സാങ്കല്പികലോകത്തിലെ സഹയാത്രികര്‍

– സുഭാഷ് ഒട്ടുംപുറം –

വായനയുമായോ എഴുത്തുമായോ വലിയ ബന്ധമൊന്നുമില്ലാത്ത ഒരിടത്ത് നിന്നാണ് ഞാന്‍ എഴുതി തുടങ്ങിയത്. ഇപ്പോള്‍ എഴുതുന്നതും അതേയിടത്ത് നിന്ന് കൊണ്ട് തന്നെ. ഞാനിന്ന് ഒരെഴുത്തുകാരനായിട്ടുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ രണ്ടേ രണ്ട് വ്യക്തികള്‍ മാത്രമാണ്. ആദ്യത്തെയാള്‍ എന്‍റെ അമ്മമ്മ. രണ്ടാമത്തെയാള്‍ തോലില്‍ സുരേഷ് എന്ന ബാബുവേട്ടന്‍.

എഴുത്തും വായനയും അറിയാത്ത അമ്മമ്മയ്ക്ക് ഞാനെഴുത്തുകാരനായെന്നോ ഞാനെന്താണ് എഴുതുന്നതെന്നോ അറിയുമായിരുന്നില്ല. മരണപ്പെടും വരെ ഞാനമ്മമ്മക്ക് ഏറ്റവും പ്രിയപ്പെട്ട പേരക്കുട്ടി മാത്രമായിരുന്നു. ഒരുദിവസം മെല്ലെ അടുത്ത് പോയിരുന്ന്, എന്നെ എഴുത്തുകാരനാക്കിയത് അമ്മമ്മയാണെന്ന് പറയണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു ഞാന്‍. പക്ഷേ, കഴിഞ്ഞില്ല. അതിന് മുമ്പ് അമ്മമ്മ മരിച്ചുപോയി. അമ്മമ്മ അങ്ങനെ പെട്ടെന്ന് മരിച്ച് പോവുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ഇഷ്ടമുള്ളവര്‍ എക്കാലവും കൂടെയുണ്ടാകും എന്ന് കരുതുന്നത് അതിമോഹമാവാം.

സ്ക്കൂളില്‍ പോകുന്ന സമയത്ത് മിഠായി വാങ്ങാന്‍ അമ്മമ്മ ചില്ലറത്തുട്ടുകള്‍ തരും. മിഠായി വാങ്ങാതെ ആ കാശ് കൂട്ടിവെച്ച് ആഴ്ച്ചമുട്ടുമ്പോള്‍ ഞാന്‍ ബാലരമയും ബാലമംഗളവുമൊക്കെ വാങ്ങിക്കും. അങ്ങനെയാണ് വായനയിലേക്കുള്ള തുടക്കം. ആ ചില്ലറകളാണ് ഇന്നത്തെ എന്‍റെ എഴുത്തിന്‍റെ മൂലധനം.

ആദ്യമൊക്കെ എന്തെഴുതണം, എങ്ങനെ എഴുതണം എന്നൊരു പിടിയുമില്ലായിരുന്നു. സ്കൂളില്‍ പഠിക്കുമ്പോള്‍ ഒന്ന് രണ്ട് തവണ കഥാ-കവിതാ രചനകളില്‍ ഒന്നാം സമ്മാനം കിട്ടിയിരുന്നെങ്കിലും ഒരു കാഴ്ച്ചപ്പാട് ഇല്ലാത്തത് വലിയ പ്രശ്നമായിരുന്നു. ഒരെഴുത്തുകാരനാകണം എന്ന് മാത്രമേ ജീവിതത്തില്‍ കാര്യമായി ആഗ്രഹിച്ചുള്ളൂ. തെളിച്ച് പറഞ്ഞാല്‍ എഴുത്തുകാരനാവുക എന്ന ആഗ്രഹം മാത്രം.

ആ ആഗ്രഹത്തിന്‍റെ പുറത്ത് ഒന്ന് രണ്ട് കഥകള്‍ എഴുതി ചില വാരികകള്‍ക്ക് അയച്ചു കൊടുത്തെങ്കിലും പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായില്ല. അതായത് കഥക്ക് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായിരുന്നില്ലെന്ന്. അവരത് വായിച്ച് ചിരിച്ചിട്ടുണ്ടാവും. തീര്‍ച്ച.

പത്രാധിപന്മാരില്‍ നിന്ന് മറുപടിയൊന്നുമില്ലാത്തത് കൊണ്ട് ഞാന്‍ പിന്നെ ആ പണിക്ക് നിന്നില്ല. എഴുത്തുകാരനാവുക എനിക്ക് പറ്റിയ പണിയല്ലെന്ന് മനസ്സിലായത് കൊണ്ടും കൗമാരത്തിന്‍റെ ചില തുടിപ്പുകള്‍ അറിഞ്ഞ് തുടങ്ങിയത് കൊണ്ടും എന്‍റെ ഇഷ്ടങ്ങള്‍ മറ്റു പലതിലേക്കും വഴിമാറി. അടക്കം പറയുമ്പോലെ പറയട്ടെ;ആ കാലം പ്രണയങ്ങളാല്‍ സമ്പന്നമായിരുന്നു. ആ നിമിഷങ്ങളില്‍ ഞാന്‍ ജീവിച്ചു. എന്‍റെ പുസ്തകങ്ങളില്‍ മാറാല പിടിച്ചു.

വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു ദിവസം ബാബുവേട്ടന്‍ നാട്ടിലെത്തിയപ്പോള്‍ എന്നെ വീട്ടിലേക്ക് വിളിച്ചു. കുറേ നാളുകളായിരുന്നു ഞങ്ങള്‍ തമ്മില്‍ കണ്ടിട്ട്. കുറേ നാട്ടുകാര്യങ്ങള്‍ പറഞ്ഞിരിക്കുന്നതിനിടെ താന്‍ എഴുതാന്‍ പോകുന്ന ഒരു കഥയെ കുറിച്ച് അദ്ദേഹം പറഞ്ഞു. അദ്ദേഹം ചിത്രകാരന്‍ മാത്രമല്ല; ഒരു നല്ല കഥാകൃത്ത് കൂടിയാണ്; കവിയും. എഴുതാന്‍ പോകുന്ന കഥയും അത് അവതരിപ്പിക്കാനുദ്ദേശിക്കുന്ന രീതിയും ബാബുവേട്ടന്‍ വിവരിച്ചപ്പോള്‍, എന്തോ ഞാനറിയാതെ എന്‍റെയുള്ളില്‍ ഒരു കടലിളക്കം. ആ നിമിഷം വരെ ഒരിക്കല്‍ക്കൂടി കഥയെഴുതുന്നതിനെ പറ്റി ഞാനാലോചിച്ചിട്ടേയില്ലായിരുന്നു. അദ്ദേഹം അങ്ങനെ സംസാരിച്ചുകൊ ണ്ടിരിക്കുമ്പോള്‍ എന്‍റെ മനസ്സ് ഒരു പരീക്ഷണത്തിന് തയ്യാറെടുക്കുകയായിരുന്നു. ഒരു കാഴ്ചപ്പാട് എന്‍റെയുള്ളില്‍ ഒരൊറ്റ നിമിഷം കൊണ്ട് രൂപപ്പെട്ടു.

ബാബുവേട്ടനോട് യാത്ര പറഞ്ഞ് ഞാന്‍ പുഴയോരത്തൂടെ നടന്നു. അങ്ങനെ നടക്കുമ്പോള്‍ ഞാന്‍ പുഴ കണ്ടില്ല. വഴി കണ്ടില്ല. ഞാനാകെ കണ്ടത് ഒരു തെങ്ങ് മാത്രമായിരുന്നു. എന്‍റെ കൈ കൊണ്ട് നട്ട, ഞാന്‍ നനച്ച് വളര്‍ത്തിയ ഒരു തെങ്ങ്. ഓലപ്പുരയുടെ ചോര്‍ച്ച തീര്‍ക്കാന്‍ അച്ഛന് വില്‍ക്കേണ്ടി വന്ന ആ തെങ്ങ് എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷം എന്‍റെയുള്ളില്‍ കുലച്ച് പൊന്താന്‍ തുടങ്ങി. വീടെത്തിയപ്പോഴേ ക്കും ‘ഓല’ എന്ന പേരില്‍ എന്‍റെയുള്ളില്‍ ഒരു കഥ രൂപപ്പെട്ടു. ഞാനത് നോട്ട്ബുക്കിലേക്ക് പകര്‍ത്തി. തിരുത്തി. വീണ്ടുമെഴുതി. പിന്നെ മടിച്ച് മടിച്ച് ബാബുവേട്ടനെ വിളിച്ചു. ഞാനൊരു കഥ എഴുതീട്ട്ണ്ട് ആര്‍ക്കയച്ച് കൊടുക്കണം എന്ന് ചോദിച്ചു. ഞാനത് പറഞ്ഞപ്പോള്‍ തീര്‍ച്ചയായും അദ്ദേഹം അത്ഭുതപ്പെട്ടിരിക്കണം. കാരണം ഞാന്‍ കഥയെഴുതുന്നത് അദ്ദേഹത്തിന്‍റെ സങ്കല്‍പ്പത്തിലേ ഉണ്ടായിരിക്കാന്‍ സാധ്യതയില്ല. “ആദ്യം എനിക്കയക്ക്’- ബാബുവേട്ടന്‍ പറഞ്ഞു. അദ്ദേഹം താമസിക്കുന്നത് കോഹിനൂരിലെ വാടകവീട്ടിലാണ്.

ഞാന്‍ കഥയും കൊണ്ട് താനൂരിലെ ക്രിയേറ്റിവ് മീഡിയയിലെ രാജേട്ടന്‍റെ അടുത്ത് ചെന്നു. മുന്‍പൊരു തവണ ഒരു വിവരാവകാശത്തിന്‍റെ അപേക്ഷ ഡിടിപി ചെയ്യിക്കാന്‍ മാത്രമാണ് ഞാനവിടെ ചെന്നിട്ടുള്ളത്. ഞാന്‍ കഥ രാജേട്ടന് കൊടുത്തു. വല്ലാത്ത മടിയും അതിലേറെ നാണവുമുണ്ടായിരുന്നു എനിക്കപ്പോള്‍. ടൈപ്പ് ചെയ്യുന്ന അദ്ദേഹമാകുമല്ലോ ആദ്യവായനക്കാരനും. ഒരാഴ്ച കഴിഞ്ഞ് ചെന്നപ്പോള്‍ അതിലേറെ നാണം. ഞാന്‍ മടിച്ച് മടിച്ച് അകത്തേക്കു കയറി. എന്നെ കണ്ടപ്പോള്‍ രാജേട്ടന്‍ പറഞ്ഞു, സുഭാഷേ ഞാനും കുറച്ചൊക്കെ വായിക്കുന്ന ആളാണ്. കഥ നന്നായിട്ടുണ്ട്. ആദ്യത്തെ അഭിപ്രായമായിരുന്നു അത്. ആത്മാര്‍ത്ഥമായിട്ടുള്ളതാണെന്ന് മുഖം വെളിപ്പെടുത്തി.

കഥയുടെ pdf ഞാന്‍ ബാബുവേട്ടന് അയച്ചു കൊടുത്തു. കുറച്ച് ദിവസം കഴിഞ്ഞ് ബാബുവേട്ടന്‍ എന്നെ വിളിച്ചു. “നീയിങ്ങ് കോഹിനൂര്‍ക്ക് വാ..”

ഞാന്‍ കോഹിനൂര്‍ക്ക് ബസ് കയറി. അദ്ദേഹത്തിന്‍റെ മുദ്ര ബുക്സിലിരുന്ന് ഓലയെ എങ്ങനെ മെടയാം (എഡിറ്റ് ചെയ്യാം) എന്ന് കാണിച്ച് തന്നു. തിരിച്ച് വരുമ്പോള്‍ അദ്ദേഹം പറഞ്ഞു: “നിനക്കെഴുതാനുള്ള കഴിവുണ്ട്. എഴുതൂ.”

ആ കഥ ചന്ദ്രിക ആഴ്ച്ചപ്പതിപ്പിലേക്കയക്കുമ്പോള്‍ എനിക്കൊരു പ്രതീക്ഷയുമില്ലായിരുന്നു. ഒരുമാസത്തിനു ശേഷം കഥ പ്രസിദ്ധീകരണത്തിന് തിരഞ്ഞെടുത്തിട്ടുണ്ടെന്ന അറിയിപ്പ് വന്നു. ഞാന്‍ പതിയെ നിലം വിട്ടുയര്‍ന്ന് തെങ്ങിന്‍റെ കൊരലിലെത്തി.

പിന്നെയും കുറച്ചു മാസങ്ങള്‍ക്കുശേഷം ‘ഓല’ ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചു വന്നു. പരപ്പനങ്ങാടിയിലെ ‘കാലിക്കറ്റ് ബുക്ക് സ്റ്റാളില്‍’ നിന്ന് അവിടെ ആകെയുള്ള മൂന്ന് കോപ്പികളും വാങ്ങി. അവിടെ വെച്ച് തന്നെ വാരിക തുറന്നു. എന്‍റെ ഹൃദയമിടിക്കുന്നത് പരപ്പനങ്ങാടി മുഴുവന്‍ കേട്ടിട്ടുണ്ടാവണം. അങ്ങനെ അവരെന്നെ എഴുത്തുകാരനാക്കി; എന്‍റെ അമ്മമ്മയും ബാബുവേട്ടനും.

എഴുത്തുകാരാവാന്‍ ഇന്നാര്‍ക്കും പറ്റും. ചുമ്മാ എഴുതുകയേ വേണ്ടൂ. പക്ഷേ, നല്ല എഴുത്തുകാരനാകാന്‍ എല്ലാര്‍ക്കും പറ്റിയെന്നു വരില്ല. നല്ല വായനക്കാരനു മാത്രമേ നന്നായി എഴുതാന്‍ കഴിയൂ എന്നതാണ് എന്‍റെ വിശ്വാസം. യാത്രാനുഭവങ്ങളോ തീക്ഷ്ണമായ ജീവിതാനുഭവങ്ങളോ എഴുത്തുകാരനെ തുണയ്ക്കുമെന്ന വിശ്വാസം എനിക്കില്ല. ഭാഷ നല്ലതല്ലെങ്കില്‍ നല്ലൊരു വായനക്കാരനെ സ്പര്‍ശിക്കാന്‍ ഒരെഴുത്തുകാരനും സാധിക്കില്ല. എന്‍റെയറിവില്‍ ഞാന്‍ നല്ലൊരു വായനക്കാരനാണ്. എന്‍റെ എഴുത്തിനെ പറ്റി ഞാനൊന്നും പറയുന്നില്ല. അത് പറയേണ്ടത് തീര്‍ച്ചയായും ഞാനല്ല. വായനയ്ക്ക് പ്രത്യേക നിയമമൊന്നുമില്ലാത്തതുപോലെ എഴുത്തിനും അതില്ല എന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഇനിയഥവാ അങ്ങനെയൊന്നുണ്ടെങ്കില്‍ തന്നെ വായനക്കാരന്‍റെ സമയത്തേയും ധനത്തേയും മാനിക്കണം എന്നതു മാത്രമാണ് എന്‍റെ നിയമം. പ്രുമഖ നടനും തിരക്കഥാകൃത്തുമായിരുന്ന ശ്രീനിവാസന്‍ പറഞ്ഞ രസകരമായ ഒരു കാര്യം ഓര്‍മ്മ വരുന്നു. നല്ലതല്ലെന്ന കാരണത്താല്‍ ഞാനുപേക്ഷിച്ച അമ്പതോളം സിനിമകളാണ് മലയാള സിനിമയ്ക്കുളള എന്‍റെ സംഭാവന. തീര്‍ച്ചയായും സാഹിത്യത്തിനും ഇത് ബാധകമാണ്.

ഞാനെന്‍റെ വായനയെ പറ്റി ആദ്യം പറയാമെന്ന് വിചാരിക്കുന്നു.

സ്കൂളില്‍ പഠിക്കുമ്പോള്‍ ബാലരമയും ബാലഭൂമിയുമൊക്കെ വായിച്ചു കൊണ്ടായിരുന്നു എന്‍റെ തുടക്കം. അക്കാലത്തെ കുട്ടികള്‍ മിക്കവരും അങ്ങനെ തന്നെയായിരിക്കും. കഥകള്‍ എന്നെ എപ്പോഴും വിസ്മയിപ്പിച്ചിരുന്നു. ഞാനതില്‍ ആനന്ദിച്ചിരുന്നു. ഞാനെപ്പോഴും എന്‍റെ ചുറ്റിനും ഒരു സാങ്കല്പിക ലോകം തീര്‍ത്തിരുന്നു. ആ ലോകത്തില്‍ എനിക്ക് ധാരാളം സഹയാത്രികരുണ്ട്. അവരൊക്കെയാണ് എന്‍റെ കഥാപാത്രങ്ങള്‍ എന്ന് ഏറെ ഇഷ്ടത്തോടെ പറയട്ടെ.

ഹൈസ്കൂളിലെത്തിയപ്പോഴാണ് ബാലമാസികളില്‍ നിന്ന് പുസ്തകങ്ങളിലേക്ക് വായന മാറിയത്. ഫിഷറീസ് സ്കൂളിലെ സ്റ്റാഫ് റൂമിന്‍റെ മൂലയില്‍ ചാരി വെച്ച അലമാരയായിരുന്നു ഞങ്ങളുടെ ലൈബ്രറി. അതേറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയതും ഞാന്‍ തന്നെയാണ്. ഒ. വി വിജയന്‍, എം. മുകുന്ദന്‍, എം.ടി, എസ് കെ പൊറ്റക്കാട്, ആനന്ദ് എന്നിങ്ങനെ മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരിലേക്ക് എന്‍റെ വായന പടര്‍ന്നു കയറി.

ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഞാനെന്‍റെ വായനയുടെ ശൈലി മാറ്റി. ലോകസാഹിത്യത്തിലെ വിവര്‍ത്തനങ്ങള്‍ എനിക്കു മുന്നില്‍ മറ്റൊരു ലോകം തുറന്നു തന്നു. ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസ്, ഹുവാന്‍ റൂള്‍ഫോ, ചെക്കോവ്, ഇവോ ആന്‍ഡ്രീച്ച്, അരുന്ധതി റോയി എന്നിങ്ങനെയുള്ള എഴുത്തുകാര്‍ക്ക് മുന്നില്‍ ഞാന്‍ അത്ഭുതപ്പെട്ട് നിന്നു.

വായനയില്‍ ഭാഷ എനിക്ക് പ്രധാനമാണ്. നല്ല ഭാഷയുളള എഴുത്തുകാരോട് എനിക്ക് സ്നേഹവും ആദരവും കൂടും. പുതിയ എഴുത്തുകാരില്‍ പലര്‍ക്കും ഇല്ലാത്തത് നല്ല ഭാഷയാണ്. മലയാളത്തില്‍ ഭാഷ കൊണ്ട് എന്നെ വശീകരിച്ച എഴുത്തുകാരെപ്പറ്റി പറയാം.

ഒ. വി. വിജയന്‍, ആനന്ദ്, സുഭാഷ് ചന്ദ്രന്‍, ഇ സന്തോഷ് കുമാര്‍, സി അയ്യപ്പന്‍, ടി പി രാജീവന്‍, പ്രകാശ് മാരാഹി ….

ഒരൊറ്റ തവണ കൊണ്ട് വായിച്ചെടുക്കാന്‍ കഴിയുന്ന പുസ്തകങ്ങളേക്കാള്‍ എനിക്കിഷ്ടം പല തവണ വായിപ്പിക്കുന്ന പുസ്തകങ്ങളാണ്. ഈസി റീഡിംഗ് പലപ്പോഴും ഒന്നുമവശേഷിപ്പിക്കാതെ കടന്നുപോവുകയാണ് പതിവ്. ലോജിക്കില്ലാത്ത ചില സിനിമകള്‍ കണ്ടു മറക്കുന്നത് പോലെ. ഒരു ദൃശ്യം, ഒരു കഥാപാത്രം അതുമല്ലെങ്കില്‍ ഒരു സംഭാഷണമെങ്കിലും നമ്മുടെയുള്ളില്‍ അവശേഷിപ്പിക്കാതെ ഒരു പുസ്തകം വായിച്ചു തീരുന്നത് എത്ര ഖേദകരമാണ്

സുഭാഷ് ചന്ദ്രന്‍റെ മനുഷ്യന് ഒരാമുഖം എന്ന നോവലിലെ ഒരു സന്ദര്‍ഭം നോക്കൂ,

ഒരാണ്‍കുഞ്ഞിനെ കിട്ടാന്‍ അവള്‍ തച്ചനക്കരത്തേവര്‍ക്കു വഴിപാട് നേര്‍ന്നിരുന്നു. ഒരു രാത്രി സുരതക്ഷീണംകൊണ്ട് മോഹാലസ്യത്തിന്‍റെ വക്കോളമെത്തിയിരുന്ന ചിന്നമ്മ വെള്ളമെടുത്തുകുടിക്കാന്‍വേണ്ടി അടുക്കളവാതിലാണെന്നു കരുതി ഉമ്മറത്തേക്കുള്ള വാതില്‍ തുറന്ന് ഇളംതിണ്ണയിലിരുന്ന ഓട്ടുകിണ്ടി എടുത്തു. അന്നു പൗര്‍ണമിയായിരുന്നു. പഴയ ഓലപ്പുര പൊളിച്ചതിന്‍റെ ഓലകള്‍ അടുക്കിവച്ചിരുന്ന കിഴക്കേ പറമ്പില്‍ തീക്ഷ്ണ സുഗന്ധിയായ ഒരു ചെമ്പകം പൂത്തുനിന്നിരുന്നു. നിലാവും പാതിരാക്കാറ്റിലെ ചെമ്പകസുഗന്ധവും ചേര്‍ന്നപ്പോള്‍ ഒഴിഞ്ഞ കിണ്ടിയില്‍ സ്വര്‍ഗീയമായ ഒരു പാനീയം നിറഞ്ഞിരിക്കുന്നതായി ചിന്നമ്മയ്ക്കു മതിഭ്രമമുണ്ടായി. അവള്‍ ദാഹം തീരുവോളം കിണ്ടിയില്‍നിന്നു കുടിച്ചിട്ട് ബാക്കി ഭര്‍ത്താവിനുകൊടുക്കാനായി കിടപ്പറയിലേക്കു കൊണ്ടു പോയി. ഒഴിഞ്ഞ കിണ്ടിയിലേക്ക് റാന്തല്‍ നീട്ടി ചിരിച്ചുകൊണ്ട് ശങ്കരന്‍ പറഞ്ഞു: “മണ്ടീ, അരക്കിണ്ടിയോളം നീ കുടിച്ചുതീര്‍ത്തത് വെറും നിലാവായിരുന്നു!” വാസ്തവത്തിലേക്കു മടങ്ങിവന്ന് പൊട്ടിച്ചിരിക്കാന്‍ ചിന്നമ്മ പത്തുനിമിഷമെടുത്തു. എന്നാല്‍ ആ പത്തു നിമിഷം, ഒരു പുതിയ ആത്മാവ് പൂര്‍ണമായും മുതലാക്കിക്കഴിഞ്ഞിരുന്നു. ചിന്നമ്മയുടെ ഗര്‍ഭപാത്രത്തില്‍ അന്നുരാത്രി ഉരുവം കൊണ്ടുകഴിഞ്ഞിരുന്ന അതിന് ആദ്യമായി കിട്ടിയ പോഷകം അതായിരുന്നു: അരക്കിണ്ടി നിലാവ്.

അതു പോലെ അരുന്ധതി റോയിയുടെ കുഞ്ഞുകാര്യങ്ങളുടെ ഒടേ തമ്പുരാന്‍ എന്ന നോവലില്‍ എസ്തയെ യാത്രയാക്കുന്ന സന്ദര്‍ഭം. ഭാഷ കൊണ്ടും ആഖ്യാനഭംഗി കൊണ്ടും അത് നമ്മെ വശീകരിക്കും.

ഭാവനയുടെ പ്രാധാന്യം

നല്ല എഴുത്തുകാരന് അത്യാവശ്യം വേണ്ടത് നല്ല വായനയാണെന്ന് പറഞ്ഞല്ലോ. അതുപോലെ തന്നെ അത്യാവശ്യമാണ് ഭാവനയും. നല്ല ഭാവനയ്ക്ക് വായന നിര്‍ബ്ബന്ധമാണ്. അതു പോലെ തന്നെ ഭാവനയ്ക്കുള്ള മറ്റൊരു വളമാണ് സിനിമ. ലോകസിനിമകള്‍ പലതും എന്‍റെ ഭാവനയെ വല്ലാതെ ഉത്തേജിപ്പിച്ചിട്ടുണ്ട്. ഇഗ്മെര്‍ ബര്‍ഗ്മന്‍, അകിര കുറസോവ മുതല്‍ ക്ലിന്‍റ് ഈസ്റ്റ് വുഡ് അഭിനയിച്ച വൈല്‍ഡ് വെസ്റ്റ് കൗബോയ് സിനിമകള്‍ വരെ അതിലുണ്ട്. അധികം യാത്ര ചെയ്യാത്ത, ഘോരമായ ജീവിതാനുഭവങ്ങളൊന്നുമില്ലാത്ത എനിക്ക് ഭാവനയെ ആശ്രയിക്കാതെ വേറെ വഴിയില്ല. മാത്രമല്ല, എത്ര തീക്ഷണമായ ജീവിതാനുവങ്ങള്‍ ഉണ്ടെങ്കിലും അതില്‍ ഭാവനയുടെ അംശമില്ലെങ്കില്‍ എഴുതുന്നത് വെറും അനുഭവക്കുറിപ്പുകള്‍ മാത്രമായിത്തീരും. സാഹിത്യവിഭവത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചേരുവയാണ് ഭാവന.

കഥയ്ക്കുള്ള വിഷയങ്ങള്‍ അഥവാ കഥയുടെ അസംസ്കൃത വസ്തു

കഥയ്ക്കുള്ള വിഷയങ്ങള്‍ എങ്ങനെ കണ്ടെത്താമെന്നതാണ് പ്രധാനപ്പെട്ട കാര്യം. നല്ല നിരീക്ഷണമുണ്ടെങ്കില്‍ ചുറ്റുപാടുകളില്‍ നിന്നത് ധാരാളമായി കിട്ടും. എന്‍റെ ഒരു എഴുത്തുകാരന്‍ സുഹൃത്ത് പറഞ്ഞത് കണ്ണും കാതും തുറന്നുവെച്ച് ചുമ്മാ മാര്‍ക്കറ്റിലൊന്ന് കയറിയിറങ്ങി വന്നാല്‍ മതി, ഒരു കവറു നിറയെ കഥയുമായി വരാമെന്നാണ്.

ധാരാളം യാത്ര ചെയ്യുകയും ഒത്തിരി മനുഷ്യരെ കാണുകയും ചെയ്യുന്നവര്‍ക്ക് കഥയ്ക്കുള്ള വിഷയങ്ങള്‍ക്ക് ക്ഷാമമുണ്ടാകില്ല എന്നത് സത്യമാണ്. പക്ഷേ, ഇതൊന്നുമില്ലാത്ത ഞാന്‍ എങ്ങനെയാണ് കഥയും കഥാപാത്രങ്ങളേയും സൃഷ്ടിക്കുന്നതെന്നു പറയാം.

അനുഭവം

ആദ്യകഥയായ ഓല എന്‍റെ ജീവിതത്തിലെ ഒരു ചെറിയ സംഭവത്തില്‍ നിന്നുണ്ടായ കഥയാണ്. എന്‍റെ കൈ കൊണ്ട നട്ട ഒരു തെങ്ങ് ഞങ്ങളുടെ കിഴക്കെ മുറ്റത്ത് വളര്‍ന്നു വന്നിരുന്നു. നനച്ചും തലോടിയും ഞാനാ വൃക്ഷത്തെ വല്ലാതെയങ്ങ് സ്നേഹിച്ചു. ആ തെങ്ങ് പൂക്കുന്നതും കുലയ്ക്കുന്നതും ഞാന്‍ സ്വപ്നം കണ്ടു. എന്നും രാവിലെ ഞാനതിന്‍റെ കുരലിലേക്ക് നോക്കും. ഒരു ദിവസം എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് തെങ്ങു കുലച്ചു. ഗര്‍ഭവതിയായ അനിയത്തിയെന്ന പോലെ ഞാനാ തെങ്ങിനെ പരിചരിച്ചു. ഒരുദിവസം സ്കൂള്‍ വിട്ടു വന്നപ്പോള്‍ തെങ്ങ് കാണാനില്ല. ഓലകള്‍ ചിറകുകളാക്കി അത് പറന്നു പോയോ എന്ന് ഞാന്‍ സംശയിച്ചു. തെങ്ങ് നിന്നിരുന്ന സ്ഥലത്ത് പുതുമണ്ണിളകി കിടന്നിരുന്നു. പിന്നെ കുറേ വേരുകളും. അച്ഛനത് വിറ്റു കളഞ്ഞെന്ന് അമ്മ പറഞ്ഞു. ഒരു തെങ്ങ് വില്‍ക്കാന്‍ മാത്രം ദാരിദ്ര്യം അന്നച്ഛനുണ്ടായിരുന്നെന്ന് ഓര്‍ക്കുമ്പോള്‍ ശരിക്കും സങ്കടം തോന്നുന്നുണ്ട്. അതാര്‍ക്കാണ് വിറ്റതെന്ന് ഞാന്‍ ചോദിച്ചു. സ്കൂളില്‍ പോകുന്നു വഴിയോരത്തെ ഒരു പറമ്പില്‍ ആ തെങ്ങ് പുതുതായി വേരുറപ്പിക്കുന്നത് അച്ഛന്‍ എനിക്ക് കാണിച്ചു തന്നു. പിന്നീടെന്നും സ്കൂളില്‍ പോകുമ്പോഴും വരുമ്പോഴും ഞാനെന്‍റെ തെങ്ങിനെ വേദനയോടെ നോക്കും.

ആ പറമ്പില്‍ വേറെയും ധാരാളം തെങ്ങുകളുണ്ടായിരുന്നു. ഒരിക്കല്‍ എന്‍റേതായിരുന്ന പ്രിയപ്പെട്ട തെങ്ങിനെ ആ തെങ്ങിന്‍തോപ്പില്‍ നിന്ന് ഇപ്പോളെനിക്ക് തിരിച്ചറിയാനാവുന്നില്ല. തെങ്ങും ഞാനും ഒത്തിരി വളര്‍ന്നു. ഞങ്ങള്‍ക്കിടയില്‍ ഒട്ടുമേ മങ്ങാതെ കിടക്കുന്നുണ്ട് ഓര്‍മ്മകള്‍.

ആ ഓര്‍മ്മയാണ് ഓല എന്ന കഥ. ഈ ഓര്‍മ്മകളിലേക്ക് അച്ഛന്‍ പറഞ്ഞു തന്ന ഇറ്റെലിയുടെ കഥയും സാങ്കല്പികമായ കുറച്ചു കഥാപാത്രങ്ങളേയും ചേര്‍ത്താണ് ഓല എന്ന കഥ അണിയിച്ചൊരുക്കിയത്.

ഇറ്റെലികളെ കുറിച്ച് ഓല എന്ന കഥയില്‍ പറയുന്ന സന്ദര്‍ഭം പരാമര്‍ശിക്കുന്നത് നന്നാവുമെന്നു തോന്നുന്നു.

പലയിടത്തുനിന്നായി നുള്ളിപ്പെറുക്കിയെടുത്ത കാശുകൊണ്ട് സാധനങ്ങള്‍ വാങ്ങി വീട് കെട്ടാറാകുമ്പോഴേയ്ക്കും മഴക്കാലം പകുതിയായിട്ടുണ്ടാകും. രാത്രി കിടക്കുമ്പോള്‍ ഓലക്കീറിലുടെ ഇറ്റു വീഴുന്ന മഴത്തുള്ളികള്‍ ഉറക്കം കെടുത്തുമായിരുന്നു. ഈ മഴത്തുള്ളികളെ അച്ഛന്‍ ‘ഇറ്റെലികള്‍‘ എന്നായിരുന്നു വിളിച്ചിരുന്നത്. ഇറ്റെലികള്‍ വീണ് ചാണകം മെഴുകിയ തറ വൃത്തികേടാകാതിരിക്കാന്‍, വെള്ളമിറ്റുവീഴുന്ന സ്ഥലങ്ങളില്‍ അമ്മ പാത്രങ്ങള്‍ കൊണ്ടുവെയ്ക്കും. രാവിലെ മഴവെള്ളം നിറഞ്ഞ അനേകം പാത്രങ്ങള്‍ക്കു നടുവില്‍ നിന്ന് ഉറക്കമുണരുന്ന കാഴ്ച ഇപ്പോഴും എന്‍റെ മനസ്സിലുണ്ട്. രാത്രി മഴപെയ്യുമ്പോഴെല്ലാം അച്ഛന്‍ പറയുന്ന ഒരു കഥയുണ്ട്. ഇതുപോലൊരു വീട്ടില്‍, നല്ല മഴയുള്ള ഒരു രാത്രി ഒരച്ഛനും അമ്മയും അവരുടെ കുട്ടികളേയും ചേര്‍ത്തുപിടിച്ച് ഉറങ്ങാതെ ഇരിക്കുകയായിരുന്നുവെത്രെ. ചോര്‍ന്നൊലിക്കുന്ന കൂരയുടെ പുറത്ത് അവരെ പിടിക്കാന്‍ ഒരു പുലി പതുങ്ങിയിരിക്കുന്നുണ്ടായിരുന്നു. പുലി പുറത്തുള്ള കാര്യം അകത്തുള്ളവര്‍ അറിഞ്ഞിരുന്നില്ല. ചോര്‍ച്ച അസഹ്യമായപ്പോള്‍ ആ അച്ഛന്‍ പറഞ്ഞു:

‘നരിയേക്കാളും പുലിയേക്കാളും പേടിക്കേണ്ടത് ഈ ഇറ്റെലികളെയാ’

അതുകേട്ട പുലി തന്നേക്കാളും ഭീകരനാണ് ഇറ്റെലി എന്നുകരുതി പേടിച്ചോടി ന്നാണ് കഥ. രാത്രി മഴപെയ്യുമ്പോഴെല്ലാം അച്ഛന്‍ ഈ കഥ ആവര്‍ത്തിക്കാറുണ്ടായിരുന്നു. പുര കെട്ടിമേയാനാകാത്തതിന്‍റെ നൈരാശ്യമായിരിക്കണം ആ കഥ പറയുന്നതിലൂടെ മറയ്ക്കാന്‍ ശ്രമിച്ചിരുന്നത്.-(ഓല എന്ന കഥയില്‍ നിന്ന്)

അനുഭവം + ഭാവന = ഓല. അതാണ് സംഗതി.

ദൃശ്യം, സംഭവം

വഴിയില്‍ കാണുന്ന ഒരു സംഭവം, (അതിന്‍റെ വിശദാംശങ്ങള്‍ ഒരു പക്ഷേ നമ്മളറിയണമെന്നില്ല) അല്ലെങ്കില്‍ വെറുമൊരു ദൃശ്യം നമ്മുടെ ഭാവനയെ ഉത്തേജിപ്പിക്കാം.

ഒരേ കടലിലെ കപ്പലുകള്‍ എന്ന കഥ അങ്ങനെയൊരു ദൃശ്യത്തിന്‍റെ ആവിഷ്കാരമാണ്.

വഴിയോരത്തെ വീടിന്‍റെ ഉമ്മറത്ത് പ്രായമായ ഒരു സ്ത്രീ ഇരിക്കുന്നത് ഞാനെന്നും കാണാറുണ്ട്. വഴിയിലേക്ക് നോക്കി എന്തോ ആലോചിച്ചു കൊണ്ടുള്ള ഇരിപ്പ് ഏറെനേരം നീളും. ഒരു ദിവസം ഞാനും സഖാവ് അനിയേട്ടനും അതിരാവിലെ നടക്കാനിറങ്ങിയപ്പോള്‍ അവരെന്നെ മാടിവിളിച്ചു. ഞാനങ്ങോട്ട് ചെന്നു. അടുത്ത് ചെന്നിട്ടും അവരെന്നെ കണ്ട ഭാവം നടിച്ചില്ല. അവര്‍ക്ക് ഓര്‍മത്തകരാറുള്ള കാര്യം അനിയേട്ടന്‍ അപ്പോഴാണ് പറഞ്ഞത്. ആരെ കണ്ടാലും അങ്ങനെ മാടിവിളിക്കുമത്രേ.

ഒരാളുടെ ഓര്‍മകള്‍ ശോഷിക്കുന്നത് പുറത്തുനിന്ന് നോക്കുന്ന ആള്‍ക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. എന്നും കാണുന്ന ആളുടെ രൂപമാറ്റം പോലും നമ്മള റിഞ്ഞു കൊള്ളണമെന്നില്ലല്ലോ. കാണുന്നവരെയെല്ലാം അങ്ങനെ മാടിവിളിക്കുമ്പോള്‍ അവരുടെ ഉള്ളിലെന്തായിരിക്കും എന്ന് ഞാന്‍ പിന്നീട് ആലോചിച്ചുനോക്കിയിട്ടുണ്ട്. അതിനുശേഷം മാടി വിളിക്കുമ്പോളൊക്കെ ഞാന്‍ അവരെ കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്യും. പിന്നീട്, നിത്യവും ചെയ്യുന്ന വ്യായാമം പോലെയായി ആ മാടിവിളിയും എന്‍റെ കൈവീശലും.

ഒരു ദിവസം ആ വീട്ടുമുറ്റത്തുനിന്ന് അവരുടെ മകന്‍റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടു. ആളുകളെ മാടി വിളിക്കുന്നതിന് അമ്മയെ ശകാരിക്കുകയായിരുന്നു വൃദ്ധനായിക്കൊണ്ടിരിക്കുന്ന മകന്‍. അയാള്‍ ദേഷ്യത്തോടെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഒന്നും മിണ്ടാതെ തല കുനിച്ചിരിക്കുകയായിരുന്നു ആ വൃദ്ധമാതാവ്.

‘വയസ്സായീന്ന് നോക്കാതെയാണല്ലോ ഇങ്ങനെ ചീത്ത വിളിക്കുന്നത്. സഖാവിന് രോഷം. ഞാന്‍ മിണ്ടാതെ നടന്നു. അന്നെന്‍റെ കൈ ഉയരാന്‍ മടിച്ചു. പിന്നീട് സഖാവിന്‍റെ വീട് വരെ ഞങ്ങള്‍ ഒന്നുംതന്നെ സംസാരിച്ചില്ല. അവരുടെ ആ തലകുനിച്ചുള്ള ഇരിപ്പ് എന്നെ അസ്വസ്ഥനാക്കിയിരുന്നു. അനിയേട്ടന്‍ വീട്ടിലേക്ക് കയറിയപ്പോള്‍ നിരത്തില്‍ ഞാന്‍ തനിച്ചായി. അവിടം മുതല്‍ വീടുവരെയുള്ള എന്‍റെ ചിന്തകളാണ് ഒരേ കടലിലെ കപ്പലുകള്‍ എന്ന കഥയായി രൂപപ്പെട്ടത്.

വീടുവരെ ഒരു കഥ എന്നോടൊപ്പം നടക്കുകയായിരുന്നു എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.

അതായിരുന്നു അവസാനത്തെ കാഴ്ച്ച. പിന്നീട് ഞാനവരെ കണ്ടിട്ടില്ല. ആര്‍ത്തിരമ്പി വന്ന മണ്‍സൂണ്‍ എന്നെ വീട്ടിനകത്ത് തന്നെ കെട്ടിയിട്ടു. അതങ്ങനെയാണ്. ആകാശം ഇരുണ്ടാല്‍ മറ്റൊന്നും ചെയ്യാന്‍ എനിക്ക് താല്‍പ്പര്യമുണ്ടാകാറില്ല. ചിന്തകളുമായ് സ്വതന്ത്രനായിരിക്കാന്‍ മാത്രമാണ് എനിക്കിഷ്ടം. മഴ പതിയെ പതിയെ വിട്ടകന്നതിന് ശേഷമാണ് ഞാന്‍ നടത്തം പുനരാരംഭിച്ചത്. എല്ലാം പഴയ പോലെ തന്നെയുണ്ടായിരുന്നു; വഴിവിളക്കുകളും നിരത്തിലേക്ക് വീണു കിടക്കുന്ന ചില്ലകളുടെ നിഴലുകളും നിഗൂഢഭവനങ്ങളും എല്ലാം. പക്ഷേ, അവരെ മാത്രം കണ്ടില്ല. സുഖമില്ലാതെ കിടപ്പിലായിട്ടുണ്ടാകും എന്നാണ് ഞാന്‍ കരുതിയത്. അസുഖം മാറിയാല്‍ അവര്‍ വീണ്ടും ഉമ്മറത്തെ ചാരുകസേരയില്‍ പ്രത്യക്ഷപ്പെടുമെന്നും ഞാന്‍ വിചാരിച്ചു. പക്ഷേ, ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും ആ കസേര ശൂന്യമായി തന്നെ കിടന്നു. അങ്ങോട്ട് കയറിച്ചെന്ന് ഒന്നന്വേഷിക്കണം എന്ന് ഞാന്‍ പല തവണ കരുതിയതാണ്. അവരുടെ മകനെ പറ്റി ആലോചിച്ചപ്പോള്‍ വേണ്ടെന്ന് വെച്ചു.ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആ കസേരയിലെ ശൂന്യതയില്‍ അവര്‍ നിറയാത്തത് കണ്ടപ്പോള്‍ ഒരു ദിവസം രണ്ടും കല്‍പ്പിച്ച് ഞാനങ്ങോട്ട് കയറി കോളിംഗ്ബെല്ലില്‍ വിരലമര്‍ത്തി. വിദൂരതയില്‍ നിന്നും ഒരു കപ്പലിന്‍റെ ഹോണ്‍ മുഴങ്ങി.വാതില്‍ തുറന്നത് അവരുടെ മകനായിരുന്നു. എന്നെ കണ്ടപ്പോള്‍ അയാള്‍ അത്ഭുതപ്പെട്ടു. അയാളുടെ മുഖത്തെ പതിവില്ലാത്ത തെളിച്ചം എനിക്കിത്തിരി ആശ്വാസം തന്നു. അയാള്‍ എന്നെ അകത്തേക്ക് ക്ഷണിച്ചു.-(ഒരേ കടലിലെ കപ്പലുകള്‍)

ദൃശ്യം + ഭാവന = ഒരേ കടലിലെ കപ്പലുകള്‍

മറ്റൊരാള്‍ പറഞ്ഞു കേട്ടത്, മറ്റൊരാള്‍ അനുഭവിച്ചത്

ഇത് രണ്ടും നമ്മുടെ എഴുത്തിന് മാറ്റുരച്ച് നോക്കാവുന്ന സംഗതികളാണ്. മിക്കവര്‍ക്കും അിറയാവുന്ന രണ്ട് ഉദാഹരണങ്ങള്‍ പറയാം.

ഒന്ന്, ആടുജീവിതം. രണ്ട്, കപ്പല്‍ച്ചേതത്തിലകപ്പെട്ട നാവികന്‍റെ കഥ.

പ്രാരാബ്ധങ്ങള്‍ അവസാനിക്കുന്ന നല്ല നാള്‍ സ്വപ്നം കണ്ട് ഗള്‍ഫിലേക്ക് വിമാനം കയറി അതിക്രൂരമായി വഞ്ചിക്കപ്പെട്ട നജീബ് എന്ന മനുഷ്യന്‍റെ കഥ ബെന്യാമിന്‍ ആടുജീവിതം എന്ന നോവലാക്കിയപ്പോള്‍, കപ്പല്‍ച്ചേതത്തിലകപ്പെട്ട് ഒത്തിരിനാള്‍ കടലില്‍ തീരായാതനകള്‍ അനുഭവിച്ച മനുഷ്യന്‍റെ കഥ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസ് അനുഭവക്കുറിപ്പുകളായി പകര്‍ത്തി. രണ്ടും എഴുത്തിന്‍റെ രണ്ടു രൂപങ്ങള്‍. ഇവിടെ എഴുത്തുകാരന്‍ ആദ്യം നല്ല കേള്‍വിക്കാരനാകുന്നു. പിന്നീട് കഥ പറഞ്ഞു തന്നയാളിലേക്ക് പരാകായപ്രവേശം നടത്തുന്നു. ആ വ്യക്തി കണ്ടതു പോലെ എഴുത്തുകാരനും കാണുന്നു. ഇവിടേയും ഭാവന നന്നായി പ്രവര്‍ത്തിക്കേണ്ടതായുണ്ട്. മരുഭൂമിയുടെ ഏകാന്തതയിലേയും കടലിന്‍റെ വന്യതയിലേക്കും എഴുത്തുകാരന്‍ മനസ്സുകൊണ്ട് സഞ്ചരിക്കേണ്ടതുണ്ട്.

ഒരിക്കലും കണ്ടിട്ടില്ലാത്ത ബോംബ നഗരത്തിലേക്ക് എനിക്കിതു പോലെ മനസ്സുകൊണ്ട് സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്. വിളിയാളം എന്ന കഥ അങ്ങനെയാണ് രൂപപ്പെട്ടത്.

ഒരിക്കല്‍ മൈതാനത്ത് കൂട്ടുകാരോടൊപ്പമിരിക്കുമ്പോള്‍ സാവാന്‍കുട്ടി എന്ന സാവാണ്ട്യാക്ക ഞങ്ങള്‍ക്കരികിലേക്ക് വന്നു. ഒരു സിഗരറ്റ് കത്തിച്ച് സാവാണ്ട്യാക്ക ഞങ്ങളോടൊരു കഥ പറയാന്‍ തുടങ്ങി. ആരും ചോദിക്കാതെ തന്നെ മൂപ്പരെന്തിന് അന്നാ കഥ പറഞ്ഞു എന്ന് എനിക്കിന്നും അത്ഭുതമാണ്. ഒരുപക്ഷേ, എനിക്കെഴുതാന്‍ ഒരു കഥയുമായി വന്ന മാലാഖയാവും സാവാണ്ട്യാക്ക.

നാട്ടില്‍ അല്ലറച്ചില്ലറ മോഷണവുമായി നടന്ന ഒരു ചെറുപ്പക്കാരന് ബോംബെ ഒന്നു കാണാന്‍ പൂതി തോന്നി. ആഗ്രഹവുമായി അവന്‍ സാവാണ്ട്യാക്കയുടെ മുന്നില്‍ വരുന്നു. വിസ ഏജന്‍റായി മൂപ്പര്‍ കുറേക്കാലം ബോംബെയിലായിരുന്നു. ആഗ്രഹം സാധിച്ചു കൊടുക്കാനായി സാവാണ്ട്യാക്ക അവനേയും കൂട്ടി ബോംബെയിലേക്ക് വണ്ടി കയറുന്നു. മഹാനഗരത്തിലെ കാഴ്ചകള്‍ പലതും കണ്ടിട്ടും അവന് തൃപ്തിയാവുന്നില്ല. എന്തോ ഒരസംതൃപ്തി അവനില്‍ ബാക്കിയാവുന്നു. ഒരു രാത്രി അതിന്‍റെ രഹസ്യം ചുരുളഴിയുന്നു. അവന് വേണ്ടത് ബോംബെനഗരത്തിലെ കാഴ്ചകളായിരുന്നില്ല. മറിച്ച് വില്‍പ്പനയ്ക്ക് വെച്ച പെണ്ണുങ്ങളെയായിരുന്നു. ഒരിക്കലാ ലഹരി അറിഞ്ഞതിനു ശേഷം വീണ്ടും വീണ്ടും അവന്‍ അതിനു പിന്നാലെ പോകുന്നു. കാശു മുഴുവന്‍ അവിടുത്തെ മഞ്ഞവീടുകളില്‍ ഒഴുക്കി കളയുന്നു. തീര്‍ന്നപ്പോള്‍ മോഷ്ടിക്കുന്നു. പില്‍ക്കാലത്തെ ഒരു വലിയ കുറ്റവാളി ബോംബെ നഗരത്തില്‍ വെച്ച് ജന്മമെടുക്കുന്നു.

ഇതാണ് സാവാണ്ട്യാക്ക എന്നോട് പറഞ്ഞ കഥ. ഈ കഥയിലെ തൃഷ്ണകളടങ്ങാത്ത ചെറുപ്പക്കാരന് സമാന്തരമായി ഭാവനയില്‍ ജനിപ്പിച്ച മറ്റൊരു ചെറുപ്പക്കാരനും കഥയില്‍ വരുന്നുണ്ട്. എന്തിനാണങ്ങനെയൊരു കഥാപാത്രത്തെ കൊണ്ടുവന്നതെന്നു ചോദിച്ചാല്‍ അല്ലായിരുന്നെങ്കില്‍ അത് വെറും പൈങ്കിളിക്കഥ മാത്രമായി ഒതുങ്ങിപ്പോയേനെ. ഹസന്‍ എന്ന നിസ്സംഗനായ കഥാപാത്രത്തെ ഭാവനയിലൂടെ സൃഷ്ടിച്ചതിലൂടെ മനുഷ്യജീവിതത്തിന്‍റെ രണ്ടു വശങ്ങള്‍ കാണിക്കാന്‍ പറ്റി എന്നു ഞാന്‍ കരുതുന്നു.

ഹസ്സന്‍ നേരത്തെ ഉറങ്ങി കഴിഞ്ഞിരുന്നു. രണ്ടു പേരുടേയും മുഖത്തെ അപാരമായ ശാന്തതയെ വ്യാഖ്യാനിക്കാന്‍ അന്നെനിക്ക് കഴിഞ്ഞില്ല. ഹസ്സനും ബാബുവും അവരവരുടെ വഴികള്‍ തിരഞ്ഞെടുത്തത് ആ യാത്രയ്ക്ക് ശേഷമായിരുന്നു എന്ന കാര്യം ഈ ഭൂമുഖത്ത് എനിക്ക് മാത്രമേ അറിയൂ. രണ്ടു പേരും ഇപ്പോള്‍ എന്നോടൊപ്പമില്ല. വ്യത്യസ്ഥമായ അകലങ്ങളിലിരുന്ന് രണ്ട് പേരും എന്നോട് സ്വന്തം വഴി തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുന്ന പോലെ പലപ്പോഴും എനിക്ക് തോന്നാറുണ്ട്. അത്തറിന്‍റേയും വടാപാവിന്‍റേയും, പാന്‍പരാഗിന്‍റേയും പാനിപൂരിയുടേയും മണം പരക്കുന്ന ബോംബെയിലെ തെരുവോരങ്ങളില്‍ വെച്ച് ഹസ്സനും ബാബുവും അവരവരുടെ ആത്മാവിന്‍റെ വിളിയാളങ്ങള്‍ കേട്ടു. എന്‍റെ വിളിയാളത്തിന് കാതോര്‍ത്ത് ഞാനിപ്പോഴും ഏതോ നാല്‍ക്കവലയില്‍ സന്ദേഹിയായ് നില്‍ക്കുകയാണ്. – (വിളിയാളം)

പറഞ്ഞു കേട്ട കഥ + ഭാവന = വിളിയാളം.

സ്വപ്നം

ഉറക്കത്തിന് മുമ്പുള്ള ചിന്തകളും അടക്കി വെക്കുന്ന ആഗ്രഹങ്ങളുമാണ് സ്വപ്നങ്ങളായി ജന്മമെടുക്കുന്നതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അത് മുഴുവനും ശരിയാണെന്ന് എനിക്ക് തോന്നിയിട്ടില്ല.സ്വപ്നങ്ങളുടെ നിഗൂഢതയിലേക്കും അതിന്‍റെ ചുരുളഴിയാത്ത രഹസ്യങ്ങളിലേക്കും ചെന്നെത്താന്‍ മനുഷ്യന് ഇത് വരെ കഴിഞ്ഞിട്ടില്ല. അതൊരു വല്ലാത്ത പ്രഹേളികയായി ഇന്നും നമ്മളെ ഭ്രമിപ്പിക്കുന്നു. അത് തന്നെയാണ് അതിന്‍റെ സൗന്ദര്യവും.

നിമിഷങ്ങള്‍ മാത്രം നീണ്ടു നില്‍ക്കുന്നു എന്ന് പറയപ്പെടുന്ന സ്വപ്നങ്ങള്‍ രണ്ടര മണിക്കൂറിലധികം നീളമുള്ള സിനിമാക്കാഴ്ച്ചകള്‍ എനിക്ക് നല്‍കിയിട്ടുണ്ട്. സ്വപ്നങ്ങളുടെ നിഗൂഢത അന്വേഷിക്കുന്നതിന് പകരം അത് പകര്‍ത്താനുള്ള ക്യാമറയാണ് ശാസ്ത്രം ആദ്യം കണ്ടുപിടിക്കേണ്ടതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ തിരശ്ശീലയിലത് സങ്കല്‍പ്പത്തിനതീതമായ അനുഭവമായിരിക്കും സമ്മാനിക്കുക. അതിന്‍റെ ദൃശ്യഭംഗി, വീക്ഷണകോണ്‍, ശബ്ദവിന്യാസങ്ങള്‍, ഗ്രാഫിക്സ്… എല്ലാം അനുപമമായിരിക്കും. തീര്‍ച്ച. ഏറ്റവും ചുരുങ്ങിയത് എന്‍റെ കാര്യത്തിലെങ്കിലും.

ഒന്നു മനസ്സുവെച്ചാല്‍ നമ്മുടെ സ്വപ്നങ്ങളെ അതിഗംഭീര കഥകളോ നോവലുകളോ ആക്കി മാറ്റാന്‍ സാധിക്കും. ഞാനങ്ങനെ ധാരാളം കഥകളെഴുതിയിട്ടുണ്ട്. അതിരൂപ, മരുഭൂക്കാഴ്ച്ചകള്‍, തൊട്ടാപ്പ്, ലുബ്ന എന്നീ കഥകള്‍ അതില്‍ ചിലതാണ്.

കനോലി കനാലിനു മുകളിലെ ഇല്ലാത്ത ഒരു മരപ്പാലത്തില്‍ ഒരു പെണ്‍കുട്ടിയെ കാത്തു നില്‍ക്കുന്ന വളരെ സവിശേഷമായ ഒരു സ്വപ്നമാണ് ലുബ്ന എന്ന കഥയുടെ വിത്ത്. സ്വപ്നത്തില്‍ എന്‍റെ സുഹൃത്തായ അന്‍സു കൂടെയുണ്ടായിരുന്നു. കൂട്ടുകാരികള്‍ക്കൊപ്പം നടന്നുവരുന്ന ഒരു പെണ്‍കുട്ടിയുടെ എന്‍റെ നേര്‍ക്കുള്ള നോട്ടത്തില്‍ എന്തോ പ്രത്യേകതയുള്ള പോലെ തോന്നി. അതേ പെണ്‍കുട്ടിയുമായി ഒരു കൈതവരമ്പത്ത് സംസാരിച്ചു നില്‍ക്കുന്നതായിരുന്നു അടുത്ത സീന്‍. വയലറ്റ് നിറമുള്ള വസ്ത്രമായിരുന്നു അവളപ്പോള്‍ ധരിച്ചിരുന്നത്. പിന്നെ ഞാന്‍ കാണുന്നത് ഒരു സമരമാണ്. ഞാനും അവളുമുണ്ടായിരുന്നു സമരത്തില്‍. ഞങ്ങള്‍ ഉറക്കെ മുദ്രാവാക്യം വിളിച്ചു. പോലീസുകാരുടെ ലാത്തിച്ചാര്‍ജ്ജിനിടെ ഞാന്‍ ഓടയിലേക്ക് വീണുപോയി. ആ പെണ്‍കുട്ടിയുടെ കൈ എന്‍റെ നേര്‍ക്ക് നീണ്ടു. അത്രയേ ഉണ്ടായിരുന്നുള്ളൂ സ്വപ്നത്തില്‍. എന്നിട്ടു പോലും ആ സ്വപ്നം എന്നെ വല്ലാതെ ഉലച്ചു കളഞ്ഞു. കാരണം, സ്വപ്നത്തില്‍ ഞാനും അവളും പ്രണയിക്കുകയായിരുന്നു.

എത്ര ശ്രമിച്ചിട്ടും എനിക്കവളുടെ മുഖം ഓര്‍ത്തെടുക്കാനായില്ല എന്നത് എന്നെ വല്ലാതെ അസ്വസ്ഥനാക്കി.

വൈകുന്നേരം കടപ്പുറത്തിരിക്കുമ്പോള്‍ ഞാനീ സ്വപ്നത്തിന്‍റെ കഥ അന്‍സുവിനോട് പറഞ്ഞു. അവന്‍ വല്ലാത്തൊരവസ്ഥയിലായി. എല്ലാത്തിനും സാക്ഷിയായി അവനും ഉണ്ടായിരുന്നല്ലോ സ്വപ്നത്തില്‍.

രാത്രി അവനോട് യാത്ര പറഞ്ഞ് വീട്ടിലേക്കു നടക്കുന്നതിനിടെ ഞാനാ സ്വപ്നത്തെ സങ്കല്പങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചു. വീടെത്തിയപ്പോഴേക്കും ഒരു കഥ മനസ്സില്‍ പൂര്‍ത്തിയായി.

ആ കഥ എഴുതിക്കൊണ്ടിരിക്കേ വാട്സാപ്പില്‍ എന്‍റെ കഥകളെ പറ്റി അഭിപ്രായം പറഞ്ഞ ലുബ്ന എന്ന പെണ്‍കുട്ടിയെ ഓര്‍ത്തു. രണ്ടോ മൂന്നോ തവണ മാത്രമേ ഞങ്ങള്‍ ചാറ്റ് ചെയ്തിരുന്നുള്ളൂ. എഴുതിക്കൊണ്ടിരിക്കുന്ന കഥയിലെ നായികയ്ക്ക് ലുബ്ന എന്നു പേരുവെച്ചാലോ എന്നെനിക്കാഗ്രഹം തോന്നി. ഞാനവളോട് അക്കാര്യം പറഞ്ഞു. അവള്‍ക്ക് സന്തോഷമായി. ആ പേരിന്‍റെ അര്‍ത്ഥം പറഞ്ഞു തന്നതും അവളാണ്. അതിനു ശേഷം ഈ നിമിഷം വരെ അവളുമായി യാതൊരു കോണ്ടാക്റ്റുമില്ല. ആ നമ്പര്‍ നിലവിലില്ല. മുഖം മറച്ച ചിത്രമായിരുന്നു വാട്സാപ്പിലെ dp.

ലുബ്ന എന്ന കഥ ദേശാഭിമാനിയില്‍ വന്നതിനു ശേഷം മാത്രമാണ് ഞാന്‍ സങ്കല്പിച്ചെഴുതിയത് ആ പെണ്‍കുട്ടിയുടെ കഥ തന്നെയായിരുന്നെന്ന് മനസ്സിലായത്. എനിക്കവളെപ്പറ്റി ഒന്നും അറിയില്ലായിരുന്നു. അതുകൊണ്ടു തന്നെയാവണം ലുബ്ന എന്ന കഥ എനിക്കേറെ പ്രിയപ്പെട്ടതാകുന്നത്.

പാലത്തിന്‍റെ പടികളിറങ്ങുമ്പോള്‍ ഞാന്‍ ആമിറിനോട് പറഞ്ഞു:

‘പോകുന്നവഴി നമുക്കവളുടെ വീട്ടിലൊന്ന് കയറണം’

‘എന്തിന്?’- അവന്‍ ചോദിച്ചു.

‘അവള്‍ കളിച്ചു വളര്‍ന്ന മണ്ണല്ലേ. വെറുതെ ഇത്തിരി നേരം അവിടെ പോയി നില്‍ക്കാം.’

‘അവിടെ മറ്റാരോ ആണ് താമസം. നമ്മളെന്ത് പറഞ്ഞ് ചെല്ലും?’

‘ഏതെങ്കിലുമൊരു ഇല്ലാത്ത സുഹൃത്തിന്‍റെ വീടന്വേഷിച്ച് വന്നതാണെന്ന് പറയാം.’

‘നാഥന്‍, നിന്‍റെയൊരു കാര്യം.’- അവന്‍ പാലത്തിന്‍റെ കൈവ രിയില്‍ ചാരി നിന്നുകൊണ്ട് പൊട്ടിപ്പൊട്ടിച്ചിരിച്ചു. അത് ഗൗനിക്കാതെ ഞാന്‍ വേഗം പടികളിറങ്ങി ഇടവഴിയിലേയ്ക്ക് നടന്നു. അപ്പോള്‍ സത്യമായിട്ടും ആ ഇടവഴിയില്‍ എനിക്ക് മുന്നിലായ് ലുബ്ന നടക്കുന്നുണ്ടായിരുന്നു. – (ലുബ്ന)

സ്വപ്നം + ഭാവന = ലുബ്ന

ഭാവന

പൂര്‍ണ്ണമായും ഭാവന കൊണ്ട് മാത്രമെഴുതിയ കഥയാണ് ജിന്ന്. ഇവിടെ എഴുത്തില്‍ സഹായമായി അനുഭവങ്ങളോ, ദൃശ്യങ്ങളോ കേട്ടറിവുകളോ ഒന്നും തന്നെയില്ല. ഭാവന. ശുദ്ധമായ ഭാവന മാത്രം.

അതിന്‍റെ കഥയിങ്ങനെയാണ്.

ഒരിക്കല്‍ പോലും കണ്ടിട്ടില്ലെങ്കിലും മരുഭൂമികള്‍ എന്നെ വല്ലാതെ കൊതിപ്പിച്ചിട്ടുണ്ട്. ഏകാന്തത കൊണ്ടും നിശ്ശബ്ദത കൊണ്ടും പിന്നെ വന്യത കൊണ്ടും. ചിത്രങ്ങളിലൂടെയും ചലച്ചിത്രങ്ങളിലൂടെയും വായനയിലൂടെയും ആ സൗന്ദര്യത്തെപ്പറ്റി എനിക്ക് ഏതാണ്ടൊക്കെ ഒരു ധാരണയുണ്ടായിരുന്നു. പക്ഷേ, എനിക്കതു പോരാ. ഒരു രാത്രി വിജനമായൊരു മരുഭൂമിയില്‍ തനിച്ചിരുന്ന് നക്ഷത്രങ്ങളെ നോക്കിക്കാണണം. അതാണ് എന്‍റെ ഏറ്റവും വലിയ മോഹങ്ങളിലൊന്ന്. എന്നെ സംബന്ധിച്ച് അതൊരിക്കലും നടക്കാത്ത സങ്കല്പം മാത്രമാണ്. അതുകൊണ്ട് ഞാനാ രാത്രി ഭാവനയില്‍ സൃഷ്ടിച്ചു.

സാങ്കല്പികമായ ഒരു മരുഭൂമിയില്‍ ഞാന്‍ തനിച്ചിരുന്ന് പുസ്തകം വായിക്കുന്നു. ചുറ്റും ഇരുള്‍ പരക്കുന്നു. ആകാശത്തിന്‍റെയതിരുകളില്‍ നക്ഷത്രങ്ങള്‍ പുഷ്പിക്കുന്നു. തീവ്രവും മനോഹരവുമായ രാത്രിയില്‍ ഞാന്‍ സ്വയം നഷ്ടപ്പെടുന്നു. പാതിരാത്രിയാകുമ്പോള്‍ ഒട്ടും പ്രതീക്ഷിക്കാതെ ഒരു പെണ്‍കുട്ടി എന്‍റെയരികിലേക്ക് കടന്നു വരുന്നു. അങ്ങനെ ആയിരത്തൊന്നു രാവുകളില്‍ നിന്നും ചീന്തിയെടുത്ത ഒരേടു പോലെ ആ രാത്രി അവിസ്മരണീയമാകുന്നു.

ഇങ്ങനെയൊക്കെയാണ് ജിന്ന് എന്ന കഥയില്‍ എന്‍റെ ഭാവന പ്രവര്‍ത്തിച്ചത്.

നേരം വെളുത്തപ്പോള്‍ അവളുടേയോ കുതിരയുടേയോ യാതൊരടയാളവും മണലില്‍ കാണുവാനുണ്ടായില്ല. ഹക്കിം തീര്‍ത്ത സുരക്ഷാവലയം മാത്രം മായാതെ കിടന്നു. ബാക്കിയെല്ലാം കാറ്റ് മായ്ച്ചു.

ആ പുതപ്പില്‍ അവളുടെ മണമില്ലായിരുന്നെങ്കില്‍ ബാബ പറ ഞ്ഞതു പോലെ ആയിരത്തൊന്നു രാവുകളില്‍ നിന്നിറങ്ങി വന്നൊരു പെണ്‍ജിന്നാണ് എന്നോടൊപ്പമുണ്ടായിരുന്നതെന്ന് ഞാന്‍ കരുതിയേനെ. അവളുടെ വിയര്‍പ്പിന്‍റേയും അത്തറിന്‍റേയും മണമുള്ള പുതപ്പ് ഇബ്നു റൂദിനോട് ഞാന്‍ ചോദിച്ച് വാങ്ങി സ്വന്തമാക്കി; മരുഭൂമിയിലെ അപൂര്‍വ്വ സൗഹൃദത്തിന്‍റെ ഓര്‍മ്മക്കായി.

ഇപ്പോഴും നക്ഷത്രങ്ങളെ നോക്കി കിടക്കുമ്പോള്‍ എനിക്കാ രാത്രി ഓര്‍മ്മ വരും. ദൂരെയെവിടെയോ നിന്ന് സ്റ്റാര്‍ പോയിന്‍ററിന്‍റെ വെളിച്ചമുതിര്‍ന്ന് ആകാശപേടകങ്ങളെ തൊടുന്ന പോലെ തോന്നും. അപ്പോഴൊക്കെ അറിയാതെ ഞാന്‍ പറയും: “യാ അല്ലാഹ്. അവളെന്നെ ഓര്‍ക്കുകയാണല്ലോ.” – (ജിന്ന്)

ഈ കഥ വായിച്ച് പ്രവാസികളായ പലരും ചോദിച്ച ഒരു ചോദ്യമുണ്ട്, സുഭാഷ് ഗള്‍ഫിലെവിടെയായിരുന്നു ജോലി ചെയ്തതെന്ന്. അതുകേട്ട് ഞാന്‍ വിനയത്തോടെ ചിരിച്ചു പോവുന്നു.

ഭാവന + ഭാവന = ജിന്ന്

മനസ്സിലെഴുത്ത്

ഇപ്പോള്‍ നമുക്ക് ഒരു കഥ കിട്ടി. അത് സ്വന്തം അനുഭവമാകാം, സ്വപ്നമാകാം, പറഞ്ഞു കേട്ടതാവാം, ഒരു ദൃശ്യമാവാം, അല്ലെങ്കില്‍ പത്തരമാറ്റ് തനി ഭാവനയാകാം. എങ്കില്‍ ഉടനെ എഴുതിക്കളയാം എന്നു വിചാരിക്കരുത്. നമ്മുടെ കൈയ്യിലുള്ള അസംസ്കൃത വസ്തുവിനെ മനസ്സിലിട്ട് നന്നായി പാകപ്പെടുത്തിയെടുക്കേണ്ടതുണ്ട്. എങ്ങനെ പറയണം, എവിടെ അവസാനിപ്പിക്കണം, എത്ര കഥാപാത്രങ്ങള്‍ വേണം എന്നൊക്കെ വ്യക്തമായ ധാരണ നമുക്കുണ്ടാവണം. ഒരു സംവിധായകന്‍ ഷൂട്ടിങ്ങിനു മുന്‍പേ തന്‍റെ സിനിമ മനസ്സില്‍ കാണുന്നതു പോലെ എഴുത്തുകാരനും കാണാന്‍ സാധിക്കണം. കഥ നടക്കുന്ന ഭൂമിക, കഥാപാത്രങ്ങള്‍ നടക്കുന്ന വഴികള്‍, വഴിയിലെ മരങ്ങള്‍, കല്ലുകള്‍, എല്ലാം നമ്മുടെ മനസില്‍ വ്യക്തമായായ ചിത്രങ്ങള്‍ പതിപ്പിച്ചിരിക്കണം. സ്വീഡിഷ് സംവിധായകനായ ബര്‍ഗ്മാനും അദ്ദേഹത്തിന്‍റെ ക്യാമറാമാനായ സ്വെന്‍ നിക്വിസ്റ്റും ചിത്രീകരണത്തിനു മുന്‍പേ ലൊക്കേഷനുകള്‍ നിരന്തരം സന്ദര്‍ശിക്കുകയും ചുറ്റുപാടുകളെ പഠിക്കുകയും ചെയ്യുമായിരുന്നത്രേ. ഫ്രെയിമില്‍ തെളിയുന്ന മരത്തിന്‍റെ നിഴല്‍ ഏതു സമയത്ത് ഏതേത് ഭാഗത്തെല്ലാം വീഴുന്നുണ്ടെന്ന് കൃത്യമായി അവര്‍ കണക്കു കൂട്ടി. കാരണം കഥാപാത്രങ്ങളുടെ മുഖത്തേക്ക് ആ നിഴല്‍ വീഴുമ്പോള്‍ അതവരുടെ ഭാവത്തിന് വരുത്തുന്ന വ്യതിയാനങ്ങളെ കുറിച്ച് അവര്‍ ആശങ്കാകുലരായിരുന്നു. കഥയെഴുത്തുകാരന് വേണ്ടത് ഈ മനസ്സാണ്.

ചിത്രകഥ എന്ന കഥയുമായി ബന്ധപ്പെട്ട ഒരു കാര്യം പങ്കുവെക്കാം.

പത്താം ക്ലാസില്‍ പഠിക്കുന്ന കാലത്ത് എന്‍റെയൊരു സുഹൃത്ത് എനിക്കൊരു സംഗതി കാണിച്ചുതരാമെന്ന് പറഞ്ഞു. അവന്‍റെ കൈയ്യില്‍ ഒരു A4 ഷീറ്റുണ്ടായിരുന്നു. അതില്‍ ഒരു വശത്ത് ഒരു രേഖാചിത്രം. ശവപ്പെട്ടിയില്‍ കിടക്കുന്ന ഒരു പെണ്ണായിരുന്നു ചിത്രത്തില്‍. പശ്ചാത്തലത്തില്‍ കുറ്റിക്കാടുകളും നിലത്ത് ഇത്തിരി പുല്ലും. ആരോ വരച്ച ചിത്രത്തിന്‍റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയായിരുന്നു അത്.

ആ ചിത്രത്തിലെ പെണ്ണിനെ ബലാത്സംഗം ചെയ്തു കൊന്നതാണെന്നും അവളോട് അന്യായം കാണിച്ച അവയവം ചിത്രത്തിലുണ്ടെന്നും അവന്‍ പറഞ്ഞു. ഞാന്‍ പല തവണ പരിശ്രമിച്ചിട്ടും അങ്ങനെയൊന്ന് കണ്ടെത്താനായില്ല. അവന്‍ പേപ്പര്‍ പ്രത്യേക രീതിയിന്‍ രണ്ടുമൂന്ന് മടക്കാക്കി. അത്ഭുതം! ചിത്രത്തില്‍ ഒരു പുരുഷലിംഗം തെളിഞ്ഞു. പ്രത്യേക മടക്കു കാരണം നേരത്തെ കണ്ട ചിത്രത്തിന്‍റെ പല ഭാഗങ്ങളും ചേര്‍ത്ത് ലിംഗമായി രൂപപ്പെട്ടതാണ്. ഏതോ ചിത്രകാരന്‍റെ അതിബുദ്ധി നിറഞ്ഞ സൃഷ്ടി.

ഇതാണ് ചിത്രകഥ എന്ന കഥയുടെ തീം. ഇതിലേക്ക് ധാരാളമായി ഭാവന ഉരുക്കിയൊഴിച്ചപ്പോള്‍ മനസ്സില്‍ ഒരു കഥ തെളിഞ്ഞു. ആ കഥയെ എവിടെ കൊണ്ടുപോയി പ്ലേസ് ചെയ്യണം എന്നതായി പിന്നത്തെ ആലോചന. കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ കോപ്പര്‍ ബസാര്‍ എന്നൊരു തെരുവുണ്ട്. ചെമ്പുപാത്രങ്ങളും നിലവിളക്കുകളുമൊക്കെ വില്‍ക്കുന്ന ഭംഗിയുള്ള തെരുവ്. ആ തെരുവിലൂടെ നടക്കാന്‍ എനിക്കിഷ്ടമാണ്. ആ തെരുവ് പശ്ചാത്തലമാക്കി ഒരു കഥയെഴുതാന്‍ ഞാനാഗ്രഹിച്ചിട്ടുണ്ട്. ചിത്രകഥയുടെ പശ്ചാത്തലം എന്തുകൊണ്ട് അവിടെയാക്കിക്കൂടാ എന്ന് ഞാനാലോചിച്ചു. അങ്ങനെ ചിത്രകഥയുടെ സെറ്റ് ഞാന്‍ കോപ്പര്‍ ബസാറില്‍ കൊണ്ടുപോയിട്ടു. ദിവസങ്ങളോളം എന്‍റെ കഥാപാത്രങ്ങളെ ഞാനാ തെരുവിലൂടെ നടത്തിച്ചു. കഥ മനസ്സില്‍ പൂര്‍ത്തിയായിട്ടും എന്തോ ഒരു കുറവ് എനിക്കനുഭവപ്പെട്ടു. കഥയുടെ യുക്തിയുമായി ചേരാത്തതെന്തോ ആ തെരുവിനുണ്ടായിരുന്നു. തൃപ്തി വരാത്തതുകൊണ്ട് എന്‍റെ കഥാപാത്രങ്ങളെ ആ തെരുവില്‍ ഉപേക്ഷിച്ച് ഞാന്‍ മറ്റു കാര്യങ്ങളില്‍ തിരക്കിലായി.

ഒന്നോ രണ്ടോ മാസങ്ങള്‍ക്കു ശേഷം എനിക്ക് പെട്ടെന്ന് ഒരാശയം തോന്നി. ഉത്തരേന്ത്യയില്‍ രമണി എന്ന സാങ്കല്പിക ഗ്രാമത്തിനെ പറ്റി ഞാന്‍ കനവുകള്‍ നെയ്യാന്‍ തുടങ്ങി. എന്‍റെ മനസ്സില്‍ രമണി സുന്ദരിയായി അണിഞ്ഞൊരുങ്ങി. കോപ്പര്‍ബസാറിലെ സെറ്റു പൊളിച്ച് ഞാനത് രമണിയില്‍ കൊണ്ടിട്ടു. എന്‍റെ കഥാപാത്രങ്ങളെ രമണിയില്‍ കൊണ്ടു ചെല്ലേണ്ട താമസം യാതൊരപരിചിതത്വവും ഇല്ലാതെ അവരാ ഗ്രാമത്തിലൂടെ നടക്കാന്‍ തുടങ്ങി. അവരെ പിന്തുടരേണ്ട പണി മാത്രമേ എനിക്കുണ്ടായുള്ളൂ. കഥയുടെ യുക്തിയുമായി എല്ലാത്തരത്തിലും ഇണങ്ങുന്നതായിരുന്നു രമണി എന്ന ഭൂമിക.

ഇത്രയും കാര്യങ്ങള്‍ വിശദീകരിച്ചത് എന്തിനാണെന്ന് മനസ്സിലായില്ലെ? കഥ മനസിലാണ് ആദ്യം എഴുതേണ്ടത്. കാഥികന്‍റെ പണിപ്പുര എന്ന പുസ്തകത്തില്‍ എം.ടി അത് പ്രത്യേകം പറയുന്നുണ്ട്. ആദ്യത്തെ വാക്കു മുതല്‍ അവസാനത്തേത് വരെ പൂര്‍ണ്ണമായും മനസില്‍ എഴുതണം. ആഴ്ചകളും മാസങ്ങളും വേണ്ടി വരും ഇങ്ങനെ മനസ്സിലെഴുതാന്‍.

ആഖ്യാനം

ഇപ്പോള്‍ നമുക്കൊരു കഥ കിട്ടിയെന്ന് വെക്കുക. കഥാപാത്രങ്ങളെയും കിട്ടി. കഥ നടക്കേണ്ട ഭൂമികയും കിട്ടി. ഇനി നേരെ പേനയും പേപ്പറും എടുത്ത് എഴുതിക്കളയാമെന്നോ? പാടില്ല. അതിനു മുന്‍പ് ഒരു പ്രധാനപ്പെട്ട കാര്യം കൂടിയുണ്ട്. ആഖ്യാനം.

നമ്മള്‍ എങ്ങനെ കഥ പറയണം, ഏതു രീതിയില്‍ പറയണം എന്നത് പ്രധാനമാണ്. നല്ല ഒരു കഥ നമുക്ക് ‘പറഞ്ഞ്’ നശിപ്പിക്കാം. ഒരു മോശം കഥ ‘പറഞ്ഞ്’ നന്നാക്കുകയുമാവാം.

കോഴിപ്പോരിന്‍റെ പശ്ചാത്തലത്തില്‍ വെട്രിമാരന്‍ സംവിധാനം നിര്‍വ്വഹിച്ച ആടുകളം എന്ന തമിഴ്സിനിമ കണ്ടുവന്ന എന്‍റെയൊരു സുഹൃത്ത് പറഞ്ഞത് അത് തല്ലിപ്പൊളി സിനിമയാണെന്നാണ്. അങ്ങേയറ്റം ബോറടിപ്പിക്കുന്ന രീതിയില്‍ അവനാ സിനിമയുടെ സംഗ്രഹം എനിക്കു മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു. ആ ഒരൊറ്റ കാരണം കൊണ്ട് ഞാനാ സിനിമ കണ്ടില്ല. പിന്നീടതിന് 6 ദേശീയ പുരസ്കാരങ്ങള്‍ കിട്ടി എന്ന വാര്‍ത്ത കേട്ട് ഞാനത്ഭുതപ്പെട്ടു. അപ്പോള്‍ തന്നെ ഞാനാ സുഹൃത്തിനെ വിളിച്ചു. പുരസ്കാര വാര്‍ത്ത കേട്ട് അവനൊരത്ഭുതവും തോന്നിയില്ല. അതിലഭിനയിച്ച കോഴിക്കും അവാര്‍ഡുണ്ടോ എന്ന് ചോദിക്കുക കൂടി ചെയ്തു അവന്‍.

ഒരു നല്ല കഥ എങ്ങനെ മോശമാക്കി അവതരിപ്പിക്കാം എന്നതിന് ഉദാഹരണമാണ് എന്‍റെ സുഹൃത്തിന്‍റെ ആടുകളസംഗ്രഹം.

ആടുകളം തീര്‍ച്ചയായും എനിക്കിഷ്ടപ്പെട്ട സിനിമയാണ്.

ഞാന്‍ പറഞ്ഞു വന്നത് ആഖ്യാനത്തെ കുറിച്ചാണ്. ആഖ്യാനത്തില്‍ എങ്ങനെ വ്യത്യസ്തത കൊണ്ടുവരാം എന്നത് പ്രധാനമാണ്.

പണ്ടുകാലം മുതലേ ആഖ്യാനത്തില്‍ പല പരീക്ഷണങ്ങളും നടന്നിട്ടുണ്ട്.

ആയിരത്തൊന്ന് രാവുകള്‍, മഹാഭാരതം, കഥാസരിത് സാഗരം എന്നിവയിലൊക്കെ ഒരു കഥയ്ക്കുള്ളില്‍ വേറൊരു കഥ അതിനുള്ളില്‍ മറ്റൊന്ന് എന്നിങ്ങനെ കോര്‍ത്തിട്ടിരിക്കുന്ന രീതിയാണ്. ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള ഡയറിക്കുറിപ്പുകളാണ് കഥ പറയുന്നത്, പെഡ്രോ പരാമോയില്‍ മരിച്ച മനുഷ്യരുടെ മാറ്റൊലികളാണ് കഥ പറയുന്നത്. മനുഷ്യന് ഒരാമുഖം, സമുദ്രശില, കുഞ്ഞു കാര്യങ്ങളുടെ ഒടേ തമ്പുരാന്‍ എന്നിങ്ങനെയുള്ള നോവലുകളും ആഖ്യാനത്തിലെ വ്യത്യസ്ത കൊണ്ട് വിസ്മയിപ്പിക്കുന്നതാണ്.

അകിര കുറസോവയുടെ റാഷമോണ്‍, ടോം ടൈക്ക് ടവറുടെ റണ്‍ ലോല റണ്‍ എന്നിങ്ങനെയുള്ള സിനിമകളും ആഖ്യാനത്തിലെ വ്യത്യസ്ത കൊണ്ടു കൂടി ശ്രദ്ധേയമായതാണ്.

ഒരു സ്വപ്നത്തിന്‍റെ സൂചകവ്യാഖ്യാനം. എന്ന കഥയില്‍ ആഖ്യാനത്തിലൊരു പരീക്ഷണത്തിന് ഞാനും ശ്രമിച്ചു നോക്കിയിട്ടുണ്ട്.

മൂന്നു ഭാഗങ്ങളായിട്ടാണ് ആ കഥ വിഭാവനം ചെയ്തിരിക്കുന്നത്.

ആദ്യ ഭാഗമായ ആമുഖത്തില്‍ ആഖ്യാതാവ് താന്‍ നിരന്തരം ഒരേ സ്വപ്നം കാണുന്നതായി പറയുന്നു. സ്വന്തം ജീവിതവുമായി ഒരു ബന്ധവുമില്ലാത്ത സ്വപ്നം. സ്വപ്നത്തില്‍ അയാള്‍ വേറൊരു വ്യക്തിയായി മാറുന്നു. ദൂരൂഹമായ സ്വപ്നത്തിന്‍റെ ചുരുളഴിക്കാന്‍ അയാള്‍ ഫക്കീര്‍ ഉപ്പാപ്പ എന്ന സ്വപ്നവ്യാഖ്യാതാവിന്‍റെ അടുത്തു പോകുന്നു. കേള്‍വിശക്തി നഷ്ടപ്പെട്ട ഫക്കീര്‍ സ്വപ്നം എഴുതിക്കൊടുക്കാന്‍ ആവശ്യപ്പെടുന്നു. അയാള്‍ എഴുതിക്കൊടുത്ത കുറിപ്പില്‍ 12 സ്ഥലത്ത് ഫക്കീര്‍ അക്കങ്ങള്‍ കൊണ്ട് സൂചകങ്ങള്‍ വെക്കുന്നു. മറ്റൊരു വിശദീകരണവും ഫക്കീര്‍ ഉപ്പാപ്പ നല്‍കുന്നില്ല. ഫക്കീര്‍ സൂചകമിട്ട വാക്കുകള്‍ക്കും പേരുകള്‍ക്കും പിന്നാലെ ആഖ്യാതാവ് അന്വേഷണത്തിനിറങ്ങുന്നു. സൂചകങ്ങളുടെ സ്വയം കണ്ടെത്തിയ വിശദീകരണത്തിലൂടെ സ്വപ്നം വ്യാഖ്യാനിക്കപ്പെടുന്നു.

രണ്ടാം ഭാഗത്തില്‍ ആഖ്യാതാവ് കണ്ട സ്വപ്നമാണ് വിശദീകരിക്കുന്നത്. അതും ഫക്കീര്‍ ഉപ്പാപ്പയ്ക്ക് എഴുതിക്കൊടുത്ത അതേ കുറിപ്പ്; 12 സൂചകങ്ങളോടെ.

മൂന്നാം ഭാഗത്തില്‍ ആഖ്യാതാവ് കണ്ടെത്തിയ 12 സൂചകങ്ങളുടെ വിശദീകരണങ്ങളാണ്. അതാവട്ടെ മറ്റൊരു കഥയായി മാറുകയും ചെയ്യുന്നു.

എഴുത്ത്

കഥയും ആഖ്യാനവുമൊക്കെ തയ്യാറായാല്‍ ഇനി എഴുത്തിലേക്ക് കടക്കാം. അതായത് മനസ്സിലെഴുതിയത് കടലാസിലേക്ക് പകര്‍ത്താമെന്ന്. കടലാസില്‍ എന്ന് ആലങ്കാരികമായി പറഞ്ഞെന്നേയുള്ളൂ. ലാപ് ടോപ്പിലോ ഫോണിലോ എഴുതുന്നതാവും സൗകര്യം. മാറ്റിയെഴുതേണ്ട ആവശ്യമേയില്ല. എഡിറ്റിംഗിനും എളുപ്പമാണ്. ഞാന്‍ ഫോണില്‍ ഗൂഗിള്‍ ഹാന്‍ഡ് റൈറ്റിംഗ് ഉപയോഗിച്ചാണ് എഴുതുന്നത്. ഫോണില്‍ എഴുതുന്നത് കൊണ്ട് പല ഗുണങ്ങളുണ്ട്. നമുക്ക് എവിടെ വെച്ചും എപ്പോള്‍ വേണമെങ്കിലും എഴുതാം. നേരത്തെ മനസ്സില്‍ എഴുതി വെച്ചത് പകര്‍ത്തുകയാണെന്നതു കൊണ്ട് ഏതു ബഹളത്തിനിടയിലും എഴുതാന്‍ ബുദ്ധിമുട്ടില്ല. അങ്ങനെ എഴുതിപ്പോകുമ്പോള്‍ നേരത്തെ പ്ലാന്‍ ചെയ്തതില്‍ നിന്നും വ്യത്യസ്തമായ ചില നല്ല വാക്കുകളും വാചകങ്ങളും കയറി വന്നേക്കാം. എഴുത്തിനിടെ ക്ലൈമാക്സ് തന്നെ മാറിപ്പോയ അനുഭവം എനിക്കുണ്ടായിട്ടുണ്ട്.

എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം നമ്മളൊരാളോട് കഥ പറയാന്‍ പോവുകയാണ് എന്നത് എപ്പോഴും ഓര്‍മ്മയുണ്ടായിരിക്കണം എന്നതാണ്. കേള്‍വിക്കാരന്‍ നമ്മുടെ വാക്കുകളില്‍ മയങ്ങിപ്പോകണം. അയാള്‍ക്ക് മുഷിച്ചിലുണ്ടാക്കരുത്. നമ്മുടെ പാണ്ഡിത്യം വിളമ്പാനുള്ള ഇടമായി കഥയെ കാണരുത്. വേണ്ടാത്ത സംഗതികള്‍ തിരുകി കേറ്റി മനഃപൂര്‍വ്വം കണ്‍ഫ്യൂഷനുണ്ടാക്കരുത്.

ചെറുകഥയില്‍ ഒരുപാട് കഥാപാത്രങ്ങളെ കൊണ്ടുവരുന്നത് കണ്‍ഫ്യൂഷനുണ്ടാക്കും. കഥാപാത്രങ്ങളുടെ എണ്ണം കുറയ്ക്കുന്നത് കഥയുടെ മുറുക്കം കൂട്ടും. അപ്രധാന കഥാപാത്രങ്ങളെ പേരു കൊണ്ട് സൂചിപ്പിക്കാതിരിക്കുന്നത് നന്നാവും. ഉദാഹരണത്തിന്, പോസ്റ്റ്മാന്‍ കത്തുമായി വന്നു എന്നു പറയുന്നതാണ് ഭംഗി. പകരം പോസ്റ്റ്മാന്‍ ഗോവിന്ദന്‍ കത്തുമായി വന്നു എന്നു പറയുമ്പോള്‍ വായനക്കാരന്‍ അയാളെ പ്രധാനപ്പെട്ട കഥാപാത്രമായി കണക്കിലെടുക്കും. അയാള്‍ക്കാണെങ്കിലോ ആ കത്തു കൊണ്ടുക്കൊടുക്കലല്ലാതെ കഥയില്‍ മറ്റൊന്നും ചെയ്യാനുമുണ്ടാവില്ല.

മറ്റൊരു കാര്യം, കഥാപാത്രങ്ങളെ കൊണ്ട് അനാവശ്യമായി ഡയലോഗ് പറയിപ്പിക്കരുത്. ഇന്ത്യന്‍ സിനിമകളിലൊക്കെ കാണുന്ന പതിവാണത്. വില്ലന്‍ നായകനെ കൊല്ലാന്‍ വരുന്നു. എന്നിട്ട് ഹേ, ഭഗവാന്‍ എന്നു തുടങ്ങി നീണ്ട ഡയലോഗ് കാച്ചും. എന്തിന്? എന്തുകാര്യത്തിന്?

‘The good The bad and the Ugly’ എന്ന കൗബോയ് സിനിമയിലെ “When you have to shoot, shoot. Don’t talk” എന്ന പ്രശസ്തമായ ഡയലോഗ് ഓര്‍മ്മയില്‍ സൂക്ഷിക്കുന്നത് നന്നാവും.

സംഭാഷണമെഴുതുന്നതില്‍ ഹോളിവുഡ് സിനിമകള്‍ എന്നെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. അവരുടെ കഥാപാത്രങ്ങള്‍ അനാവശ്യമായി തൊള്ള തുറക്കാറില്ല. തുറന്നാല്‍ അത് ഗംഭീരമാവുകയും ചെയ്യും.

‘Troy’ എന്ന സിനിമയില്‍ നിന്നൊരു ഉദാഹരണം പറയാം.

ബ്രാഡ് പിറ്റിന്‍റെ അഖിലിസ് എന്ന കഥാപാത്രം മഹിമ മാത്രം ആഗ്രഹിക്കുന്ന പോരാളിയാണ്. അയാള്‍ ശത്രുക്കളോട് എതിരിടുന്നത് പണത്തിനോ കൊല്ലുന്നതിലെ സന്തോഷത്തിനോ അല്ല. മികച്ച പോരാളി എന്ന് ചരിത്രത്തില്‍ അറിയപ്പെടാന്‍ വേണ്ടി മാത്രമാണ്. ഒരിക്കല്‍ അഖിലിസിന്‍റെ സഹോദരന്‍ പറയുന്നു, അജാസ് എന്നൊരു പോരാളിയുണ്ട്. അവന്‍ മഴുവൊന്ന് വീശിയാല്‍ വലിയൊരു മരം പോലും വീഴുമത്രേ.

അതിന് അഖിലിസ് പറയുന്ന മറുപടി, മരം തിരിച്ച് മഴു വീശാറില്ല എന്നു മാത്രമാണ്. അതില്‍ എല്ലാമുണ്ട്.

മനസിലായില്ലേ? ഒറ്റ വീശിന് മരം വീഴ്ത്തുന്നവന്‍ ഭീകരനാണെന്ന് കേള്‍ക്കുന്നവര്‍ക്ക് തോന്നും. പക്ഷേ, അഖിലിസിനെ സംബന്ധിച്ചിടത്തോളം തിരിച്ച് മഴു വീശാനറിയാത്ത മരത്തിനെ വീഴ്ത്തുന്നതില്‍ ഒരു കാര്യവുമില്ല. എതിരാളി തന്നോളം, അല്ലെങ്കില്‍ തന്നേക്കാള്‍ ശക്തനാവണം. എങ്കിലേ യുദ്ധത്തിന് മഹിമയുണ്ടാവൂ. ഇത്രയും കാര്യങ്ങള്‍ ഒറ്റ വാചകത്തിലാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്

അതുപോലെ അനാവശ്യമായി അലങ്കരിച്ച് കഥയെ വഷളാക്കരുത്. ഇന്ത്യന്‍ ബേബീസിനെ നെറ്റിയിലും കവിളിലുമൊക്കെ പൊട്ടു തൊട്ടും വാലിട്ടു കണ്ണെഴുതിയുമൊക്കെ അലങ്കരിച്ച് കോലം കെടുത്തുന്ന പോലെ ചെയ്യാതിരിക്കുക. കഥയില്‍ വാക്കുകള്‍ ഭംഗിയില്‍ അലങ്കരിക്കണം.

മുഹ്സിന അല്‍ത്താഫിന്‍റെ ബത്തേരി ടു കോഴിക്കോട് എന്ന കഥയിലെ എനിക്കിഷ്ടപ്പെട്ട ഒരു വാചകം നോക്കൂ.

മുന്നോട്ട് പോകെപ്പോകെ സ്ട്രീറ്റ് ലൈറ്റുകളുടെ താലപ്പൊലി.

എന്തുഭംഗിയാണതിന്.

മറ്റൊരു കാര്യം ഉപമയുടെ ദുരുപയോഗമാണ്. ഒരു കാര്യവുമില്ലാതെ ചിലരങ്ങനെ ഉപമ തള്ളിക്കേറ്റുന്നത് കാണാം. ഉപമയുടെ ഉപയോഗമെന്താണ്? കേള്‍വിക്കാരന് പരിചയമില്ലാത്ത ഒരു കാര്യം നമ്മള്‍ പറയാന്‍ പോവുകയാണ്. അയാള്‍ക്കത് പെട്ടൊന്ന് മനസിലാവാന്‍ നല്ല പോലെ പരിചയമുളള ഒരു കാര്യത്തെ കൂട്ടുപിടിച്ച് പറയുന്നു. ഇതാണ് ഉപമയുടെ ഏറ്റവും ലളിതമായ ഉപയോഗമെന്നാണ് ഞാന്‍ കരുതുന്നത്.

ഉദാഹരണത്തിന്,

കള്ളുകുടിച്ച അവന്‍ പാമ്പിനെ പോലെ ഇഴയുകയായിരുന്നു.

കേള്‍ക്കുന്നവന് കുടിയന്‍റെ അവസ്ഥ എന്താണെന്ന് കൃത്യമായി മനസിലാകും.

മുതല്‍ എന്ന നോവലിന്‍റെ എഡിറ്റിംഗ് വേളയില്‍ താന്‍ ഏറ്റവും കൂടുതല്‍ വെട്ടിക്കളഞ്ഞ വാക്ക് ‘പോലെ’ ആയിരുന്നെന്ന് വിനോയ് തോമസ് പറഞ്ഞ കാര്യം വെറുതെ ഒന്നോര്‍മ്മപ്പെടുത്തുന്നു.

എഡിറ്റിംഗ്

എഴുത്തില്‍ എഴുത്തുപോലെ പ്രധാനമാണ് എഴുതിയത് എഡിറ്റ് ചെയ്യുക എന്നത്.

എഡിറ്റിംഗ് എന്നത് ഒരിക്കലും പൂര്‍ണ്ണ സംതൃപ്തി തരാത്ത പ്രക്രിയയാണ്. പൂര്‍ണ്ണത എന്നത് ഒരു സങ്കല്പം മാത്രമാണല്ലോ. അക്ഷരത്തെറ്റ് മുതല്‍ പല കാര്യങ്ങളും എഡിറ്റിംഗില്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ടൈപ്പ് ചെയ്ത മാറ്റര്‍ പ്രിന്‍റെടുത്ത് അതില്‍ തിരുത്തുന്നതാവും നന്നാവുക.

എഡിറ്റിംഗില്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ സൂചിപ്പിക്കാം.

  1. ഒരു വാചകത്തില്‍ ഒരു പോലുള്ള രണ്ട് വാക്കുകള്‍ ഉള്‍പ്പെടുത്താതിരിക്കുക. ഉദാ: അപ്രതീക്ഷിതമായ ഈ ചോദ്യം അയാളെ തെല്ലൊന്നമ്പരപ്പിച്ചുവെച്ചുവെങ്കിലും അയാള്‍ തെല്ലും പതറാതെത്തന്നെ പറഞ്ഞു. (ടി. പത്മനാഭന്‍ – സത്യം ആര്‍ക്കറിയാം) ഞാനാണെങ്കില്‍ ആ വാചകം ഇങ്ങനെ എഡിറ്റ് ചെയ്യുമായിരുന്നു: അപ്രതീക്ഷിതമായ ഈ ചോദ്യം അമ്പരപ്പിച്ചുവെച്ചുവെങ്കിലും അയാള്‍ തെല്ലും പതറാതെത്തന്നെ പറഞ്ഞു. അപ്രതീക്ഷിതമായ ഈ ചോദ്യം തെല്ലൊന്നമ്പരപ്പിച്ചുവെങ്കിലും അയാള്‍ ഒട്ടും പതറാതെത്തന്നെ പറഞ്ഞു.
  2. ആയിരുന്നു, ഒരു , അത് എന്നിവ കുറയ്ക്കുക. ചിലപ്പോള്‍ എത്ര ശ്രമിച്ചാലും ആ വാക്കുകള്‍ ഉപയോഗിക്കേണ്ടി വരും. എന്നാലും പരമാവധി കുറച്ചാല്‍ നന്നാവും.
  3. ആവശ്യമില്ലെന്ന് തോന്നുന്നതെല്ലാം വെട്ടിക്കളയുക. ആദ്യമെഴുതിയപ്പോള്‍ മരുഭൂക്കാഴ്ച്ചകള്‍ എന്ന കഥയില്‍ ഇപ്പോള്‍ ക്ലൈമാക്സ് എത്തി നില്‍ക്കുന്നതും കഴിഞ്ഞ് 2 പേജ് കൂടി ഉണ്ടായിരുന്നു. അത്രയും ഭാഗങ്ങള്‍ അനാവശ്യമാണെന്ന് തോന്നിയപ്പോള്‍ ഒരു വേദനയും കൂടാതെ ഞാനതു വെട്ടിക്കളഞ്ഞു. അതുപോലെ വിവര്‍ത്തകന്‍ എന്ന കഥ ദേശാഭിമാനിക്ക് കൊടുത്തപ്പോള്‍ എഡിറ്ററായ രാജന്‍ മാഷ് വിളിച്ചിട്ട് അതിലൊരു പാരഗ്രാഫ് വെട്ടിക്കളയുന്നതില്‍ വിരോധമുണ്ടോ എന്നു ചോദിച്ചു. അതുകൊണ്ട് കഥയുടെ ഭ്രമാത്മകതയ്ക്ക് ഒന്നും സംഭവിക്കില്ലെന്നും പറഞ്ഞു. ഞാന്‍ സമ്മതിച്ചു. മാഷിന്‍റെ ആ നിര്‍ദ്ദേശം നന്നായെന്ന് കഥ അച്ചടിച്ചു വന്നപ്പോള്‍ മനസിലായി. എഴുത്തുകാരനു വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിലൊന്നായി അതും കണക്കിലെടുക്കണം. അനാവശ്യമെന്നു തോന്നുന്നത് യാതൊരു മനശ്ചാഞ്ചല്ല്യവും കൂടാതെ വെട്ടിക്കള്ളയാനുളള ഉള്ളുറപ്പ്. അല്ലാതെ ഇത് ഞാന്‍ പ്രസവവേദനയെടുത്ത് എഴുതിതാണ്, ഇതില്‍ നിന്നൊരക്ഷരം പോലും വെട്ടിക്കളയാന്‍ സമ്മതിക്കില്ല എന്ന നിലപാട് രചനയുടെ സൗന്ദര്യം കെടുത്തുകയേ ഉള്ളൂ.
  4. പോയിന്‍റ് ഓഫ് വ്യൂ. പല പ്രമുഖര്‍ക്കും പറ്റുന്ന അബദ്ധമാണ് പോയിന്‍റ് ഓഫ് വ്യൂ മാറുന്നത്. ഞാന്‍ എന്ന് ഫസ്റ്റ് പേഴ്സണില്‍ കഥ തുടങ്ങും. ഇടയ്ക്ക് വെച്ച് അയാള്‍ എന്നാകും. ഉദാ: ഏറ്റവും ബുദ്ധിയുള്ള ഒരു ജനുസില്‍ പെട്ടരാണ് ഈ ചിത്രത്തില്‍ കാണുന്നവര്‍. എല്ലാം ഒരേ ജനുസില്‍പ്പെട്ടവര്‍ തന്നെ. ചിത്രം കണ്ട് വ്യാകുലചിത്തനായ ഞാനും. ചിന്തകളിന്‍ നിന്നു രക്ഷപ്പെടാനായി അയാള്‍ എഴുന്നേറ്റു. (വെയില്‍ – വൈശാഖന്‍) ഇങ്ങനെ സംഭവിക്കുന്നതിന് പല കാരണങ്ങളുണ്ട്. ഒന്ന്, എഴുതി തുടങ്ങുന്നത് അയാള്‍ എന്ന തേര്‍ഡ് പേഴ്സണിലാവും. പിന്നീട് അത് മാറ്റി ഞാന്‍ ആക്കും. പക്ഷേ, ശ്രദ്ധയില്‍പ്പെടാതെ അയാള്‍ എവിടെയെങ്കിലും ഒളിച്ചിരിക്കുന്നുണ്ടാകും. രണ്ട്, സ്വന്തം അനുഭവം നേരിട്ട് പറയാനുള്ള മടി കാരണം അയാളെ കൊണ്ട് പറയിപ്പിക്കും. കഥ പറഞ്ഞു പോകവേ ഉള്ളിലുള്ള ഞാന്‍ അറിയാതെ പുറത്തു ചാടിപ്പോവും. മൂന്ന് പോയിന്‍റ് ഓഫ് വ്യൂവിനെ പറ്റി വലിയ ധാരണയൊന്നുമില്ലാതെ എഴുതുന്നത്.

പേര്

കഥയുടേയും കഥാപാത്രങ്ങളുടേയും പേര് ഗംഭീരമാകണം. പേര് കേട്ടാല്‍ തന്നെ വായിക്കാന്‍ കൊതി തോന്നണം. സി. രാധാകൃഷ്ണന്‍റെ നോവലുകളുടെ പേരുകള്‍ എന്തു ഭംഗിയാണ്.

ചില കഥകള്‍ പേരില്‍ നിന്നും ഉണ്ടാകും. ചകം എന്ന കഥയ്ക്ക് ടൈറ്റില്‍ ആണ് ആദ്യം കിട്ടിയത്. ആ പേരിനെ, വാക്കിനെ ചുറ്റിപ്പറ്റിയ ആലോചനയില്‍ നിന്നാണ് കഥ ജനിക്കുന്നത്.

ചില കഥകള്‍ക്ക് പേരിടുന്നത് പ്രയാസമാവും. ഒത്തിരി ആലോചിച്ചും തിരിച്ചും മറിച്ചും മാറ്റിയിട്ടുമൊക്കെയാണ് അത്തരം സന്ദര്‍ഭങ്ങളില്‍ കഥയ്ക്ക് അനുയോജ്യമായ പേര് കണ്ടെത്തുന്നത്. എഴുതിക്കൊണ്ടിരിക്കുന്ന പുതിയ കഥയ്ക്ക് മറുകര, മാലിനിയുടെ തീരങ്ങള്‍ എന്നിങ്ങനെ പേര് രണ്ട് തവണ മാറ്റിയിട്ടിട്ടും തൃപ്തി വന്നില്ല. ഒത്തിരി ആലോചനയ്ക്കും അന്വേഷണത്തിനും ശേഷം ഒടുക്കം ദ്രവീകൃതസ്മൃതികള്‍ എന്നുറപ്പിച്ചിരിക്കുകയാണ്.

വേടന്‍റെ മകള്‍ എന്ന കഥയിലെ പെണ്‍കുട്ടിക്ക് അപൂര്‍വ്വവും അതിമനോഹരവുമായ ഒരു പേരിനു വേണ്ടി ഞാനൊത്തിരി ആലോചിച്ചിരുന്നു. ഗൂഗിളിലും മറ്റും ഒരുപാട് തിരഞ്ഞെങ്കിലും തൃപ്തി തോന്നുന്ന ഒന്നും കിട്ടിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഉറുമി എന്ന സിനിമയിലെ പൃഥ്വിരാജിന്‍റെ ഒരു ഡയലോഗ് ഓര്‍മ്മ വരുന്നത്:

‘കലിയടങ്ങിയില്ലേ കന്നീ.’

കന്നി. അതായിരുന്നു ഞാന്‍ തേടിയ പേര്.

അങ്ങനെ വേടന്‍റെ മകള്‍ കന്നി എന്‍റെ പ്രിയപ്പെട്ട കഥാപാത്രമായി എരുമപ്പാടം എന്ന ദേശത്തെ മണ്ണില്‍ ഞാറമരം പോലെ വളര്‍ന്നു പന്തലിച്ചു. അവള്‍ക്കാ പേരുവെക്കുമ്പോള്‍ അങ്ങനെയാര്‍ക്കെങ്കിലും ആ പേരുണ്ടാകുമെന്ന കാര്യം ഞാന്‍ സത്യമായും ചിന്തിച്ചിട്ടേയില്ലായിരുന്നു. വടക്കന്‍ പാട്ടിലെ മതിലേരി കന്നിയും മാധ്യമം ആഴ്ചപ്പതിപ്പില്‍ കഥകള്‍ക്ക് ചിത്രം വരച്ചു കൊണ്ടിരിക്കുന്ന കന്നി. എം. പെണ്‍കുട്ടിയും ശ്രദ്ധയില്‍പ്പെടുന്നത് പിന്നീടാണ്.

രണ്ടാമത്തെ മകള്‍ ജനിച്ചപ്പോള്‍ കന്നി എന്നു പേര് വെക്കാമെന്ന് ഞാന്‍ പറഞ്ഞു. ഭാര്യ സമ്മതിച്ചില്ല. കഞ്ഞി എന്നും കണ്ണി എന്നുമൊക്കെ കുട്ടികള്‍ കളിയാക്കി വിളിക്കും എന്ന് ന്യായീകരണം പറഞ്ഞു. ഞാനുടനെ മാധ്യമത്തിന്‍റെ എഡിറ്ററായ ബിജുരാജേട്ടനെ വിളിച്ച് ആ പെണ്‍കുട്ടിയുടെ നമ്പര്‍ ചോദിച്ചു. അവളെ വിളിച്ച് ഞാന്‍ ചോദിച്ചു, ഈ പേര് കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോന്ന്. അവള്‍ അത്ഭുതപ്പെട്ടിരിക്കണം.

“എന്ത് ബുദ്ധിമുട്ട്?”

“അല്ല, കുട്ടികള്‍ കഞ്ഞിയെന്നോ മറ്റോ കളിയാക്കി വിളിക്കുന്ന തരത്തില്‍.”

“ഏയ്, എനിക്കങ്ങനത്തെ പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ല.”

ഈ സംഭാഷണം കേള്‍പ്പിച്ച ശേഷമാണ് ഭാര്യ മനസ്സില്ലാമനസ്സോടെയാന്നെങ്കിലും സമ്മതിച്ചത്.

ഒരു പേരിലെന്തിരിക്കുന്നു എന്നല്ല ഒരു പേരില്‍ എന്തെല്ലാമിരിക്കുന്നു എന്നാണ് ചിന്തിക്കേണ്ടത്.

ഇത്രയുമൊക്കെയാണ് കഥയെഴുത്തിനെപ്പറ്റി പറയാനുള്ളത്. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ച് ഏറ്റവും ഗംഭീരവും മനോഹരവുമായ ഒരു കഥ എഴുതിയാലും നന്നായി വായിക്കപ്പെടണമെന്നില്ല. നേരെമറിച്ച് യാതൊരു തരത്തിലുള്ള എഡിറ്റിംഗുമില്ലാത്ത, നല്ല ഭാഷയില്ലാത്ത എഴുത്തുകള്‍ ധാരാളം ആഘോഷിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും പുരസ്കാരങ്ങള്‍ക്ക് അര്‍ഹമാകുകയും ചെയ്യുന്നുമുണ്ട്. അങ്ങനെയുള്ള ഇക്കാലത്ത് ഒരു കഥയ്ക്കു വേണ്ടി ഇത്രയധികം കഷ്ടപ്പെടണോ എന്ന് ഒരുപക്ഷേ, മനസ്സില്‍ തോന്നിയേക്കാം. നല്ല എഴുത്തുകള്‍ ഒത്തിരി കാലങ്ങള്‍ക്കു ശേഷം കണ്ടെടുക്കപ്പെടും. എഴുതിയ വാക്കുകളുടെ പ്രസ്ക്തി കാലങ്ങള്‍ക്കു ശേഷം തിരിച്ചറിഞ്ഞേക്കാം. മോബിഡിക്ക്, ബേദന്‍ ബേദനിലെ ഗ്രീഷ്മകാലത്ത്, കാട്ടുകടന്നല്‍ എന്നിങ്ങനെ ഏറ്റവും മനോഹരമായ തെളിവുകള്‍ നമുക്കു മുന്നിലുണ്ട്.

Other articles

എഴുത്തിന്റെ വിതാനങ്ങൾ

- അജയ് പി. മങ്ങാട്ട് -ജോലി കഴിഞ്ഞുള്ള സമയത്താണ്...

അനന്യാനുഭവവും എഴുത്തും

- ക്യാപ്റ്റൻ ഗോവിന്ദൻ -എഴുത്തിൽ ഒരു വേറിട്ട വ്യക്തിത്വത്തിന് വേണ്ടിയാണ് ക്യാപ്റ്റൻ...

രചനയുടെ അടിസ്ഥാനഘടകങ്ങൾ

- പി.എ. നാസിമുദ്ദീൻ -ഏറ്റവും സംഘർഷഭരിതമായ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്....

ഞാനും എഴുത്തും

- കെ.ആര്‍. ടോണി -പ്രായോഗികമായി ഒരു കവിതയെഴുതുന്നയാള്‍ എന്തിലൊക്കെ ശ്രദ്ധിക്കണം എന്നുള്ളത്...

വാക്കിന്റെ ജനിതകവ്യതിയാനം: സാഹിത്യഭാവനയും സമൂഹവും

- കെ.പി. ജയകുമാര്‍ -എന്താണ് സര്‍ഗാത്മകത? സാഹിത്യം സര്‍ഗാത്മകമാകുന്നതെങ്ങനെയാണ്?...

എഴുത്താലക്കുറിപ്പുകൾ

- പി. രാമൻ -ഇന്ദ്രിയവേദ്യമായ എഴുത്ത്പെറ്റുവീണ ഒരു കുഞ്ഞ് ലോകത്തെ...

ദൈവത്തിന്റെ ആഖ്യാനം

- കെ. പി. രാമനുണ്ണി -ആഖ്യാനം പ്രധാനമായും മൂന്നുതരത്തിലാണുള്ളത്. പ്രഥമപുരുഷാഖ്യാനം,...

കഥയെഴുത്തിലെ പ്രതിസന്ധിഘട്ടങ്ങൾ

- അയ്മനം ജോൺ -കഥയെഴുത്തിന്റെ കാര്യത്തിൽ ആദ്യത്തെ പ്രതിസന്ധിയെന്നത് തുടക്കം തന്നെയാണ്....