– അജയ് പി. മങ്ങാട്ട് –
ജോലി കഴിഞ്ഞുള്ള സമയത്താണ് ഞാൻ എഴുതാറുള്ളത്. അത് വലിയൊരു പ്രശ്നമായി അനുഭവപ്പെട്ടിരുന്നു. കാരണം പത്രഭാഷ എന്നൊരു ഭാഷയുണ്ട്. അതിൽ വളച്ചുകെട്ടില്ലാതെ നേരെ കാര്യങ്ങൾ പറയണം. ആദി-അന്ത്യ പൊരുത്തം വേണം. ഒരു തുടക്കം ഉണ്ടായിരിക്കണം. അതുപോലെ ഒരു അവസാനവും വേണം. സാഹിത്യത്തിൽ പക്ഷേ ഈ പറഞ്ഞ സംഗതികൾ ഒന്നും ആവശ്യമില്ല. സാഹിത്യത്തിന് ഒരു തുടക്കമോ അവസാനമോ ഇല്ലെന്ന് കരുതി ഒരു കുഴപ്പവുമില്ല. അത് വേറൊരു നിർമ്മിതിയാണ്. ജോലിയുടെ ഭാഗമായി ഞാൻ ജേർണലിസത്തിൽ ട്രെയിൻ ചെയ്തെടുത്ത ഒരു ഭാഷയുണ്ട്. ഈ ഭാഷ സാഹിത്യം എഴുതുന്ന സമയത്ത് ഒരു തടസ്സം സൃഷ്ടിക്കുന്നു. സാഹിത്യത്തിൽ കുറച്ചുകൂടി വികാരവത്തായിട്ടുള്ള കുറച്ചുകൂടി ആഴമുള്ള കുറച്ചുകൂടി കുഴപ്പം പിടിച്ച കാര്യങ്ങളായിരിക്കും പറയുന്നത്. ഭയങ്കരമായി ലളിതവൽക്കരിക്കാൻ കഴിയില്ല. അങ്ങനെ ചെയ്യുമ്പോൾ അതിലെ സാഹിത്യം പോകും. പത്രഭാഷയുമായി താരതമ്യപ്പെടുത്തി പറയുമ്പോൾ സാഹിത്യഭാഷ എന്ന് പറയുന്നത് വേറൊരു ഭാഷയാണ്.
എന്റെ അനുഭവം പറയുകയാണെങ്കിൽ, ഏറ്റവും സുന്ദരമായി മലയാളം എഴുതുന്ന എഴുത്തുകാരൻ തകഴിയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ബഷീറിന്റെ ഭാഷ അങ്ങനെ സുന്ദരമായ ഭാഷയൊന്നുമല്ല. പക്ഷേ ബഷീറിനെ വായിക്കാനാണ് നമ്മൾക്ക് ഇഷ്ടം. അതാണ് ഞാൻ നേരത്തെ പറഞ്ഞ വ്യത്യാസം. തകഴിയുടെ ഭാഷ നല്ല ഭാഷയാണ്. അസാധ്യമായ കഥപറച്ചിൽ രീതിയാണ് തകഴിയുടേത്. തകഴിയുടെ ‘ചെമ്മീനി’ലെ ഭാഷ അതിമനോഹരമാണ്. ഞാൻ അതിൽ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്; ചെമ്മീൻ എന്ന നോവലിനെ നമ്മൾ ഒരു പ്രേമകഥയായാണ് കാണുന്നത്. സിനിമ വന്നതിന്റെ പ്രശ്നമാണത്. അതിൽ പ്രേമം ഉണ്ടെന്നുള്ളത് ശരിയാണ്. പ്രേമം വളരെ ദുരന്തത്തിൽ അവസാനിക്കുകയും ചെയ്യുന്നു. പ്രേമമാണ് അതിനകത്തുള്ള പ്രധാന വികാരം. പണവും അതിലെ മറ്റൊരു പ്രധാന വികാരമാണ്. പരസ്പരം പ്രേമിക്കുന്ന അല്ലെങ്കിൽ പരസ്പരം പ്രേമിക്കാൻ പോകുന്ന രണ്ടുപേർ തമ്മിൽ ആദ്യം സംസാരിക്കുന്നത് പണത്തെക്കുറിച്ചാണ്. വള്ളവും വലയും വാങ്ങാൻ പൈസ കടം തരുമോ എന്ന് ചോദിച്ചുകൊണ്ടാണ് തുടങ്ങുന്നത്. പക്ഷേ അത് അവരുടെ പ്രേമത്തിന്റെ കഥ കൂടിയാണ്. ആ രീതിയിൽ ആ നോവൽ വളരെ മനോഹരമായി സെറ്റ് ചെയ്തിട്ടുള്ള നോവലാണ്. ചെമ്മീൻ ഇറങ്ങിയ സമയത്ത് അതിനെതിരെ വിമർശനം വന്നിട്ടുണ്ടായിരുന്നു. തകഴി പുരോഗമന സാഹിത്യത്തിന്റെ ആളാണ്. ആ തരത്തിലുള്ള ഒരു സാഹിത്യം കേരളത്തിൽ പ്രചരിപ്പിച്ചതിൽ മുന്നിൽ നിന്ന വ്യക്തിയാണ്. ആദ്യം മുതൽ എഴുതാൻ മനസ്സിൽ ഉണ്ടായിരുന്ന ഒരു നോവലാണ് ഇതെന്ന് തകഴി തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷെ, എഴുതാൻ മടിയായിരുന്നു. ഇതെങ്ങനെ വായനക്കാർ സ്വീകരിക്കും എന്ന് അദ്ദേഹം ചിന്തിച്ചു. ഒരുപാട് വായനക്കാരുള്ള എഴുത്തുകാരനാണ് തകഴി. സാമൂഹ്യപ്രതിബദ്ധതയുള്ള സാഹിത്യം എഴുതുന്നയാളാണ്. അങ്ങനെയുള്ള ഒരാൾ ഇങ്ങനെയൊരു പ്രേമകഥ എഴുതുന്നത് അന്നത്തെ സാഹചര്യത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകും. ഡി.സി. കിഴക്കേമുറിയാണ് തകഴിയെ കൊണ്ട് നിർബന്ധിച്ച് ഇത് എഴുതിപ്പിക്കുന്നത്. തകഴിയുടെ നോവലിൽ തകഴി ആകെ മുഖവുര എഴുതിയിട്ടുള്ളത് ചെമ്മീനിലാണ്. എന്റെ ചെമ്മീൻ എന്നാണ് തകഴിയുടെ മുഖവുരയുടെ പേര്. തകഴിയുടെ പുസ്തകങ്ങളിലെ കഥ പറച്ചിലിന്റെ രസം കാരണം പുസ്തകത്തിന്റെ വലുപ്പം ഒരു പ്രശ്നമായി തോന്നില്ല. തകഴിയുടെ ‘കയർ’ ഉം ഇത്തരത്തിലുള്ള നോവലാണ്. ‘കയറി’ന്റെ ഓഡിയോ ബുക്കും അതുപോലെതന്നെ ഹിറ്റായി. ഓഡിയോ ബുക്ക് കേട്ടവരെല്ലാം പുസ്തകത്തിന്റെ പ്രിന്റ് ആവശ്യപ്പെട്ടു. അങ്ങനെ അത് റീപ്രിന്റ് ചെയ്തു. വായിക്കാനുള്ള താല്പര്യം ഈ ഓഡിയോ ബുക്സ് ഉണ്ടാക്കി. പക്ഷേ ബഷീറിനെ നമ്മൾ വായിക്കുന്നത് അങ്ങനെയല്ല. അന്നത്തെ ഒരു രീതിവച്ച് കഥയെഴുതുന്നയാൾക്ക് കഥയിൽ ഒരു സ്ഥാനവുമില്ല. ചെമ്മീൻ, ഏണിപ്പടികൾ, കയർ ഇവയിലൊന്നും തകഴിയെ കാണാൻ കഴിയില്ല. കേരള ചരിത്രവും ഭൂമിശാസ്ത്രവും സാമൂഹിക ചരിത്രവും രാഷ്ട്രീയവുമൊക്കെയുണ്ട്. പക്ഷേ അതിൽ എഴുത്തുകാരനില്ല. എഴുത്തുകാരൻ പുറത്തുനിൽക്കുകയാണ്. തകഴിയുടെ ചെറുകഥകൾ വായിച്ചാൽ അറിയാം, ചില സ്ഥലത്ത് എഴുത്തുകാരൻ കയറിവന്ന് അഭിപ്രായങ്ങൾ പറയും. കഥ പറയുമ്പോൾ, ഹാ കഷ്ടം! ഒരു സ്ത്രീയോട് ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. എന്നൊക്കെയുള്ള രീതിയിൽ പുറമേ ഒരു ധാർമിക ഉപദേശം പോലെ കയറിവന്ന് പറയുന്നതല്ലാതെ എഴുത്തുകാരൻ കഥാപാത്രമല്ല.
മലയാളത്തിൽ ആദ്യമായി എഴുത്തുകാരൻ കഥാപാത്രമാകുന്നത് ബഷീറിന്റെ രചനകളിലാണെന്ന് പറയാം. ബഷീർ ബഷീറിനെക്കുറിച്ച് മാത്രമേ എഴുതുകയുള്ളൂ. അങ്ങനെ സ്വന്തം കാര്യം എഴുതുന്നതിലൂടെ മറ്റുള്ളവരുടെ കഥ പറഞ്ഞിട്ടുള്ളയാളാണ് ബഷീർ. ബഷീറിന്റെ തന്നെ ഒരു ആത്മവിമർശനമെന്ന് പറയുന്നത്, ബഷീറിന് വീട്ടുകാരോട് പറയാനുള്ള കാര്യങ്ങൾ, സുഹൃത്തുക്കളോട് പറയാനുള്ള കാര്യങ്ങൾ തുടങ്ങിയവ വളരെ തന്മയത്വത്തോടുകൂടി അവതരിപ്പിക്കാറുണ്ട് എന്നതാണ്. വലിയ വിഷാദത്തിൽ ഇരിക്കുന്ന മനുഷ്യനാണെങ്കിലും ആ വിഷാദത്തെ മറികടക്കാനുള്ള ഒരു പരിശീലനം എന്ന നിലയിൽ ബഷീർ എഴുത്തിനെ കണ്ടിരുന്നെന്നെനിക്ക് സംശയമുണ്ട്. നമുക്കത് വായിക്കുമ്പോൾ അങ്ങനെ തോന്നും. എഴുത്തുകാരൻ എന്ന നിലയിൽ മലയാളത്തിൽ രണ്ട് പാഠപുസ്തകമായി ഉപയോഗിക്കാവുന്നതിൽ ഒന്ന് തകഴിയും ഒന്ന് ബഷീറും ആണെന്ന് എനിക്ക് തോന്നുന്നു.
എന്റെ ഒരു അനുഭവം പറഞ്ഞാൽ, ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ബഷീറിനെ വായിക്കുന്നത്. ഡിഗ്രിക്ക് ചെല്ലുമ്പോഴാണ് തകഴിയെ വായിക്കുന്നത്. പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് ഞാൻ ഉറൂബിനെ വായിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം വായിച്ച സമയത്ത് തകഴി വലിയൊരു എഴുത്തുകാരനായി തോന്നിയിരുന്നില്ല. അന്നത്തെ വലിയ ആകർഷണമെന്ന് പറഞ്ഞാൽ, എം മുകുന്ദൻ, കാക്കനാടൻ തുടങ്ങിയവരായിരുന്നു. ഇവരെയൊക്കെ വായിച്ചിട്ട് എനിക്ക് ആ സമയത്ത് ഇഷ്ടമായ രണ്ടുപേരിൽ ഒന്ന് വിജയനും ഒന്ന് ആനന്ദുമാണ്. ആനന്ദിനെ ഇഷ്ടമായതിന്റെ പേരിൽ എനിക്ക് തന്നെ വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. വ്യക്തിവാദത്തിന്റെ ആളാണ് ആനന്ദ് എന്നായിരുന്നു അന്നത്തെ വലിയ വിമർശനം. ആനന്ദിന്റെ ഭാഷയെ കുറിച്ചുള്ള പ്രശ്നങ്ങൾ വേറെ. ആനന്ദിനെയാണെനിക്കിഷ്ടം മേതിൽ രാധാകൃഷ്ണനെയാണ് എനിക്കിഷ്ടം എന്നൊക്കെ പറഞ്ഞാൽ ബുദ്ധിജീവി കളിക്കുകയാണെന്നൊക്കെ പറയും. അന്നത്തെ ഒരു ആധിപത്യ സംവേദനക്ഷമത അതായിരുന്നു. പക്ഷെ, വായനക്കാരൻ എന്ന നിലയിൽ അതിനെ പൊട്ടിച്ചെറിയാൻ കഴിയുന്ന എഴുത്തുകാരൻ നമ്മുടെ ഇടയിൽ തന്നെ ഉണ്ടായിരുന്നു. അന്ന് വലിയ ഗൗരവത്തോടുകൂടി കാണാതിരിക്കുകയും പിന്നീട് ഇഷ്ടം തോന്നുകയും ചെയ്ത ആൾ ഉറൂബ് ആണ്.
വായനക്കാരൻ എന്ന നിലയിൽ മലയാളത്തിൽ ഉറപ്പായും വായിച്ചിരിക്കേണ്ട എഴുത്തുകാരിൽ ഒരാൾ വി പി ശിവകുമാറാണ്. അദ്ദേഹം വളരെ കുറച്ച് മാത്രമേ എഴുതിയിട്ടുള്ളൂ. നാല്പത്തിയെട്ടാമത്തെ വയസ്സിൽ മരിച്ചയാളാണ് വി. പി. ശിവകുമാർ. എഴുത്തുകാരനായി അറിയപ്പെട്ടിരുന്നതിനുശേഷവും കൂടുതൽ സമയവും എഴുതാൻ കഴിഞ്ഞിരുന്നില്ല. വ്യക്തിപരമായ ജീവിതത്തിലെ പല പ്രശ്നങ്ങളായിരുന്നു കാരണം. വി. പി. ശിവകുമാറിന്റെ ഭാഷ എന്നത് അസാധ്യഭാഷയാണ്. മനുഷ്യന്റെ ഒരു ആന്തരിക ജീവിതം എന്താണെന്ന് ഇത്രയും ശക്തമായി അവതരിപ്പിച്ച ചെറുകഥാകൃത്ത് മലയാളത്തിൽ വളരെ കുറവാണ്. വി.പി. ശിവകുമാർ എഴുത്തിൽ വളരെ സത്യസന്ധൻ കൂടിയായിരുന്നു. സർക്കാർ ജോലിക്കാരുടെ ദുരിതം വി. പി. ശിവകുമാറിന്റെ കഥകളിൽ കാണാം. പണ്ടൊക്കെ ശമ്പളം കുറവായിരുന്നല്ലോ. ശമ്പളം തികയുന്നില്ല എന്നാൽ സർക്കാർ ജീവനക്കാരനായി ജീവിക്കുകയും വേണം. എഴുത്തുകാരൻ എന്നുള്ള രീതിയിൽ ഒരു അസ്തിത്വം ഉണ്ടാക്കാൻ ഇതിനിടയിൽ നോക്കുകയാണ്. എനിക്ക് വ്യക്തിപരമായി വലിയൊരു അടുപ്പം തോന്നിയിട്ടുള്ള മറ്റൊരു എഴുത്തുകാരൻ വിക്ടർ ലീനസ് ആണ്. വിക്ടർ ലീനസും വളരെ കുറച്ചു മാത്രമേ എഴുതിയിട്ടുള്ളൂ. അദ്ദേഹവും ഒരു നോവൽ ഒക്കെ എഴുതാൻ സാധ്യതയുള്ള ആളായിരുന്നു. അദ്ദേഹത്തിന്റെ കഥകൾ ശ്രദ്ധിച്ചാൽ കഥാപാത്രങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നത് കാണാൻ സാധിക്കും.
എഴുത്തുകാരന്റെ ഏറ്റവും വലിയ ശക്തി എന്ന് പറയുന്നത് സ്റ്റോറി ടെല്ലിങ് തന്നെയാണ്. ഞാൻ തകഴിയുടെ കാര്യം പറയാൻ കാരണം അതാണ്. ആനന്ദിനെ കുറിച്ചുള്ള വലിയൊരു വിമർശനവും അതുതന്നെയായിരുന്നു. കഥയിൽ സ്റ്റോറി ടെല്ലിങ് ഇല്ലയെന്നത്. ആനന്ദ് തന്നെ പുറത്തിറക്കിയ ഒരു പുസ്തകമാണ് ‘കഥകളും വൃത്താന്തങ്ങളും’. ഓരോ കഥയുടെയും പശ്ചാത്തലമാണ് ഇതിൽ പറയുന്നത്. ഏത് സാഹചര്യത്തിലാണ് ഓരോ കഥയും എഴുതിയതെന്നുള്ളത്. ഈ കഥയെഴുതിയ സാഹചര്യം വിവരിക്കുന്നത് തന്നെ ഒരു കഥയാക്കാം. വളരെ രസകരമായിട്ടുള്ള ഒന്നാണിത്.
എഴുത്തുകാരന് ഏറ്റവും കൂടുതൽ വേണ്ടത് പ്രചോദനമാണ്. നമ്മളെ എഴുതാൻ പ്രചോദിപ്പിക്കാൻ ആരെങ്കിലുമൊക്കെ വേണം. അല്ലെങ്കിൽ നാം സ്വയം നമുക്ക് പ്രചോദനമാകണം. അഭിനേതാവാണെങ്കിലും പെയിന്ററാണെങ്കിലും എഴുത്തുകാരൻ ആകണമെങ്കിലുമൊക്കെ ഇത് ബാധകമാണ്. അഭിനേതാവെന്നാൽ ശരീരത്തെ കലയാക്കി മാറ്റുന്നയാളാണ്. എഴുത്തുകാരൻ ചെയ്യുന്നതിനേക്കാൾ വലിയ കാര്യമാണ് അഭിനേതാവ് ചെയ്യുന്നത്. എഴുത്തുകാരന് ഭാഷകൾ ഉണ്ടെന്ന് മാത്രമേയുള്ളൂ, ആ വ്യക്തി വ്യക്തിയായി തന്നെ നിൽക്കുകയാണ്. അഭിനേതാവ് അങ്ങനെയല്ല, ഒരു മനുഷ്യൻ തന്നെ പല കഥാപാത്രങ്ങളാകുന്നു. പക്ഷേ അയാൾക്ക് അവസരം കിട്ടുന്നില്ലെങ്കിൽ പ്രചോദനമില്ലാതെ നശിച്ചുപോകും. വിജയിക്കാൻ വേണ്ടി എഴുത്തുകാരൻ ഭയങ്കരമായി ആഗ്രഹിക്കുന്നതിന് കാരണമിതാണ്. ഞാനൊരു കഥയെഴുതുകയാണെങ്കിൽ വാട്സാപ്പിൽ അയച്ചു കൊടുക്കുകയും ഫേസ്ബുക്കിൽ പോസ്റ്റ് ഇടുകയും ചെയ്യുന്നതിന്റെ കാരണമിതാണ്. പ്രോത്സാഹനം എപ്പോഴും കിട്ടിക്കൊണ്ടിരിക്കണമെന്നത്. പുസ്തകവും നല്ലൊരു പ്രോത്സാഹനമാണ്. നമ്മുടെ സുഹൃത്തുക്കൾ എപ്പോഴും നമ്മളെ പ്രോത്സാഹിപ്പിക്കണമെന്നില്ല. ചിലപ്പോൾ സുഹൃത്തുക്കൾക്ക് രചനകൾ ഇഷ്ടമാകണമെന്നില്ല. സുഹൃത്ത് ആയതുകൊണ്ട് അത് പറയാൻ കഴിയണമെന്നുമില്ല. ഭാര്യയോ അച്ഛനോ അമ്മയോ സഹോദരിയോ മക്കളോ മറ്റും ഇത് വായിക്കാനും സാധ്യത കുറവായിരിക്കും. എന്റെ അമ്മ ഞാൻ എഴുതിയത് വായിച്ചാൽ നല്ലതായിരിക്കും എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ ഒരു ആഗ്രഹം അവരത് വായിച്ചിട്ട് അതിനെക്കുറിച്ച് എന്തെങ്കിലും പറയുന്നതാണ്. പക്ഷേ അവിടെ ഒരു സാധ്യത പോലുമില്ല. അമ്മ അതെന്തായാലും വായിക്കില്ല. അപ്പോൾ നമ്മൾ അതിനു പുറകെ പോകാതെ വേറെ എന്തെങ്കിലും പ്രചോദനം കണ്ടെത്തേണ്ടിയിരിക്കുന്നു. പുസ്തകം നല്ലൊരു പ്രചോദനമാണ്. നന്നായി എഴുതിയിട്ടുള്ള എഴുത്തുകാരുടെ പുസ്തകങ്ങൾ തിരഞ്ഞെടുത്ത് വായിക്കുന്നത് നല്ലൊരു എഴുത്തുപരിശീലനമാണ്. ഞാൻ ആദ്യകാലത്ത് ചെയ്തുകൊണ്ടിരുന്ന പരിപാടി വലിയ പാരഗ്രാഫുകൾ എഴുതിയെടുക്കുക എന്നതായിരുന്നു. പുസ്തകം തുറന്നു വെച്ച് ഇഷ്ടപ്പെട്ട ഭാഗങ്ങൾ ഒരു നോട്ടുബുക്കിൽ പകർത്തി എഴുതും. നല്ല രസം ആണത്. ശരിക്കും ഒരു പുസ്തകം എഴുതുന്നതിനേക്കാൾ രസമായിട്ട് എനിക്കതിനെ തോന്നിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നമുക്ക് അത്യാവശ്യം ആൾക്കാരെ അനുകരിച്ച് തന്നെ എഴുതുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. തുടക്കം കിട്ടുന്നതിനുവേണ്ടി അനുകരിച്ചൊക്കെ എഴുതാവുന്നതാണ്. ബഷീറിന്റെ മതിലുകൾ എന്ന കഥ എടുക്കുകയാണെങ്കിൽ അതിൽ പ്രത്യേകിച്ച് സംഭവങ്ങൾ ഒന്നും ഉണ്ടാകുന്നില്ല. രണ്ടുകാര്യങ്ങളാണ് അതിൽ പ്രധാനമായിട്ടുള്ളത്. ഒന്ന്, ബഷീർ ജയിലിൽ കിടക്കുന്നു. ബഷീറിനെ സഹായിക്കുന്നത് ഒരു വാർഡനാണ്. കടലാസ് കൊടുത്ത് ബഷീറിനെ കൊണ്ട് എഴുതിപ്പിക്കാൻ നോക്കുന്ന സഹൃദയനായിട്ടുള്ള പോലീസുകാരൻ. ബഷീറിന് അതിനകത്തിരുന്ന് ഒന്നും എഴുതാൻ കഴിയുന്നില്ല. അതിനുള്ളിൽ അടച്ചിരുന്നു ബഷീറിന്റെ പ്രചോദനം പോയി. പ്രചോദനം ഉണ്ടാക്കുന്നതിനുവേണ്ടി ഓരോ പണികൾ നോക്കുകയാണ് ബഷീർ ചെയ്യുന്നത്. അങ്ങനെയാണ് ബഷീർ റോസാച്ചെടികൾ നടുന്നത്. റോസാച്ചെടിയിൽ ഇല വന്നു. മൊട്ട് വന്നു. പക്ഷെ പൂവിടുന്നില്ല. അങ്ങനെ വരുമ്പോഴാണ് ബഷീർ മതിലിനപ്പുറത്തേക്ക് സ്ത്രീകളുടെ ജയിലാണെന്ന് മനസ്സിലാക്കുകയും അപ്പുറത്ത് നിന്നും ഒരാൾ ബഷീറിനോട് സംസാരിക്കുകയും ചെയ്യുന്നു. അതാണ് അതിനകത്തെ സ്റ്റോറി ലൈൻ. അപ്പോൾ ഈ ചെടിയൊക്കെ പൂവിടാൻ തുടങ്ങും. ഒരു പ്രേമം വന്നു കഴിയുമ്പോൾ അത് പ്രതിഫലിപ്പിക്കുന്നു എന്നുള്ളതാണ്. എന്തു മനോഹരമായാണ് അത് പറഞ്ഞിരിക്കുന്നത്. അവിടെ വേറെ വിവരണങ്ങളൊന്നുമുണ്ടായിരുന്നില്ല. അപ്പോൾ ജയിലിന് പുറത്തേക്ക് പോകാൻ സമയമായപ്പോൾ ബഷീറിന് പോകണമെന്നില്ല. ബഷീറിന്റെ സർഗാത്മകഥയാണ് കഥയിൽ നാരായണിയായി വരുന്നത്.
ഒരു കൃതി നന്നാവണമെങ്കിൽ കഥ അതിനകത്ത് ഉണ്ടായിരിക്കണമെന്നേയുള്ളൂ. ആ കഥ പറഞ്ഞു തീർക്കണമെന്നില്ല. കഥ പറഞ്ഞ് തീർക്കാത്ത കൃതിക്കുദാഹരണമാണ് ബഷീറിന്റെ ബാല്യകാലസഖി. അതിലെ കഥ അവസാനിക്കുന്നില്ല. ബാല്യകാലസഖിയിലെ ശരിക്കുമുള്ള കഥ അതിനുശേഷമാണ്. അത് വായനക്കാരുടെ മനസ്സിലാണുള്ളത്. അവിടെയാണ് ആനന്ദിന്റെ വിജയമെന്ന് പറയുന്നത്. ആനന്ദ് ഈ പറഞ്ഞ രീതിയിലൊന്നുമല്ല എഴുതിയത്. ആധുനികതയിൽ നിന്നുള്ള രചനയാണ് ആനന്ദിന്റേത്. ഇതിനകത്ത് കഥ നടക്കുന്നത് വേറൊരു തലത്തിലാണ്. ബഷീർ തന്നെ കഥാപാത്രമായി വരുന്നതു കൊണ്ടാണ് നമുക്ക് അദ്ദേഹത്തിന്റെ കൃതി വളരെ രസകരമായി തോന്നുന്നത്. എഴുത്തുകാരെ കഥാപാത്രമാക്കുക എന്ന് പറയുന്നത് കുറച്ചിലായിരിക്കും. നമ്മൾ നമ്മുടെ കാര്യം തന്നെ പറയുന്നത് ശരിയല്ല. സാമൂഹിക പ്രതിബദ്ധതയാണ് എഴുത്തുകാരന്റെ ഉത്തരവാദിത്തം. സമൂഹത്തെ പരിഷ്കരിക്കുന്നതിന് വേണ്ടി സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് എഴുതണമെന്നതാണ് അന്നത്തെ സങ്കല്പം. എഴുത്തുകാരൻ എഴുത്തുകാരനെ കുറിച്ച് തന്നെ എഴുതുമ്പോൾ ആ സങ്കല്പത്തെ തകർക്കുകയാണ് ചെയ്തത്.
കവിതയായാലും കഥയായാലും നാട്ടുഭാഷയിലാണ് ഇപ്പോൾ എഴുതുന്നത്. പണ്ടൊക്കെ സംഭാഷണങ്ങൾ മാത്രമേ എഴുതുമായിരുന്നുള്ളൂ. ഇപ്പോൾ മുഴുവനും നാട്ടുഭാഷയിൽ തന്നെയാണ്. ഇത് ഏറ്റവും നന്നായി അനുകരിക്കാൻ പറ്റുന്നത് എഐ ടെക്നോളജിക്കാണ്. ഭാഷയുടെ മോഡൽ കൊടുത്താൽ മാത്രം മതി. ഏതെങ്കിലും ഒരു ഭാഷയിൽ എഴുതിയ കുറച്ച് വരികൾ കൊടുത്താൽ അതിനു സമാനമായ രീതിയിൽ എഴുതിത്തരും. ഭാഷ ആ ഒരു ശൈലിയിൽ അർത്ഥമില്ലാതായി. ശൈലിക്കകത്ത് നിങ്ങൾ എന്തു ചെയ്യുന്നു എന്നുള്ളതാണ് ഇനിയുള്ള കാലത്ത് പ്രധാനമെന്ന് എനിക്ക് തോന്നുന്നു. ടെക്സ്റ്റ് ഉണ്ടാക്കാൻ മെഷീന് കഴിയും. ഞാനിത് പരീക്ഷിച്ചിരുന്നു. ഇംഗ്ലീഷിൽ ഒരു ആശയം കൊടുത്തിട്ട് അവർ ആ രീതിയിലുള്ള ടെക്സ്റ്റ് ഉണ്ടാക്കിത്തന്നിരുന്നു. നമ്മൾ എങ്ങനെയാണ് സാഹിത്യം എഴുതുന്നത്? മറ്റുള്ള ആൾക്കാർ എഴുതിയത് വായിച്ച് അത് കണ്ട് അനുകരിച്ച് അത് കോപ്പി ചെയ്തു കോപ്പി ചെയ്ത് ആണല്ലോ നമ്മൾ നമ്മുടെ ശൈലി ഉണ്ടാക്കുന്നത്. ഈ മെഷീനും അത് തന്നെ ചെയ്യും. കോപ്പി ചെയ്ത് കോപ്പി ചെയ്ത് അത് അതിന്റെ നിർമ്മിതി ഉണ്ടാക്കും. ആ സാഹിത്യത്തിൽ ഒരു ആത്മാവ് ഉണ്ടാക്കുക എന്നതാണ് മെഷീന് പറ്റാത്തത്. കുറച്ചു കുഴപ്പം പിടിച്ചൊരു എഴുത്തുകാരനാണ് വായിച്ചു മനസ്സിലാക്കാൻ നല്ല വിഷമമാണ് എങ്കിൽ ആ കുഴപ്പം പിടിച്ച ഭാഷയുടെ മോഡൽ വേണമെങ്കിൽ എ.ഐ. ക്ക് കോപ്പി ചെയ്യാം. അത് കൊടുത്താൽ മതി. ഈ കുഴപ്പം പിടിച്ച ഭാഷയ്ക്കകത്ത് ഒരു വികാര പ്രപഞ്ചമുണ്ട്. ആ വികാര പ്രപഞ്ചം തന്നെ എഴുത്തുകാർക്ക് ഉണ്ടാക്കാം. അത് തികച്ചും മനുഷ്യന്റെ ഒരു അന്തം വിട്ട അവസ്ഥയിൽ നിന്നും വരുന്നതാണ്. അതാണ് സാഹിത്യമെന്ന് പറയുന്നത്. ഇതാണ് സാഹിത്യത്തെ സാഹിത്യമായി നിലനിർത്തുന്നത്. ഭാഷയെല്ലാം മെഷീനാണ് ഉണ്ടാക്കുന്നത്. നാട്ടുഭാഷയിൽ കഥ എഴുതിത്തരാൻ പറഞ്ഞാൽ മെഷീൻ എഴുതിത്തരും. കഥ എഴുതിക്കൊണ്ടിരിക്കുമ്പോൾ കഥ വഴിമുട്ടുകയാണെങ്കിൽ മെഷീനോട് ചോദിക്കാം, ഞാൻ ഇങ്ങനെ ഒരു കഥ എഴുതിക്കൊണ്ടിരിക്കുകയാണ് അതിന്റെ ബാക്കി ശരിയാകുന്നില്ല ഇതിന് നല്ലൊരു ആശയം തരാൻ പറ്റുമോ എന്ന് ചോദിച്ചാൽ കുറെ ആശയങ്ങൾ തരും. നമുക്ക് അതെടുത്ത് ഉപയോഗിക്കാവുന്നതാണ്. കുറെ എഴുത്തുകാർ അങ്ങനെ ചെയ്യുന്നുണ്ട്. ഈയിടെ ഇറങ്ങിയ ഒരു പുസ്തകത്തിൽ ഒരു ഭാഗം അങ്ങനെത്തന്നെ മെഷീനെ കൊണ്ട് എഴുതിപ്പിച്ച ഒരു വിവാദമുണ്ടായി. ആ പുസ്തകത്തിൽ ഒരു ഭാഗത്ത് ഒരു കഥാപാത്രം മെഷീൻ കഥയെഴുതുന്നതായിട്ടുണ്ട്.
ജീവിതത്തിൽ നമുക്കെല്ലാം ഉണ്ടെങ്കിലും പൂർണ്ണമല്ലാത്ത ഒരു അവസ്ഥ അപ്പോഴാണ് ഒരാൾ എഴുതാൻ തുടങ്ങുന്നതെന്നാണ് എനിക്ക് തോന്നുന്നത്. ആ കുറവ് നികത്തുന്നതിന് വേണ്ടിയാണ് എഴുതിത്തുടങ്ങുന്നത്. അതൊരു സ്പിരിച്വൽ ആക്ടിവിറ്റി പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഭയങ്കര വിശ്വാസിയായ ഒരാൾ പെട്ടെന്ന് അവിശ്വാസിയായി മാറുന്നു. അതുപോലെ അവിശ്വാസിയായ ഒരാൾ പെട്ടെന്ന് വിശ്വാസിയായി മാറുന്നു. ഇതുപോലൊരു മാറ്റം ഓരോ എഴുത്തുകാരുടെ ഉള്ളിലും സംഭവിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഈ ഘട്ടത്തിലാണ് കൂടുതൽ സർഗാത്മകമായ രചനകൾ സാധ്യമാകുന്നത്.
