനിഷ് കവി ലോർക്ക ഒരു കവിതയിൽ പല്ലിയെ ഒരു തുള്ളി മുതല എന്നു വിശേഷിപ്പിക്കുന്നുണ്ട്. പല്ലിയും മുതലയും നമുക്കു പരിചിതരാണ്. എന്നാൽ പല്ലിയെ ഒരു തുള്ളി മുതല എന്നു വിളിക്കുമ്പോൾ അത് അപരിചിതമായിത്തോന്നുന്നു. പല്ലിയേക്കാൾ എത്രയോ വലുതാണ് മുതല. തുള്ളി എന്ന വാക്കിൽനിന്ന് എത്രയോ അകലെയാണ് മുതല എന്ന വാക്ക്. പരസ്പരം ചേരാത്തവ എന്നു തോന്നുന്നവയെ ചേർക്കുമ്പോഴാണ് അപരിചിതത്വവും വൈചിത്ര്യവും ഉണ്ടാവുന്നത്. അമ്പലപ്പറമ്പും അമ്പലക്കുളവും നമ്മൾ ഉറക്കമുണർന്നു വിടുന്ന കോട്ടവായും തമ്മിൽ എന്തുബന്ധം? അവയെ ചേർത്തുവക്കുമ്പോഴാണ് “അമ്പലപ്പറമ്പുണർന്നിട്ട കോട്ടുവാ പോലെ അമ്പലക്കുളം കാണാം” എന്ന അപരിചിത ദൃശ്യത്തിലെത്തുന്നത്. മഹാകവി പി. യുടെ വരിയാണ് ഇതും. എന്നും കാണുന്ന അമ്പലക്കുളം ഇതോടെ അപരിചിതമായ അനുഭവമാകുന്നു.
തായ് വാനിൽ നിന്നുള്ള ചൈനീസ് എഴുത്തുകാരി ക്സിയാ യു (ജനനം:1956) വിൻ്റെ രണ്ടു ചെറിയ കവിതകൾ വായിച്ചു നോക്കാം. ആദ്യത്തെ കവിതയുടെ പേര് വായന എന്നാണ്. രണ്ടു വരിയേയുള്ളൂ.
നാവിന്മേൽ
ഒരു ഞെണ്ട്
വായന എന്ന പ്രക്രിയ മുമ്പാരും പറയുകയോ ആലോചിക്കുകയോ ചെയ്യാത്ത അപരിചിതമായ ഒന്നായി മാറുന്നു ഇവിടെ. വായനക്കാവശ്യമായ യത്നത്തെക്കുറിച്ച് ഇതു വായിച്ചപ്പോൾ ഞാനോർത്തു. വായനയെക്കുറിച്ച് നാം പ്രസംഗിക്കാറുള്ള കാല്പനികമാഹാത്മ്യങ്ങൾ ഈ അപരിചിതവൽക്കരണത്തിൽ പൊളിഞ്ഞു പോകുന്നു. മധുരപ്രതികാരം എന്ന രണ്ടാം കവിത ഇതാ:
ഞാൻ നിൻ്റെ നിഴലെടുത്ത് ഉപ്പു ചേർത്ത്
അച്ചാറാക്കി
കാറ്റത്തിട്ടുണക്കും
വയസ്സാങ്കാലത്ത്
വീഞ്ഞും കൂട്ടിയടിക്കും.
നീയുമായുള്ള ബന്ധത്തിലുണ്ടായ മാറ്റത്തെക്കുറിച്ചാണ് കവി എഴുതുന്നത്. ആ മാറ്റം ഉണ്ടാക്കിയ വൈകാരികതയാണ് ആവിഷ്ക്കരിക്കേണ്ടത്. പക്ഷേ അത് ആവിഷ്ക്കരിച്ച രീതി നോക്കൂ. നിൻ്റെ നിഴലെടുത്ത് ഉപ്പിലിട്ടുണക്കിവെച്ച് വയസ്സാങ്കാലത്ത് ഞാനതു തിന്നും. നീയെന്നോടു കാണിച്ച ചതിവ് ഞാനെന്നും ഓർക്കും എന്നു നേരേ പറഞ്ഞാൽ അത് അതിപരിചിതമായ ഒരു പ്രസ്താവനയാകും. അതേ കാര്യം അപരിചിതമാക്കി അവതരിപ്പിക്കുകയാണ് കവി. നിഴൽ എടുത്ത് ഉണക്കി അച്ചാറാക്കുക എന്ന സങ്കല്പത്തിൻ്റെ വൈചിത്ര്യത്തിൽ നിന്നാണ് ആ അപരിചിതഭംഗി ആരംഭിക്കുന്നത്.
കുളത്തിൽ വിരിഞ്ഞ ആമ്പൽപ്പൂവുകൾ കരയിൽ നിന്ന് കുട്ടി ചൂണ്ടിക്കാണിച്ചു എന്നത് ഇടശ്ശേരി പുതുമയോടെ പറയുന്നു:
ബാലാംശുമാലിതൻ ആദ്യരശ്മി
പോലെഴും കൊച്ചുവിരലാൽ ചൂണ്ടി
രാവിലെ രാവിലെയിക്കുളത്തെ
പൂവിടുവിക്കുമാറില്ലയോ നീ?
(വിവാഹസമ്മാനം)
ഉദിച്ചുയരുന്ന ബാലസൂര്യൻ്റെ ആദ്യരശ്മി പോലെ തുടുത്ത കുഞ്ഞുവിരലുകൊണ്ടു ചൂണ്ടി കുട്ടി കുളത്തെ പൂവിടുവിച്ചു എന്നാണ് ഇടശ്ശേരി എഴുതുന്നത്. ചൂണ്ടുന്നേടത്തെല്ലാം പൂ. കുട്ടി പൂ ചൂണ്ടിക്കാട്ടുന്നത് പരിചിതമായ കാഴ്ച്ച. അതിൽ പുതുമയില്ല. വിരലാൽ ചൂണ്ടി കുളത്തെ പൂവിടുവിക്കുന്നതാകട്ടെ അപരിചിതമായ കാഴ്ച്ച, കാണാക്കാഴ്ച്ച.
പുതുമ വരുത്താനായി അനുഭവത്തെ സ്വല്പമൊന്ന് അപരിചിതമാക്കുന്ന തന്ത്രമാണ് ഇവിടെയെല്ലാം കവികൾ പ്രയോഗിക്കുന്നത്. എന്നാൽ ഇങ്ങനെയല്ലാതെ ചിലപ്പോൾ പല കാരണങ്ങൾകൊണ്ട് എഴുത്തുകാരൻ്റെ ലോകം വായനക്കാർക്ക് അപരിചിതമായി അനുഭവപ്പെടാം. എഴുത്തിൻ്റെ ന്യൂനത കാരണം അങ്ങനെ സംഭവിക്കാം. അല്ലാതെയും വരാം. അല്ലാതെ വരുന്നതിന് ഒരുദാഹരണം നോക്കൂ. പുസ്തകം എന്നാണ് തലക്കെട്ട്.
വിരൽത്തുമ്പിലൂടരിച്ചു കയറുന്ന
വെളിച്ചം
ഏതാണ് ഈ പുസ്തകം, നമുക്കു പരിചയമില്ലല്ലോ. പക്ഷേ ഒന്നാലോചിച്ചാൽ അങ്ങനെയും ഒരു പുസ്തകമുണ്ടെന്നു വെളിവാകും. വിരലുകൊണ്ടു തൊട്ടു വായിക്കുന്ന പുസ്തകം. ബ്രയ്ലി ലിപിയിൽ എഴുതിയത്. അതു പരിചയമില്ലാത്ത ഒരാൾക്ക് ഈ കവിത അപരിചിതമായി തോന്നാം. പുറംകാഴ്ച്ചാപരിമിതിയുള്ള കവി സി.പഴനിയപ്പൻ എഴുതിയതാണ് ഈ ചെറുകവിത.
പുറംനാടുകളിൽ അലയുമ്പോൾ കിട്ടുന്ന അനുഭവങ്ങൾ പലതും നാട്ടിൽ വന്ന് പറയുമ്പോൾ വേണ്ടത്ര ഏശാതെ പോകുന്നതു ശ്രദ്ധിച്ചിട്ടുണ്ടോ? അപരിചിതമായ ആ അന്തരീക്ഷം മുഴുവനായും നമുക്കു മനസ്സിലാവണമെന്നില്ല. ഇത്തരം അനുഭവങ്ങൾ മുൻനിർത്തി എഴുതേണ്ടിവരുമ്പോൾ അപരിചിതമായതിനെ പരിചിതമാക്കി അവതരിപ്പിക്കേണ്ടിയും വരും. കൊറിയയിലും ജർമ്മനിയിലും ഫ്രാൻസിലും ചെലവഴിച്ച കാലത്തെ അനുഭവങ്ങളെ മുൻനിർത്തി കെ.എം.പ്രമോദ് എന്ന കവി കുറച്ചു കവിതകൾ എഴുതിയിട്ടുണ്ട്. പുലർച്ചെ കൈവണ്ടിയുമായി വീടുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനിറങ്ങുന്ന കൊറിയൻ വൃദ്ധകളുടെ ദൃശ്യം നമുക്ക് അപരിചിതമാണ്. കൊറിയയിലെ അമ്മമ്മേ എന്ന കവിതയിൽ കവി ആ അപരിചിതരംഗത്തെ പരിചിതമാക്കുന്നത് നാട്ടിലെ അമ്മമ്മയുമായി താരതമ്യം ചെയ്താണ്.
കാക്കയില്ലാത്ത നാട്ടിലെ
ഓരോ ഫ്ലാറ്റിൻ്റെ മുന്നിൽനിന്നും
എച്ചിലുകൾ എടുത്തുകൊണ്ടുപോകാൻ
എല്ലാ ദിവസവും പുലർച്ചെ
ഉന്തുവണ്ടിയുന്തി വരുന്ന
തൊണ്ണൂറു കഴിഞ്ഞ അമ്മമ്മേ…
എന്നു തുടങ്ങുന്ന കവിത നാട്ടിലെ വീട്ടുകോലായയിലിരിക്കുന്ന സ്വന്തം അമ്മമ്മയുടെ ചിത്രം ചേർത്തുവെച്ചുകൊണ്ടാണ് മുന്നോട്ടു നീങ്ങുന്നത്. ഫ്രാസിലെ സ്ട്രാസ്ബർഗ് പട്ടണത്തിൽ ട്രാമിൽ പൊയ്ക്കൊണ്ടിരിക്കുമ്പോൾ കണ്ട ഒരു ചുംബനരംഗം വിവരിക്കുന്ന കവിതയാണ് ‘ട്രാമിൽ’. ഫ്രഞ്ചു കിസ്സിനെ പരിചിതമാക്കുന്നത് ഇങ്ങനെയാണ്:
രാവിലെ തണുപ്പത്ത് സ്ടാസ്ബർഗിൽ ഞാൻ
പോവുകയാണ് യൂണിവേഴ്സിറ്റിയിൽ
ട്രാമിൽ ഞാനിരിക്കുന്ന മുറിയിലായ്
ഉമ്മവെക്കുന്നുറക്കെക്കമിതാക്കൾ
എത്രയുച്ചത്തിലാണൊച്ചയെങ്കിലും
വേറെയാരുമതു ശ്രദ്ധിക്കുന്നില്ല.
ശ്രദ്ധിക്കുന്ന, മറുനാട്ടുകാരനായ താനോ ഫ്രഞ്ചു കിസ്സിൻ്റെ ഈ ശബ്ദം മുമ്പെവിടെയാണു കേട്ടത് എന്ന് ഓർമ്മയിൽ പരതുകയാണ്. ഓർമ്മ എന്നാൽ നാട്.
കണ്ണേട്ടൻ പല്ലിലെല്ലു കുടുങ്ങുമ്പോൾ
കണ്ണുരുട്ടിക്കൊണ്ടുണ്ടാക്കുമീയൊച്ച
അണ്ണാരക്കണ്ണൻ, പക്ഷികൾ (മിണ്ടേണ്ട,
കിന്നാരത്തുമ്പി,സംഗീതാ ടാക്കീസ്)
കണ്ടെത്തലിത്രയാകുമ്പോൾ ട്രാമെന്നെ
കൊണ്ടെത്തിക്കുന്നിറങ്ങേണ്ട സ്റ്റേഷനിൽ
നമ്മുടെ പതിവനുഭവങ്ങളെ അപരിചിതമാക്കുമ്പോഴുണ്ടാകുന്ന വ്യത്യാസവും അപരിചിതാനുഭവങ്ങളെ പരിചിതമാക്കുന്ന രീതിയും പ്രകടമാവുന്ന കുറച്ചു കവിതകളിലൂടെയാണ് നാമിപ്പോൾ കടന്നുപോയത്. നിങ്ങൾ എന്നും കാണുകയും ഇടപഴകുകയും ചെയ്യുന്ന ഒരു മനുഷ്യനുണ്ട് എന്നു വിചാരിക്കൂ. മറ്റുള്ളവർക്ക് അയാളെ മനസ്സിലാകാൻ കഴിയുന്ന വിധത്തിൽ ഒരു കുറിപ്പ് തയ്യാറാക്കി നോക്കൂ. എല്ലാവരേയും പോലെ ഒരാൾ, ഇതിലിത്ര പറയാനെന്തിരിക്കുന്നു എന്ന് വായിക്കുന്നവർക്ക് തോന്നരുത്. എന്നും കാണുന്ന കാഴ്ച്ചയുടെ വൈരസ്യവും തോന്നരുത്. നിങ്ങൾക്കു സുപരിചിതനായ ആ മനുഷ്യനെ പുതുമയോടെ എങ്ങനെ അവതരിപ്പിക്കും?
അല്ലെങ്കിൽ എന്നും നിങ്ങൾ മുടങ്ങാതെ ചെയ്യുന്ന ഒരു കാര്യത്തെക്കുറിച്ച്, വായനക്കാരെ അതിപരിചിതത്വത്തിൻ്റെ വിരസത അനുഭവിപ്പിക്കാതെ പുതുമയോടെ എങ്ങനെ എഴുതും? ഒന്നു ശ്രമിച്ചു നോക്കൂ.
