അനന്യാനുഭവവും എഴുത്തും

– ക്യാപ്റ്റൻ ഗോവിന്ദൻ –

എഴുത്തിൽ ഒരു വേറിട്ട വ്യക്തിത്വത്തിന് വേണ്ടിയാണ് ക്യാപ്റ്റൻ ഗോവിന്ദൻ എന്ന പേരിൽ എഴുതിത്തുടങ്ങിയത്. ആദ്യം ഞാൻ എഴുതിത്തുടങ്ങുമ്പോൾ പേര് ഗോവിന്ദ് ആർ. കുറുപ്പ് എന്നായിരുന്നു. കഥകളിൽ പൊളിറ്റിക്കൽ കറക്റ്റ്നസ്സിന്റെ ആവശ്യമില്ലെന്നാണ് എന്റെ അഭിപ്രായം. എഴുത്തുകാരൻ പൊളിറ്റിക്കൽ കറക്റ്റ്നസ്സിന്റെ പുറകെ പോയിക്കഴിഞ്ഞാൽ പലകാര്യങ്ങളും തടയാൻ പറ്റാതെ വരും. കഴിഞ്ഞ ദിവസം നിതീഷ് കുമാർ ബീഹാറിലെ മുഖ്യമന്ത്രിയായി ചുമതലയേറ്റു. ടി. വി. യിൽ ഇത് കാണുമ്പോഴൊക്കെ ഞാൻ ചിരിക്കുമായിരുന്നു. ഇലക്ഷൻ നടക്കുന്ന സമയത്തൊക്കെ ഞാൻ കപ്പലിലാണ്. അവിടെവച്ച് ഒരു വിചിത്രാനുഭവം എനിക്കുണ്ടായി. ഒരാളുടെ സംഭവം ഞാൻ പറയാം. പേര് പറയാൻ ആഗ്രഹിക്കാത്ത ഒരു സുഹൃത്താണ്. അയാൾ കപ്പലിൽ വന്നിട്ട് എട്ട് മാസം തീർക്കുന്നു. അടുത്തമാസം അയാൾക്ക് വീട്ടിൽ പോകാം. നല്ലൊരു മനുഷ്യൻ. കഠിനാധ്വാനിയും സത്യസന്ധനും കഴിവുമുള്ളയാൾ. ഞാൻ ഒരു ദിവസം രാത്രിയിൽ മെസ്സ് റൂമിലേക്ക് കയറിചെല്ലുമ്പോൾ കാണുന്നത് ഇദ്ദേഹം കസേരയുമിട്ട് തൂങ്ങാൻ നിൽക്കുന്നതാണ്. ഞാൻ ചെല്ലുന്നു, കസേര തട്ടുന്നു, ഇറങ്ങാൻ പറയുന്നു. ഇറങ്ങെടാ.. ഇറങ്ങെടാ.. എന്ന് പറഞ്ഞ് സംഭവം മണിക്കൂറുകളോളം നീണ്ടുനിന്നു. എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ലായിരുന്നു. ഞാൻ വിട്ടിട്ട് പോയാൽ അവൻ വീണ്ടും തൂങ്ങും. കപ്പലിലെ ക്യാപ്റ്റൻ എന്ന് പറയുമ്പോൾ എന്റെ ഉത്തരവാദിത്തമാണ്. കപ്പലിൽ ഇരുപത് പേരുണ്ടെങ്കിൽ ആ ഇരുപത് പേരുടെയും ചുമതല എന്റെ തോളിലാണ്. കൊമേഴ്ഷ്യൽ ഷിപ്പിലെ മാസ്റ്റർക്ക് തോളിൽ നാലുവരയുള്ള നക്ഷത്രമാണ്. അവർക്ക് ഭാരം കൂടുതലാണ്. ചെറിയ നാലു നേർത്ത വരകളാണ്. ഒരേസമയം ഒരുപാട് പേരുടെ കാര്യങ്ങൾ നോക്കേണ്ടതായി വരും. ടൈം മാനേജിങ്ങും പല കാര്യങ്ങളും അതിനിടയിൽ നോക്കേണ്ടതായി വരും. പിന്നീടുള്ള തുടർച്ചയായ സംഭാഷണങ്ങളിലൂടെ ആ മനുഷ്യൻ തന്റെ ഹൃദയം തുറക്കുകയാണ്. ആ മനുഷ്യൻ കപ്പലിൽ വന്നിട്ട് എട്ട് മാസമായി. അദ്ദേഹത്തിന്റെ ഭാര്യ മൂന്ന് മാസം ഗർഭിണിയാണ്. അതാണ്‌ ഒന്നാമത്തെ ഷോക്ക്. ഇതിനെ വേണമെങ്കിൽ നമുക്ക് വെറുതെ സാധാരണവൽക്കരിച്ച് കളയാം. രണ്ടാമത്തെ ഷോക്കെന്താണെന്ന് പറഞ്ഞാൽ ആ കുട്ടിക്ക് പതിനാറ് വയസ്സ് മാത്രമേയുള്ളൂ. പതിനാറുവയസ്സുള്ള ഒരു പെൺകുട്ടി മൂന്നുമാസം ഗർഭിണി. അത്‌ ചെയ്തതാരാണെന്ന് ചോദിച്ചിട്ട് ആദ്യമൊന്നും അദ്ദേഹം പറയുന്നില്ല. അവസാനം അദ്ദേഹം പറഞ്ഞു; അദ്ദേഹത്തിന്റെ അച്ഛനാണ് ആ കുട്ടിയെ റേപ്പ് ചെയ്തതെന്ന്. ഒരു വീട്ടിൽ നടന്ന സംഭവമാണ്. അവിടെയാണ് ഗുണ്ടാരാജു കഴിഞ്ഞു സ്ത്രീകളെ ഇപ്പോൾ നമ്മൾ ഉദ്ധരിക്കും എന്ന് സത്യപ്രതിജ്ഞ ചെയ്ത് ഒരാൾ കയറുന്നത്. അതുകൊണ്ടാണ് ഇത് ടി.വി.യിൽ കാണുന്ന സമയത്ത് എനിക്ക് ചിരി വന്നത്. ആ പതിനാറ് വയസ്സുള്ള പെൺകുട്ടിയെ വീട്ടിൽ നിന്നും ഇറക്കിവിട്ടു. അവൾക്ക് തിരിച്ച് വീട്ടിൽ പോകാൻ കഴിയില്ല. പോയാൽ കൊന്നുകളയും. എന്റെ ഭാര്യ അലഞ്ഞുതിരിഞ്ഞ് നടക്കുകയാണ് സർ. ഞാനെന്താണ് ചെയ്യേണ്ടത്. എനിക്ക് ആത്മഹത്യയല്ലാതെ വേറെ വഴിയില്ല; എന്ന് അദ്ദേഹം പറഞ്ഞു. ഇത് നമ്മൾ എഴുതിപ്പോകും. ആ ഒരു ട്രോമയിൽ നിന്നും കടന്നുപോകുവാൻ വേണ്ടി. ചിലപ്പോൾ എനിക്ക് വീട്ടിൽ വിളിക്കുമ്പോൾ ഇതൊക്കെ പറയാൻ കഴിഞ്ഞെന്ന് വരില്ല. നമ്മൾ അവിടെ സ്ട്രോങ്ങ്‌ ആയി നിൽക്കണം. സ്ത്രീകൾ എന്ന് പറയുമ്പോൾ പുറമെനിന്ന് നോക്കുമ്പോൾ ബലഹീനയും ഉള്ളിൽ നിന്ന് മനഃക്കട്ടിയുള്ളവരും ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷേ പുരുഷന്മാർ നേരെ തിരിച്ച് ആയിരിക്കും. ഇദ്ദേഹവും അതുപോലെ തന്നെയാണ്. എന്റെ മനസ്സിൽ ഇത് അങ്ങനെ കിടക്കും, ഇത് എവിടെയും ഇറക്കി വെക്കാതിരുന്നാൽ. ഞാനിത് ഇറക്കി വെക്കുന്നത് പലപ്പോഴും കഥകളായിട്ടായിരിക്കും. അങ്ങനെയാണ് കഥകൾ ഉണ്ടാകുന്നത്. അവിടെ വച്ചുകൊണ്ടിരിക്കാൻ പറ്റാത്തതുകൊണ്ട് എനിക്ക് അദ്ദേഹത്തെ കപ്പലിൽ നിന്നും ഇറക്കേണ്ടതായി വന്നു. ഇതാണ് ഒരു അനുഭവം. ഇങ്ങനെ ഓരോരോ സംഭവങ്ങൾ ഒന്ന് കഴിയുമ്പോൾ മറ്റൊന്ന് എന്ന രീതിയിൽ വന്നുകൊണ്ടിരുന്നു. എഴുതാൻ വേണ്ടി ഇരിക്കുന്ന ഒരു കഥയാണിത്.

ഈ ആഴ്ച സമകാലിക മലയാളത്തിൽ ഒരു കഥയുണ്ട്. ‘ചുവന്ന നേർത്ത വര’ എന്നാണ് അതിന്റെ പേര്. അതിലെ ഒരേട് മൊത്തം എന്റെ തന്നെ ജീവിതകഥയാണ്. അതിൽ സ്റ്റേജിൽ കയറി പ്രസംഗിക്കുന്ന ഒരു പയ്യന്റെ കഥ പറയുന്നുണ്ട്. ‘ആർദ്രമീ ധനുമാസ രാവുകളിലൊന്നിൽ’ എന്ന് വിക്കി വിക്കി പറയാൻ പറ്റാതെ വരുന്നത് കഥയിൽ കാണാം. എനിക്ക് എട്ടാം ക്ലാസ്സ്‌ തൊട്ട് വിക്കുണ്ടായിരുന്നു. നന്നായിട്ട് വിക്കുമായിരുന്നു. ഇതെന്റെ കുട്ടിക്കാലത്തെ ട്രോമകൾ ആയിരിക്കാം. ഇതിൽ നിന്നും ഞാൻ മുക്തി നേടുന്നത് കപ്പലിൽ പോയപ്പോഴാണ്. ഇതിനെക്കാളും വലുതാണ് അവിടെയുള്ളത്. പിടിച്ചതിനേക്കാൾ വലുതാണ് അളയിലുള്ളത് എന്നൊരു ചൊല്ലുണ്ട്. അതുപോലെ.

‘നങ്കൂരബാലൻ’ എന്നുള്ളത് നാട്ടിലെ ഒരാളുടെ ഇരട്ടപ്പേര് ആണ്. ഞങ്ങളുടെ നാട്ടിൽ ഒരു പന്തുകളി ഉണ്ട്‌. വെട്ട്പന്തുകളി എന്ന് പറയും. അത്‌ ഞങ്ങളുടെ അവിടെ ഒരു ഹരമാണ്. അതിൽ നിന്നാണ് എന്റെ മറ്റൊരു കഥയുടെ പേര് വന്നത്. ഞാൻ എട്ടാം ക്ലാസിലൊക്കെ പഠിക്കുമ്പോൾ വെട്ട്പന്തുകളി കാണാൻ പോകാറുണ്ട്. പിന്നെ പതുക്കെ കളിക്കാൻ തുടങ്ങി. സീനിയർ ആയിട്ടുള്ള ചേട്ടന്മാരുടെ ഒന്നിച്ചാണ് കളിക്കുക. ഒരു ടീമിന്റെ ഒരു റൗണ്ട് തീരുമ്പോൾ അതിനെ വരി എന്ന് പറയും. രണ്ട് ടീമിന്റെയും ഒരു റൗണ്ട് കഴിഞ്ഞാൽ അതിനെ ചക്കര എന്ന് പറയും. അതിൽ പിടിത്തക്കാരൻ എന്നൊരു ആളുണ്ട്. മുന്നിലെ വരിയിൽ നിന്നിട്ട് പന്ത് വെട്ടുന്ന സമയത്ത് അത്‌ നിലത്ത് വീഴുന്നതിന് മുമ്പ് പിടിക്കണം. പിടിച്ചാൽ ആ വരി അവിടെ കഴിഞ്ഞു. ആ ടീമിനെ പിടിച്ച് നിർത്തുന്നയാളാണ് ഏറ്റവും പുറകിൽ നിൽക്കുന്നയാൾ. താഴ്ത്തി വെട്ട്, പൊക്കി വെട്ട്, ചെരിച്ച് വെട്ട്, പരത്തി വെട്ട് എന്നൊക്കെ പറയുന്നത് ഇവരായിരിക്കും. ഇതൊക്കെ കേട്ടിട്ടാണ് നങ്കൂരബാലൻ എന്ന കഥ ഞാൻ എഴുതുന്നത്.

പിന്നെ കഥകളെക്കുറിച്ച് പറയുകയാണെങ്കിൽ കടലിലെ കഥകളെക്കുറിച്ച് തന്നെ പറയാം. മാൻഡിഗോ എന്നൊരു കഥയുണ്ട്. ആഫ്രിക്കയിലെ രണ്ട് ഗോത്രക്കാർ തമ്മിലുള്ളതാണ് ഈ കഥ. ഏത് ഗോത്രമാണോ ഭരണത്തിൽ വരുന്നത് അവരാണ് പിന്നെ അവിടെ എല്ലാം തീരുമാനിക്കുന്നത്. ബാക്കിയുള്ളവരെയെല്ലാം അടിച്ചമർത്തുക, കുടിക്കാനുള്ള വെള്ളം കൊടുക്കതിരിക്കുക തുടങ്ങിയവയൊക്കെ അവർ ചെയ്യും. നമ്മളെ കപ്പലിൽ അവർ വന്നത് ഡ്രം മോഷ്ടിക്കാൻ വേണ്ടിയാണ്. ഒരാഴ്ചത്തെ വെള്ളം പിടിച്ചുവെക്കാൻ വേണ്ടിയാണത്. അവരുടെ ഡ്രംമിന് ഓട്ട വീണുകഴിഞ്ഞാൽ പിന്നെ ഒരാഴ്ചത്തേക്ക് വെള്ളം ഇല്ല. പുഴുങ്ങിയ ഭക്ഷണം കഴിക്കാൻ വേണ്ടിയാണ് അവർ പ്രധാനമായും വെള്ളം ശേഖരിക്കുന്നത്. മരച്ചീനി പുഴുങ്ങിയത് പോലുള്ള ആഹാരമാണ് അവർ കഴിക്കുന്നത്. അങ്ങനെ ഡ്രംമിന് വേണ്ടി ഒരു കുന്നിൻ ചെരുവിൽ നിന്ന് ഒരുപറ്റം ആൾക്കാർ ഇങ്ങനെ സഞ്ചരിച്ച് വരുകയാണ്. എന്നിട്ട് അവർ കപ്പലിൽ വന്ന് ഇതിനുവേണ്ടി കെഞ്ചുന്നു. നമ്മളെ എന്തും ചെയ്യും അവർ. ഒരാളെ കൊല്ലണമെങ്കിൽ വന്നിട്ട് കൊന്നിട്ട് പോകും. സന്തോഷ്‌ എച്ചിക്കാനത്തിന്റെ ‘ബിരിയാണി’ എന്ന കഥയിൽ പറയുന്നുണ്ട്, നമ്മൾ ഒരാളോട് ഒരു സംഭവം പറയുമ്പോൾ അയാൾക്ക് ആ സംഭവവുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടായിരിക്കണം. കേട്ടുകേൾവിയോ, വായിച്ചോ കണ്ടോ ഉള്ള പരിചയമോ, ആ അവസ്ഥയിൽ കൂടി കടന്നു പോവുകയോ ചെയ്ത ആളായിരിക്കണം. അല്ലാതെ പറയുമ്പോൾ പറയുന്നയാൾ മറ്റുള്ളവരുടെ മുന്നിൽ കോമാളിയായി മാറിയേക്കാം. കാരണം അവർക്ക് അറിയില്ല ആ അനുഭവം എങ്ങനെയായിരിക്കുമെന്ന്. അതുപോലെയാണ് പല അവസ്ഥകളും.

ആഫ്രിക്കയിൽ തന്നെ ഉണ്ടായ മറ്റൊരു സംഭവം, ട്രക്കിനകത്ത് അരി കൊണ്ടുപോകുന്നു. ഒരു വളവ് കഴിഞ്ഞ് അപ്പുറം എത്തുമ്പോൾ അരി ഒരു വശത്തേക്ക് ചരിയുന്നു. ഇത് സ്ഥിരം സംഭവമാണ്. ചാക്ക് എങ്ങനെയാണ് കീറുന്നതെന്ന് ആർക്കും അറിയില്ല. കാനഡയിൽ നിന്ന് കൊണ്ടുവരുന്ന ഫസ്റ്റ് ക്വാളിറ്റി അരിയാണത്. അത്‌ എല്ലാവർക്കും കിട്ടില്ല. ചില പ്രത്യേക ആൾക്കാർക്ക് മാത്രമേ കിട്ടുള്ളൂ. പ്രിവിലേജ് ആണത്. എം. ആർ. രേണുകുമാറിന്റെ പ്രിവിലേജ് എന്നൊരു കവിതയുണ്ട്. ‘ഞാൻ സ്കൂളിൽ നിന്നും വീട്ടിലേക്ക് പോകുമ്പോൾ വഴിയിൽ ഒരു പ്രിവിലേജ് കിടക്കുന്നത് കണ്ടു. ഞാൻ ആ പ്രിവിലേജ് എടുത്ത് അമ്മയ്ക്ക് കൊണ്ടുകൊടുത്തു. അമ്മ ആ പ്രിവിലേജിനെ നാലായി വെട്ടി അടുപ്പിലിട്ടു കത്തിച്ചു’ എന്നാണ് അതിൽ പറയുന്നത്. അതൊരു ഭയങ്കര നിശ്ശബ്ദമായതും എന്നാൽ മുഴക്കമുള്ളതുമായ കവിതയാണ്. അവസാനം അരിക്ക് എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ അവിടെ സി.സി.ടി.വി. വെക്കുകയും എന്താണെന്ന് കണ്ടുപിടിക്കുകയും ചെയ്യുന്നുമുണ്ട്. ട്രക്ക് വളഞ്ഞ് പോകുന്ന വഴിക്ക് ഒരു പൊന്തക്കാടുണ്ട്. ആ പൊന്തക്കാടിനകത്തു നിന്നും ഒരു ചെറിയ കൈ നീണ്ടുവരും. ആ കൈയിൽ ചെറിയ ബ്ലെയ്ഡ് പോലുള്ള സാധനം ഉണ്ടാവും. അതുകൊണ്ട് ചാക്ക് കീറും. ഈ വണ്ടി പോകുന്ന പൊന്തക്കാട്ടിൽ രണ്ട് പിള്ളേർ ഈ അരി എടുത്ത് കൊണ്ട് പോകും. അവിടെ അടുത്ത് ഒരു ഗ്രില്ല് പോലെ ഒരു സംഭവം ഉണ്ട്‌. ഒരു സുരക്ഷയ്ക്ക് വേണ്ടിയാണത്. അതിനപ്പുറം ടെന്റ് അടിച്ചാണ് അവർ താമസിക്കുന്നത്. ഈ അരി കൊണ്ടുപോയിട്ട് വേണം അവർക്ക് ഭക്ഷണം പാകം ചെയ്ത് കഴിക്കാൻ. ഇത് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ! ഇങ്ങനെയൊക്കെ ജീവിക്കുന്ന ആൾക്കാരെ കാണുമ്പോൾ നമ്മൾ അങ്ങ് എഴുതിപ്പോകും. പിന്നെ തുടർച്ചയായി ഇത്തരം കഥകൾ എഴുതുമ്പോൾ എല്ലാവരും പറയും ഇയാൾ കടലിലെ കഥകൾ മാത്രമേ എഴുതുകയുള്ളൂ.. വിശപ്പ് മാത്രം എഴുതിക്കഴിഞ്ഞാൽ അതൊരു ബോറടിയാണെന്ന്. പക്ഷെ, വിശക്കുന്നവന് വിശപ്പ് ഒരു ബോറടിയല്ല. അതിനെക്കുറിച്ച് കേൾക്കുന്നവന് മാത്രമേ അതൊരു ബോറടിയായി തോന്നുകയുള്ളൂ. വയറ് നിറഞ്ഞിരിക്കുന്നവൻ വിശപ്പിനെക്കുറിച്ച് കേൾക്കുന്നതാണ് ഏറ്റവും വലിയ കോമഡി. കാരണം, അവന് അത്‌ പറഞ്ഞാൽ മനസ്സിലാവില്ല. രണ്ടും പരസ്പര വിരുദ്ധമാണ്. ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ എന്ന പുസ്തകത്തിൽ ആണെന്ന് തോന്നുന്നു പറഞ്ഞിരിക്കുന്നത്, ഒരു തമാശ ഉണ്ടാകുന്ന വിധം എങ്ങനെയാണെന്ന്. ഒരിക്കലും ചേരാത്ത കാര്യങ്ങളെ നമ്മൾ പരസ്പരം ചേർക്കാൻ നോക്കുമ്പോഴാണ് ലോകത്തിലെ ഏറ്റവും വലിയ തമാശ ഉണ്ടാകുന്നതെന്നാണ് പറയുന്നത്.

പിന്നീട് ‘ജിന്ന്’ എന്നൊരു കഥ വന്നു. അത്‌ ലക്ഷദ്വീപിലുള്ള ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയെക്കുറിച്ച് പറയുന്ന കഥയാണ്. തായ്ലൻഡിൽ പോയപ്പോൾ ഉണ്ടായ സംഭവമാണ്. കപ്പലിൽ പൈലറ്റ് വരണമെങ്കിൽ ആദ്യം കുറെ സ്ത്രീകൾ കപ്പലിൽ കയറണം. ആ സ്ത്രീകളെ വേണമെങ്കിൽ നമുക്ക് റൂമിൽ കൊണ്ടുപോകുകയോ എന്തു വേണമെങ്കിലും ചെയ്യാം. ആ സമയത്ത് കാലിൽ ആണിയുടെ അസുഖമുള്ള ഒരാളുണ്ടായിരുന്നു. ആദ്ദേഹത്തിന് ആണി കാരണം നടക്കാൻ പറ്റില്ല. കഥയിൽ ഞാൻ എന്ന് പറഞ്ഞാണ് എഴുതിയിരിക്കുന്നത്. എന്നാൽ എന്റെ കൂട്ടത്തിലെ ഒരാളുടെ കഥയാണിത്. ഞാൻ ആ കപ്പലിലെ മാസ്റ്റർ ആണ്. അദ്ദേഹം എന്റെ ജൂനിയർ ആണ്. ഫസ്റ്റ് ഓഫീസർ എന്ന് പറയും. ഈ ഫസ്റ്റ് ഓഫീസറിന് സ്ത്രീകൾ കപ്പലിൽ വരുന്നത് ഇഷ്ടമല്ല. എന്നാൽ ലക്ഷദ്വീപിൽ ഉള്ളവർക്ക് സ്ത്രീകൾ വരണമെന്നായിരുന്നു. അപ്പോൾ അതിന്റെ ഒരു രാഷ്ട്രീയമാണ് ആ കഥയിൽ പറയുന്നത്. ഇതിൽ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയുമുണ്ട്. അല്ലാതെയുള്ള സാധാരണ സ്ത്രീകളുമുണ്ട്. അവർ വന്നു അദ്ദേഹത്തിന്റെ കാലിലെ ആണിയൊക്കെ വെട്ടിക്കൊടുത്തു ക്ലീൻ ആക്കുന്നു. കഥയിൽ കൂടുതൽ വിശദീകരണമുണ്ട്. ഞാൻ എന്താണ് അതിൽ ഉദ്ദേശിച്ചതെന്ന് ആ കഥ വായിച്ചാൽ മാത്രമേ മനസ്സിലാവുകയുള്ളൂ.

‘നരിച്ചീറ്’ എന്ന കഥയും നമ്മുടെ നാട്ടിലെ ഒരാളുടെ കഥയാണ്. കുട്ടിസ്വാമി എന്നാണ് അദ്ദേഹത്തിന്റെ പേര്. അദ്ദേഹത്തിന്റെ കൈയിൽ ഒരു വാച്ച് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രത്യേകത എന്താണെന്നാൽ, കുട്ടിസ്വാമി കാവിയൊക്കെ ഉടുത്ത് നടക്കുന്നയാളാണ്. അദ്ദേഹത്തോട് സമയം ചോദിക്കാൻ പറ്റില്ല. ചോദിച്ചാൽ പൂരത്തെറി ആയിരിക്കും. അതെന്തുകൊണ്ടാണെന്ന് ആർക്കും അറിയില്ല. അവസാനം അദ്ദേഹം മരിച്ചു. അപ്പോൾ വീട്ടുകാർ നോക്കുമ്പോഴാണ് കാണുന്നത് വാച്ചിൽ ഡയൽ ഇല്ലാത്ത കാര്യം. ആ വാച്ചും കെട്ടിയാണ് അദ്ദേഹം അത്രയും കാലം നടന്നത്. കൈയിൽ ഡയൽ ഇല്ലാത്ത വാച്ചും കെട്ടി നടക്കുന്നയാളോടാണ് നമ്മൾ പോയി സമയം ചോദിക്കുന്നത്. അദ്ദേഹത്തെ പ്രകോപിപ്പിക്കാനാണ് അങ്ങനെ ചെയ്യുന്നത്. സമയം അറിയാനുള്ള കൗതുകത്തേക്കാൾ പ്രകോപിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. കഥകൾ ഇങ്ങനെയാണ് ഉണ്ടാകുന്നതെന്നാണ് എന്റെ പക്ഷം. ഞാൻ ഇങ്ങനെയാണ് എഴുതുന്നത്.

പിന്നെ കപ്പലിൽ ഉണ്ടാകുന്ന ഒന്നാണ് സ്‌നോവേ. എന്റെ ഒരു കഥയിൽ ഞാനിതിനെക്കുറിച്ചാണ് പറയുന്നത്. നമ്മുടെ അറിവോ സമ്മതമോ കൂടാതെ ഒരാൾ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് പോകുന്നതിന് നമ്മുടെ കപ്പലിൽ കയറും. അയാൾ ആരാണ്. ദെ ആർ നോബഡി എന്ന് നമ്മൾ പറയും. നോബഡി എന്ന് പറയുന്ന കുറച്ച് ആൾക്കാർ ഉണ്ട്‌. അവർക്ക് ഐഡന്റിറ്റി കാർഡുകൾ ഇല്ല. അവരെല്ലാവരും ഒത്താശയോടെ വരും. കപ്പൽ പുറപ്പെടുന്നതിന് മുമ്പ് കയറി ഒളിച്ചിരിക്കും. കപ്പലിന്റെ റൂഫിൽക്കൂടി ഒക്കെയായിരിക്കും അവർ കയറി വരിക. ഇങ്ങനെയുള്ളവർ കയറി പിടിക്കപ്പെട്ട കഥയുമുണ്ട്. അവർ മരിച്ചുപോയ സംഭവങ്ങളുമുണ്ട്. കടലിന്റെ നടുക്ക് കപ്പലിൽ നിന്ന് അവരെ വെള്ളത്തിൽ കളഞ്ഞ സംഭവങ്ങളുണ്ട്. ഇതിൽ എനിക്കുണ്ടായ രണ്ടനുഭവങ്ങൾ ഞാൻ വിവരിക്കാം. ഒന്ന്, ഞാൻ എഴുതും എന്ന് പറഞ്ഞപ്പോൾ റഷ്യൻ മാസ്റ്റർ പറഞ്ഞു തന്നതാണ്. ഇവർ കപ്പലിനകത്ത് കയറുമ്പോൾ മുമ്പിലത്തെ നല്ല വലുപ്പമുള്ള ഓസിൽ അള്ളിപ്പിടിച്ച് ചിലർ കപ്പലിൽ കയറി. നമ്മൾ പോയി ആളെ കണ്ടുപിടിച്ചു. ഈ കപ്പൽ അമേരിക്കയ്ക്ക് അല്ലേ പോകുന്നതെന്ന് അവർ ചോദിച്ചു. ഇത് ഇന്ത്യയിലേക്കാണ് പോകുന്നതെന്ന് പറഞ്ഞപ്പോൾ അവർ വന്നതുപോലെ ഇറങ്ങിപ്പോയി. സ്വന്തമായി ഒരു ഐഡന്റിറ്റി വരെ ഇല്ലാത്തവരാണിവർ. എവിടെ ജീവിക്കുന്നു? അച്ഛനും അമ്മയും ആരൊക്കെയാണെന്ന് ചോദിച്ചാൽ അവർക്ക് ഉത്തരം പറയാൻ ഒന്നുമില്ല. സ്വന്തം രാജ്യത്തിൽ അവരാരുമല്ല. അവരെ നോക്കാൻ ആരുമില്ല. എല്ലാവർക്കും കയറിചെല്ലാൻ ഒരിടം വേണമെന്നും സ്വസ്ഥമായി കിടന്നുറങ്ങാൻ കട്ടിൽ വേണമെന്നും മൂന്നു നേരം കഴിക്കാൻ ഭക്ഷണം വേണമെന്നും പ്രാർത്ഥിക്കുന്ന ഒരാളാണ് ഞാൻ. അതാണ് ശരിക്കുമുള്ള ഈശ്വരാധീനം. എന്നെ സംബന്ധിച്ചിടത്തോളം ദൈവവും അതുതന്നെയാണ്. എന്റെ കഥകളിലും ഇതുതന്നെയാണ് കാണുക.

ചില അനുഭവങ്ങൾ ട്രോമ ആയിട്ട് ഉള്ളിൽ കിടക്കും. അത്‌ ഇടയ്ക്കിടെ മനസ്സിൽ വന്നുകൊണ്ടേയിരിക്കും. അത്തരം അനുഭവങ്ങളാണ് കഥകളായിട്ട് വരുക. ഞാൻ കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്നും കൊച്ചിയിലേക്ക് വരുമ്പോൾ ഫ്ലൈറ്റ് ലാൻഡ് ചെയ്യുന്ന സമയത്ത് ആകാശത്തു നിന്നും ഒരു പടം എടുക്കുകയുണ്ടായി. ഒരു കഥയുടെ തുടക്കം കിട്ടിയത് ആ കാഴ്ചയിൽ നിന്നായിരുന്നു. ആ കാഴ്ച എനിക്ക് വളരെ അനിവാര്യമായി തോന്നി. ‘നാഡീവ്യൂഹം പോലെ പരന്നുകിടക്കുന്ന വഴി വെളിച്ചങ്ങൾ’ എന്ന് പറഞ്ഞാണ് ചെറുകഥ തുടങ്ങിയത്. എനിക്കൊരു കഥയുടെ തുടക്കം അങ്ങനെയാണ് കിട്ടിയത്. ഒരു ദിവസം ഞാൻ നാട്ടിൽ ചൂണ്ട ഇട്ടുകൊണ്ടിരിക്കുമ്പോഴാണ് പാലത്തിൽ കൂടി പരശുറാം പോയത്. ‘ഇര’ എന്ന കഥ അവിടെനിന്നാണ് എഴുതിത്തുടങ്ങുന്നത്. കഥയുടെ തുടക്കം ഇങ്ങനെയൊക്കെയാണ് എനിക്ക് കിട്ടുന്നത്.

ചില കഥകൾ തുടക്കം കിട്ടാതെയിരുന്ന് എഴുതി അലമ്പാവും. തുടക്കം കിട്ടാതെ വിഷമിച്ച് കഥയിലേക്ക് കയറാൻ വേണ്ടി വളഞ്ഞു വളഞ്ഞു പോകും. ചിലപ്പോൾ എഡിറ്റിങ്ങിൽ ആയിരിക്കും തുടക്കം ശരിയാവുക. 10 മിനിറ്റ് റൂൾ എന്നൊരു സംഭവമുണ്ട്. ഏതൊരു ടാസ്ക്കെടുത്ത് നോക്കുകയാണെങ്കിലും 10 മിനിറ്റ് ആ ടാസ്ക് തുടർച്ചയായി നമുക്ക് ചെയ്യാൻ കഴിയുകയാണെങ്കിൽ അത് തുടർന്നും ചെയ്യാൻ കഴിയുമെന്നാണ് പറയുന്നത്. പ്രാണന് വേണ്ടി പിടയുന്ന ഒരാൾ കാണിക്കുന്ന വെപ്രാളം അതാണ് ചില കഥകളിൽ ആദ്യം കാണുന്നത്. ഒന്ന് കേറി കിട്ടിയാൽ പിന്നെ ശരിയാകും. കഥയുടെ ആ ഒരു കിക്കിലേക്ക് വീണുകിട്ടിയാൽ പിന്നെ ഒഴുക്കൻ മട്ടിൽ എഴുതാൻ കഴിയും. പിന്നെ കഥ മുഴുവൻ എഴുതിക്കഴിഞ്ഞ് തുടക്കം എഴുതാം. അങ്ങനെ എഴുതുമ്പോൾ തുടക്കം എഴുതാൻ ഇഷ്ടംപോലെ സമയം ഉണ്ടാകും.

Other articles

എഴുത്തിന്റെ വിതാനങ്ങൾ

- അജയ് പി. മങ്ങാട്ട് -ജോലി കഴിഞ്ഞുള്ള സമയത്താണ്...

സാങ്കല്പികലോകത്തിലെ സഹയാത്രികര്‍

- സുഭാഷ് ഒട്ടുംപുറം -വായനയുമായോ എഴുത്തുമായോ വലിയ ബന്ധമൊന്നുമില്ലാത്ത ഒരിടത്ത് നിന്നാണ്...

രചനയുടെ അടിസ്ഥാനഘടകങ്ങൾ

- പി.എ. നാസിമുദ്ദീൻ -ഏറ്റവും സംഘർഷഭരിതമായ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്....

ഞാനും എഴുത്തും

- കെ.ആര്‍. ടോണി -പ്രായോഗികമായി ഒരു കവിതയെഴുതുന്നയാള്‍ എന്തിലൊക്കെ ശ്രദ്ധിക്കണം എന്നുള്ളത്...

വാക്കിന്റെ ജനിതകവ്യതിയാനം: സാഹിത്യഭാവനയും സമൂഹവും

- കെ.പി. ജയകുമാര്‍ -എന്താണ് സര്‍ഗാത്മകത? സാഹിത്യം സര്‍ഗാത്മകമാകുന്നതെങ്ങനെയാണ്?...

എഴുത്താലക്കുറിപ്പുകൾ

- പി. രാമൻ -ഇന്ദ്രിയവേദ്യമായ എഴുത്ത്പെറ്റുവീണ ഒരു കുഞ്ഞ് ലോകത്തെ...

ദൈവത്തിന്റെ ആഖ്യാനം

- കെ. പി. രാമനുണ്ണി -ആഖ്യാനം പ്രധാനമായും മൂന്നുതരത്തിലാണുള്ളത്. പ്രഥമപുരുഷാഖ്യാനം,...

കഥയെഴുത്തിലെ പ്രതിസന്ധിഘട്ടങ്ങൾ

- അയ്മനം ജോൺ -കഥയെഴുത്തിന്റെ കാര്യത്തിൽ ആദ്യത്തെ പ്രതിസന്ധിയെന്നത് തുടക്കം തന്നെയാണ്....