ഞാനും എഴുത്തും

– കെ.ആര്‍. ടോണി –

പ്രായോഗികമായി ഒരു കവിതയെഴുതുന്നയാള്‍ എന്തിലൊക്കെ ശ്രദ്ധിക്കണം എന്നുള്ളത് എന്റെ കാവ്യരചനാരീതിയുമായി ബന്ധപ്പെടുത്തിയാണ് ഞാന്‍ പറയുന്നത്. എല്ലാവരുടെയും കാവ്യരചനാരീതിക്ക് ഇത് ബാധകമായിക്കൊള്ളണമെന്നില്ല. പലതരത്തിലുള്ള രചനകള്‍ ഉണ്ട്. കുളം, സമുദ്രം, പുഴ തുടങ്ങി പലതരം ജലാശയങ്ങള്‍ ഉള്ളതുപോലെ തന്നെയാണ് കവിതയുടെ കാര്യത്തിലും. കവിതയിലും നിരവധി വൈവിധ്യങ്ങളുണ്ട്. കവിതയുടെ കാര്യത്തില്‍ പൊതുവായി ബാധകമായിട്ടുള്ള ഒരു തത്ത്വ്വമില്ല.

ഒരു വിഷയം കിട്ടിക്കഴിഞ്ഞാല്‍ അതില്‍ത്തന്നെ നിന്ന് കറങ്ങി മൗനമായി ഇരിക്കാറുണ്ടല്ലോ. മണിച്ചിത്രത്താഴ് എന്ന സിനിമയില്‍ ഒരു ജപിച്ച ചരടും കൊണ്ട് മിണ്ടാതെ ഇന്നസെന്റിന്റെ അടുത്തേക്ക് പോകുന്ന ഒരു സന്ദര്‍ഭമുണ്ടല്ലോ. അതുപോലെ കവിതയുടെ ജപിച്ച് ചരട് കൈയ്യില്‍ ഉണ്ടാകുമ്പോള്‍ എനിക്കൊന്നും മിണ്ടാന്‍ കഴിയാറില്ല. അങ്ങനെ നമുക്കുള്ളില്‍ ഒരു തര്‍ക്കം/ സംവാദം/ പ്രശ്‌നം ഉണ്ടാകുന്നതിനെ തോന്നല്‍ എന്ന് വേണമെങ്കില്‍ പറയാം. ഒരു കവിത എഴുതുന്നതിന് ആദ്യം വേണ്ടത് ഈ തോന്നലാണ്. കവിതാരചനയുടെ എന്നെ സംബന്ധിച്ച ആദ്യപടി എന്നതും ഈ തോന്നല്‍ തന്നെയാണ്.

കാവ്യാനുഭവം എന്നാല്‍, ഞാന്‍ ഉള്‍പ്പെട്ടിരിക്കുന്ന എന്റെ മനസ്സ് കൊണ്ടുള്ള അനുഭവമാണ്. ഒരു സുഹൃദ്കവി തന്റെ മകന് കവിതയ്ക്ക് ഒന്നാം സമ്മാനം കിട്ടിയെന്ന് ഒരിക്കല്‍ പറയുകയുണ്ടായി. അവന് എന്ത് വിഷയം കൊടുത്താലും അവന്‍ അത് പാലസ്തീന്‍ പ്രശ്‌നവുമായി ബന്ധപ്പെടുത്തും. വിഷയം കൊടുത്തത് ഒരു ഓര്‍മ്മയായിരിക്കും അല്ലെങ്കില്‍ ഒരു പ്രണയകവിതയായിരിക്കും. ഇത് അവന്‍ എഴുതുമ്പോള്‍ പാലസ്തീനുമായി ബന്ധപ്പെടുത്തിയായിരിക്കും എഴുതുക. ഇത് അവന്റെ അനുഭവമല്ല. ശരിക്കും പറഞ്ഞാല്‍ എന്റെ കാവ്യാനുഭവവും എന്റെ ബോധവും സമഞ്ജസമായിട്ട് സമ്മേളിച്ച ഒരു അനുഭൂതിയാണ് തോന്നല്‍ എന്ന് പറയാം. ഈ തോന്നല്‍ ഉണ്ടാവുക എന്നുള്ളതാണ് കവിത എഴുതുന്നതിന്റെ ആദ്യപടി. ഇതിനെ നവനവോന്മേഷശാലിനീപ്രജ്ഞാപ്രതിഭയെന്ന് ഭാരതീയ കാവ്യമീമാംസയില്‍ പറയുന്നുണ്ട്.

‘പ്രതിഭ അപൂര്‍വ വസ്തുനിര്‍മ്മാണ ക്ഷമാവത്’ എന്നും ഭാരതീയാചാര്യന്മാര്‍ പറയുന്നു. ഞാനെന്റെ ഭാഷയില്‍ ഇതിനെ തോന്നലെന്ന് പറയുന്നു. ഈ തോന്നല്‍ ഉണ്ടാകുമ്പോള്‍ നമുക്ക് സ്വയം ആശ്ചര്യം തോന്നും. നമുക്ക് തന്നെ നമ്മള്‍ എഴുതാന്‍ തോന്നിയതില്‍ ആശ്ചര്യം ഉണ്ടാകണം. അവിടെയേ കവിതയുള്ളൂ. കാരണം, സാമാന്യമായ സ്മരണശക്തി എല്ലാവര്‍ക്കുമുണ്ട്. കാളിദാസന്‍ വലിയ കവിയാണ്. ആ കാളിദാസന്റെ നായികയാരാണ്? ശകുന്തള. ആ ശകുന്തളയ്ക്ക് പകരം രമണിയെ എടുത്തുവെച്ചാല്‍ എന്താകുഴപ്പം? ദുഷ്യന്തന് പകരം സുബ്രഹ്‌മണ്യന്‍ എന്ന പേരും വച്ചെന്ന് വിചാരിക്കുക. രമണിേച്ചച്ചിയെ കണ്ടാല്‍ സുബ്രഹ്‌മണ്യന്‍ ചേട്ടന് ഭാവം ഉണ്ടാകും. വിഭാവമെന്നു പറയും. ഭാവമുണ്ടാകുന്നതിന് കാരണമാകുന്നതാണ് വിഭാവം. അങ്ങനെ പേരുമാറ്റി ഒരു വിഭാവം സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കും. അനുഭാവം സൃഷ്ടിക്കാനും കഴിയും.

തോന്നലാണ് കവിത എഴുതുന്നതിന്റെ ആദ്യത്തെ പടിയെന്ന് ഞാന്‍ പറഞ്ഞല്ലോ. ആ തോന്നല്‍ നമുക്ക് ഇതുവരെ തോന്നാത്തതാണല്ലോ എന്ന ആശ്ചര്യവും ഉണ്ടാകണം. ആ തോന്നലിനോട് നമ്മള്‍ സൂക്ഷ്മതയോടെ ഇടപെട്ടാല്‍ അതില്‍ നിന്ന് ബോംബ് പോലെ പൊട്ടിത്തെറിക്കാന്‍ പറ്റാവുന്ന ഒന്ന് എടുക്കാന്‍ പറ്റും. ഉദാഹരണത്തിന്, ഒരിക്കല്‍ ഞാന്‍ നടന്നു പോകുമ്പോള്‍ രണ്ടു പെണ്‍കുട്ടികള്‍ ഇലക്ട്രിസിറ്റി പോസ്റ്റിനടുത്ത് നില്‍ക്കുന്നത് കണ്ടു. ആ പോസ്റ്റിന്റെ തൊട്ടപ്പുറത്ത് ഒരു സ്ഥാപനത്തിന്റെ മതിലാണ്. രണ്ടുപേരും വേഗത്തില്‍ നടന്നു. ഞാന്‍ പിന്നില്‍ നടക്കുന്നുണ്ട്. അതിലൂടെ രണ്ടുപേര്‍ക്ക് നടന്നു പോകാനുള്ള സ്ഥലമില്ല. എന്നിട്ടും അവര്‍ രണ്ടുപേരും ഒന്നിച്ചാണ് നടക്കുന്നത്. ആരും വിട്ടുകൊടുക്കുന്നില്ല. ഒരാളുടെ തോളവിടെ ഇടിക്കുകയാണ്. ഈ കണ്ടതിനെ ഞാന്‍ മൂന്നു പെണ്‍കുട്ടികളാക്കി. ഒരു ഇടവഴിയില്‍ കൂടി അവര്‍ പോവുകയാണ്. ഗ്രാമത്തിലെ വേലിയുള്ള ഒരു ചെറിയ ഇടവഴിയാണ്. അപ്പോള്‍ ഒരു കുട്ടിയുടെ ബ്ലൗസ് വേലിയില്‍ കുടുങ്ങി. രണ്ടാമത്തെ കുട്ടിയുടെ തോള്‍ പോസ്റ്ററില്‍ ഇടിച്ചു. മൂന്നുപേരും ഒന്നിച്ചാണ് പോകുന്നത്. സ്ഥലമില്ലാത്തതുകൊണ്ട് മൂന്നു പേരുംകൂടി പോകുമ്പോള്‍ രണ്ടുപേരുടെയും ഇടിയേറ്റ് ഒരാള്‍ വീണു. പിന്നീടും മൂന്നുപേരും ഒന്നിച്ച് തന്നെ നടന്നു. ഇതാണ് മൂന്നു പെണ്‍കുട്ടികള്‍ എന്ന കവിത. പുറമേ നിന്നുള്ളതില്‍ നിന്നും ഉണ്ടാകുന്ന ഉത്തേജനം വിചിത്രമായി തോന്നുമ്പോള്‍ അത് കവിതയ്ക്കുള്ള ഒരു ഘടകമായി മാറുന്നു. ഇതിനെ തോന്നല്‍ എന്ന് പറയാം. അതുതന്നെയാണ് പ്രതിഭയും. നമുക്കുണ്ടായ ഈ തോന്നലിനെ നമ്മള്‍ മൂര്‍ച്ചപ്പെടുത്തിയെടുക്കണം. ഇതാണ് എഡിറ്റിങ് എന്ന പ്രക്രിയ. നമുക്കുണ്ടായ തോന്നലിനെ വളര്‍ത്തിയെടുക്കാന്‍ തന്നെയാണ് എലിയറ്റും തന്റെ ഒബ്‌ജെക്റ്റീവ് കോറിലേറ്റീവ് തിയറിയിലൂടെ പറയുന്നതും.

എഡിറ്റിങ് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് നോക്കാം.

‘നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ ക്ലാസ് ലീഡറായിരുന്നു. വര്‍ത്തമാനം പറയുന്ന കുട്ടികളുടെ പേരെഴുതിവെക്കാന്‍ ഞാന്‍ നിയോഗിക്കപ്പെടുമായിരുന്നു. എന്നാല്‍ എല്ലാപേരും എഴുതാന്‍ എനിക്കറിയില്ലായിരുന്നു. അറിയാവുന്ന പേരുകള്‍ മാത്രം ഞാനെഴുതി. അവര്‍ക്കെല്ലാം അടിയും കിട്ടി. അടി കിട്ടാത്തവരുടെ വര്‍ത്തമാനം പറച്ചില്‍ ഏറിയേറി വന്നു. ഒടുവില്‍ നിവൃത്തികെട്ട് അറിയുന്നമാതിരി എഴുതി. രുഗ്മിണി രുക്കുമണിയായി. അഞ്ജലി അഞ്ച് എലിയായി. പൂജ പൂച്ചയായി. അഷ്‌റഫ് അസ്റപ്പായി. മുസ്തഫ മുത്തപ്പയായി. അങ്ങനെ എന്റെ വിവരം അധ്യാപകന് ബോധ്യപ്പെട്ടു. പത്താം ക്ലാസിലെത്തിയപ്പോള്‍ ഞാന്‍ സ്‌കൂള്‍ ലീഡറായി. എന്റെ വിവരം പ്രധാനാധ്യാപകന് ബോധ്യപ്പെട്ടു. പിന്നെ ജനനേതാവായി. നേതാവാകാനുള്ള യോഗ്യത ഞാനെന്നും നിലനിര്‍ത്തി. അന്ന് ഞാന്‍ പേര് എഴുതിയവരൊക്കെ വര്‍ത്തമാനം പറച്ചില്‍ നിര്‍ത്തി. ഞാനാകട്ടെ വര്‍ത്തമാനം പറഞ്ഞുകൊണ്ടേയിരിക്കുന്നു. എന്റെ പേരെഴുതാന്‍ ഒരാളുമില്ലേ?’

  • ഇതിലെന്തൊക്കെ വെട്ടാനുണ്ട്? കുറെ അനാവശ്യ കാര്യങ്ങള്‍ ഞാനിവിടെ പറഞ്ഞിട്ടുണ്ട്. അത് വെട്ടുന്നതിനെയാണ് എഡിറ്റിങ് എന്ന് പറയുന്നത്. ഇവിടെ ‘എന്നാല്‍ എല്ലാ പേരും എനിക്കറിയില്ല’ എന്നഭാഗത്ത് ‘ ‘എന്നാല്‍‘ ന്റെ ആവശ്യമില്ല. ‘അറിയാവുന്ന പേരുകള്‍ മാത്രം ഞാനെഴുതി’ എന്ന ഭാഗത്ത് ‘ഞാന്‍‘ ആവശ്യമില്ല. ‘നേതാവാകാനുള്ള യോഗ്യത ഞാന്‍ നിലനിര്‍ത്തി’ എന്ന വരിക്ക് ശേഷമുള്ള വരികള്‍ ആവശ്യമില്ല. ജനനേതാവാകാനുള്ള യോഗ്യത എന്തൊക്കെയാണെന്ന് ആലോചിക്കേണ്ടത് വായനക്കാരാണ്. അത് ധ്വനിപ്പിക്കുക മാത്രമേ ചെയ്യാന്‍ പാടുള്ളൂ. തുറന്നു മലര്‍ത്തി വിശദീകരിക്കരുത്. ബാക്കിയുള്ള കാര്യങ്ങളൊക്കെ വേണ്ടാത്തതാണ്. വെട്ടേണ്ടതിനെയൊക്കെ നിഷ്‌കരുണം വെട്ടിയാല്‍ മാത്രമേ നമുക്കുണ്ടായ തോന്നലിനെ പ്രതിഫലിപ്പിക്കാന്‍ സാധിക്കുകയുള്ളൂ.

‘എഴുത്ത്’ എന്ന കവിത

‘ചിലര്‍ നാല്‍പ്പത് വയസ്സാകുമ്പോഴേക്കും ഇനിയൊരു വരി എഴുതാന്‍ ആവില്ല എന്ന നിലയാവും. ചിലര്‍ നാല്‍പ്പത് കഴിഞ്ഞ് എഴുതാന്‍ തന്നെ തുടങ്ങൂ. ചിലര്‍ ആറു വയസ്സ് മുതല്‍ നൂറ് വയസ്സുവരെ ചറപറ എന്ന് എഴുതിക്കൊണ്ടിരിക്കും. ചിലര്‍ എഴുത്തോ, എന്തെഴുത്ത്? നിനക്ക് വേറെ പണിയില്ലേ? എന്ന് ചോദിക്കും. ചിലര്‍ മരിച്ചാലും എഴുതിക്കൊണ്ടിരിക്കും. തലയിലെയെഴുത്ത് തന്നെ എല്ലാം.’ – ഇതില്‍ എന്തൊക്കെ വെട്ടാനുണ്ട്? വെട്ടണോ വേണ്ടയോ എന്ന് എങ്ങനെയറിയാം? അതിന് നിരൂപണബുദ്ധി വേണം. കവിയ്ക്ക് നിരൂപണബുദ്ധി അവശ്യം വേണം. കവിയാണ് ഏറ്റവും നല്ല വിമര്‍ശകന്‍ എന്ന് എലിയറ്റ് പ്രത്യേകിച്ച് പറയുന്നുണ്ട്. ആ കഴിവാണ് ഏറ്റവും പ്രധാനം.

ഒരിക്കലും മറ്റുള്ളവരെക്കൊണ്ട് നമ്മുടെ രചനകള്‍ തിരുത്തിപ്പിക്കാന്‍ പാടില്ല. എഴുതുന്നതുപോലെ തന്നെ പ്രധാനമാണ് വെട്ടുന്നതും. എഴുത്തുകാര്‍ക്ക് വിമര്‍ശനാത്മക ബുദ്ധിയും ആവശ്യമാണ്. അതുകൊണ്ട് കൃത്യമായി എലിയറ്റ് പറയുന്നുണ്ട്; ഒരു വര്‍ക്ക് ഉണ്ടാക്കുന്നതിനുള്ള ഏറ്റവും വലിയ പണിയെന്ന് പറയുന്നത് ക്രിറ്റിക്കല്‍ ലേബറാണ്. നമുക്കുണ്ടായ തോന്നലിനെ അരിച്ചെടുക്കണം. വേണ്ടാത്തതിനെ വെട്ടിവെട്ടി കളയണം. വീണ്ടും പരിശോധിച്ച് നോക്കണം. പല നിരൂപകന്മാരെക്കാളും ഏറ്റവും വലിയ ഗുണമുള്ള നിരൂപകന്‍ കവിയാണ്.

കവിതയ്ക്ക് പലതരത്തിലുള്ള രൂപങ്ങളുണ്ട്. ലോകത്തിലുള്ള എല്ലാ കവിതകളുടെയും രൂപങ്ങള്‍ സച്ചിദാനന്ദനറിയാം. അദ്ദേഹത്തിന്റെ കവിത പരിശോധിച്ചാല്‍ ലോകകവിതകളിലെ രൂപങ്ങളൊക്കെ അതില്‍ നിന്നും കിട്ടും. ‘ മരണാനന്തരം’ എന്ന അദ്ദേഹത്തിന്റെ കവിതയുണ്ട്. അതിലിങ്ങനെയാണ്;

‘മഴയായിരുന്നു, ജനലില്‍ വന്ന് മരണമെന്നെ വിളിച്ചപ്പോള്‍ മഴയായിരുന്നു.’

-അങ്ങനെ മഴയായിരുന്നു, മഴയായിരുന്നു എന്ന് പറഞ്ഞ് അവസാന ഭാഗത്ത് ‘ഈ കഠാരയും എന്നെ പിളര്‍ന്ന് കടന്ന് പോകുമ്പോള്‍‘ എന്ന് പറഞ്ഞ് നിര്‍ത്തുകയാണ്. ഇത് ശരിക്കും പറഞ്ഞാല്‍ ലോഹയുടെ കാവ്യഘടനയില്‍ നിന്നും പിടിച്ചിട്ടുള്ളതാണ്. ചില സ്ഥലത്ത് ആവര്‍ത്തിക്കാം. അത് അതിന്റെ രൂപഭംഗിക്ക് വേണ്ടിയാണ്. ആവര്‍ത്തനം പാടില്ലെന്ന് ഞാന്‍ നേരത്തെ പറഞ്ഞു. ആവശ്യമില്ലാത്തതിനെ കളയുകയും നമുക്ക് കിട്ടിയ തോന്നലിനെ മൂര്‍ച്ചപ്പെടുത്തിയെടുക്കുകയും ചെയ്യണമെന്ന് പറഞ്ഞു. ആ തോന്നല്‍ നമ്മളുടെ കാവ്യാനുഭവം ആയിരിക്കണം. പാലസ്തീനെപ്പറ്റിയുള്ള കവിതയെന്ന് ഞാന്‍ മുന്നേ പറഞ്ഞല്ലോ. അത്തരത്തിലുള്ള കവിതകള്‍ എടുക്കുകയാണെങ്കില്‍, ശങ്കരപ്പിള്ളയുടെ പോലെ ഒരുപാട് കവിതകളുണ്ട്. ആര്‍ക്കും അത് വായിച്ചാല്‍ മനസ്സിലാകണമെന്നില്ല. ലോകത്തിലുള്ള വിവരങ്ങള്‍ മുഴുവനും കവിതയില്‍ എഴുതിവച്ചാല്‍ അവിടെ എന്താണ് നടന്നതെന്ന് അറിഞ്ഞാല്‍ മാത്രമേ കവിത വായിക്കാന്‍ സാധിക്കുകയുള്ളൂ. ലോകത്തിലുള്ള പത്രങ്ങള്‍ മുഴുവന്‍ മലര്‍ത്തിവച്ച് വേണം കവിത എഴുതാന്‍ എന്ന് പറഞ്ഞാല്‍ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് കാവ്യാനുഭവം നമ്മുടെ സ്വന്തമായിരിക്കണമെന്ന്. അങ്ങനെ സ്വന്തമായിരിക്കുമ്പോള്‍ മാത്രമേ അതിനെ നമുക്ക് മൂര്‍ച്ചപ്പെടുത്തിയെടുക്കാന്‍ സാധിക്കുകയുള്ളൂ.

മറ്റൊരു കവിത നോക്കാം.

‘ഒറ്റുകാരില്ലെങ്കില്‍ ജീവിതം എത്ര
അര്‍ത്ഥശൂന്യമാകുമായിരുന്നു.
കൂട്ടിക്കൊടുപ്പുകാരില്ലെങ്കില്‍ ജീവിതം എത്ര
അര്‍ത്ഥശൂന്യമാകുമായിരുന്നു.
ചൂഷണം ഇല്ലെങ്കില്‍ ജീവിതം എത്ര
അര്‍ത്ഥശൂന്യമാകുമായിരുന്നു.
ദാരിദ്ര്യമില്ലെങ്കില്‍ ജീവിതം എത്ര
അര്‍ത്ഥശൂന്യമാകുമായിരുന്നു.
പീഡനമില്ലെങ്കില്‍ ജീവിതം എത്ര
അര്‍ത്ഥശൂന്യമാകുമായിരുന്നു.
രോഗങ്ങളില്ലെങ്കില്‍ ജീവിതം എത്ര
അര്‍ത്ഥശൂന്യമാകുമായിരുന്നു.
ജരാനരകളില്ലെങ്കില്‍ ജീവിതം എത്ര
അര്‍ത്ഥശൂന്യമാക്കുമായിരുന്നു.
മരണമില്ലെങ്കില്‍ ജീവിതം എത്ര
അര്‍ത്ഥശൂന്യമാകുമായിരുന്നു.
ദൈവമില്ലെങ്കില്‍ ജീവിതം എത്ര
അര്‍ത്ഥശൂന്യമാകുമായിരുന്നു.
അര്‍ത്ഥശൂന്യമായിരുന്നില്ലെങ്കില്‍
അതെത്ര അര്‍ത്ഥശൂന്യമാകുമായിരുന്നു. ‘

ഈ കവിതയില്‍ മൂന്നുവരി പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ ജീവിതം എത്ര അര്‍ത്ഥശൂന്യമാകുമായിരുന്നു എന്ന് ആവര്‍ത്തിക്കേണ്ടതിന്റെ ആവശ്യമില്ല. ദാരിദ്ര്യമില്ലെങ്കില്‍ എന്ന വരി മുതല്‍ കോമയിട്ട് പറഞ്ഞാല്‍ മതിയാകും. ചില ഭാഗത്ത് ആവര്‍ത്തനം ഒഴിവാക്കണം. എന്നാല്‍ ചില ഭാഗത്ത് അത് വേണംതാനും.

സാര്‍ത്രിന്റെ ‘വാട്ട് ഈസ് ലിറ്ററേച്ചര്‍‘ എന്ന പുസ്തകമുണ്ട്. അതില്‍ രണ്ടാമത്തെ അധ്യായമാണ് ‘വൈ റൈറ്റ്’. അതില്‍ അദ്ദേഹം പറയുന്നത്, വായനക്കാരന് കൃതി വെളിപ്പെടുന്നത് പോലെ എഴുത്തുകാരന് കൃതി വെളിപ്പെടില്ല എന്നാണ്. എഴുതിക്കൊണ്ടിരിക്കുന്ന സമയത്ത് അതിനെ വസ്തുനിഷ്ഠമായി നോക്കിക്കാണാന്‍ നമുക്ക് കഴിയില്ല. വസ്തുനിഷ്ഠമായി നോക്കിക്കണ്ടാലേ അതിനെ വിമര്‍ശനാത്മകമായി കാണാന്‍ കഴിയൂ. ശരിക്കും ഒരു കവിത നമ്മെ പിടിച്ചിരുത്തും. നമ്മള്‍ക്ക് അതുവരെ അറിയാത്ത ഒരു വെളിച്ചം കവിത നല്‍കുന്നുണ്ടെങ്കില്‍. മനുഷ്യനാണ് മറ്റ് സംഗതികളുടെ ഉണ്മയെ വെളിപ്പെടുത്തുന്നത്. എഴുത്തുകാരന് തന്റെ കൃതി വായിക്കാന്‍ പറ്റുന്ന സമയത്ത് അയാള്‍ അത് എഴുതാന്‍ കഴിവുള്ളവനല്ല. എഴുതുമ്പോള്‍ അയാള്‍ അത് വായിക്കാന്‍ കഴിവുള്ളവനുമല്ല. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്ക് എന്റെ കൃതിയെ വസ്തുനിഷ്ഠമായി നോക്കിക്കാണാന്‍ ബുദ്ധിമുട്ടാണ്. എഴുത്തുകാരന്‍ എപ്പോഴും തന്റെ കൃതിയെ വായിക്കുന്നത് ഭാഗിക വായനയിലൂടെയാണ്. എഴുത്തുകാരന്‍ താന്‍ എഴുതിയത് അപ്പോള്‍ തന്നെ വായിക്കുമ്പോള്‍ താന്‍ എഴുതിവന്ന വഴിയില്‍കൂടി മാത്രമേ അതിനെ ചിന്തിക്കൂ. ഏതൊക്കെ വാക്കുകള്‍ എവിടെയൊക്കെ മാറ്റിയെന്നും വരികള്‍ എങ്ങനെയൊക്കെയാക്കി മാറ്റിയെന്നും മാത്രമേ എഴുത്തുകാരന്‍ നോക്കുകയുള്ളൂ. അതുകൊണ്ടാണ് എഴുതിയ ഉടനെ പ്രസിദ്ധീകരിക്കാന്‍ കൊടുക്കരുതെന്ന് പറയുന്നത്. മറ്റുള്ളവരെ വായിക്കാന്‍ ഏല്‍പ്പിക്കുമ്പോള്‍ സഹൃദയരല്ലാത്തവരെയാണ് ഏല്‍പ്പിക്കുന്നതെങ്കില്‍ പൊട്ടക്കവിത നല്ലതെന്നും നല്ലതിനെ പൊട്ടക്കവിത എന്നും പറയാനിടയുണ്ട്. നമ്മള്‍ തന്നെ വേണം നമ്മുടെ കൃതിയെ വിലയിരുത്താന്‍. അതാണ് ഏറ്റവും ബുദ്ധിമുട്ടേറിയതും. അതുകൊണ്ട് തന്നെ ഇതിന് സമയവും ആവശ്യമാണ്. അതുകൊണ്ട് എഴുതിക്കഴിഞ്ഞ് ഒരാഴ്ചയോ രണ്ടാഴ്ചയോ എടുക്കാം. എത്രസമയം എടുക്കുന്നോ അത്രയും നല്ലതാണ്. അപ്പോള്‍ ദോഷങ്ങള്‍ കാണാന്‍ കഴിയും. അപ്പോഴേ വസ്തുനിഷ്ഠമായി വായിക്കാന്‍ കഴിയുകയുള്ളൂ.

സമുദ്രത്തിലെ തിരമാലകളെ പോലെ മുങ്ങിയും പൊങ്ങിയും പോകുന്നതാണ് സാഹിത്യത്തിലെ വ്യഭിചാരീഭാവമെന്ന് പറയാം. ഹൃദയസ്പര്‍ശത്തിന് അനിവാര്യമാണ് ഈ ഭാവം. ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ ഓരോ നാലുവരി കഴിയുമ്പോഴും കൊടുത്തുകൊണ്ട് കവിത എഴുതാതെ ഒരു നീളമുള്ള കവിത എഴുതുന്നതിന് ഈ വ്യഭിചാരീഭാവം ആവശ്യമാണ്. ഇവിടെയാണ് എല്ലാ എഴുത്തുകാരും തോല്‍ക്കുന്നത്. മാലയിലെ ചരട് പോലെയുള്ളതാണ് സ്ഥായീഭാവമെന്ന് പറയാം. ഈ സ്ഥായീഭാവം ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നതാണ് വ്യഭിചാരീഭാവം. ശകുന്തളയും ദുഷ്യന്തനും എന്ന ജോടിയെ എടുത്താല്‍ അതില്‍ ശൃംഗാരരസം രതിയെന്ന സ്ഥായീഭാവം ഉല്പാദിപ്പിക്കുന്നതായി കാണാം. അതില്‍ മൂന്നാമത്തെ അധ്യായത്തില്‍ കണ്വാശ്രമത്തിനടുത്തുള്ള മാലിനി നദിയുടെ വള്ളിക്കുടിലില്‍ ശകുന്തള ഉല്ലസിച്ചു നടക്കുമ്പോള്‍ ദുഷ്യന്തന്‍ മണലില്‍ ഒരു കാലടി കാണുന്നുണ്ട്. ആ കാലിന്റെ ഉപ്പൂറ്റിയുടെ ഭാഗം മണലില്‍ താഴ്ന്നിരിക്കുന്നത് ദുഷ്യന്തന്‍ കാണുന്നു. അപ്പോള്‍ അവിടെയും രതിഭാവം കാണാന്‍ കഴിയും. വ്യഭിചാരി എന്നാല്‍ തെറ്റുക എന്നാണ് അര്‍ത്ഥം. സാഹിത്യത്തില്‍ ഒരു സന്ദര്‍ഭം പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ സന്ദര്‍ഭത്തില്‍ നിന്നും വ്യതിചലിച്ച് ഒരു നിമിഷത്തേക്ക് എങ്കിലും മറ്റൊരു സന്ദര്‍ഭം കടന്നുവരുന്നു. ഇങ്ങനെയാണ് വ്യഭിചാരീഭാവം സൃഷ്ടിക്കപ്പെടുന്നത്. രാജാവായ ദുഷ്യന്തന്‍ കുറ്റവും ശിക്ഷയും നടപ്പിലാക്കുന്നതിനിടയില്‍ ചെറിയ രീതിയിലുള്ള രതിഭാവം സൂചിപ്പിക്കുന്നതിനായി മനസ്സില്‍ ഒരു സെക്കന്റ് ശൃംഗാരരസം വരുന്ന രീതിയിലുള്ള എന്തെങ്കിലും കഥയില്‍ സന്നിവേശിപ്പിക്കണം. അടുത്ത അധ്യായത്തിലേക്ക് കടക്കുമ്പോള്‍ അവിടെയും പ്രേമമല്ല വിഷയമെങ്കിലും ഒരു സന്ദര്‍ഭം ഉണ്ടാക്കുകയും രതിഭാവത്തിന്റെ തോന്നല്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇങ്ങനെ ഓരോ അധ്യായത്തിലും ഇടയ്ക്കിടെ ഇത് കടന്നുവരുന്നുണ്ടെങ്കില്‍ സ്ഥായീഭാവം രതിയാണെന്ന് വായനക്കാര്‍ക്ക് മനസ്സിലാക്കാം.. ഇത് വ്യഭിചാരിയായാണ് വരുന്നത്. അതുകൊണ്ട് തന്നെ ഇത് സാഹിത്യത്തില്‍ എങ്ങനെ സന്നിവേശിപ്പിക്കാമെന്നുള്ളത് എളുപ്പമുള്ള കാര്യമല്ല.

Other articles

എഴുത്തിന്റെ വിതാനങ്ങൾ

- അജയ് പി. മങ്ങാട്ട് -ജോലി കഴിഞ്ഞുള്ള സമയത്താണ്...

അനന്യാനുഭവവും എഴുത്തും

- ക്യാപ്റ്റൻ ഗോവിന്ദൻ -എഴുത്തിൽ ഒരു വേറിട്ട വ്യക്തിത്വത്തിന് വേണ്ടിയാണ് ക്യാപ്റ്റൻ...

സാങ്കല്പികലോകത്തിലെ സഹയാത്രികര്‍

- സുഭാഷ് ഒട്ടുംപുറം -വായനയുമായോ എഴുത്തുമായോ വലിയ ബന്ധമൊന്നുമില്ലാത്ത ഒരിടത്ത് നിന്നാണ്...

രചനയുടെ അടിസ്ഥാനഘടകങ്ങൾ

- പി.എ. നാസിമുദ്ദീൻ -ഏറ്റവും സംഘർഷഭരിതമായ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്....

വാക്കിന്റെ ജനിതകവ്യതിയാനം: സാഹിത്യഭാവനയും സമൂഹവും

- കെ.പി. ജയകുമാര്‍ -എന്താണ് സര്‍ഗാത്മകത? സാഹിത്യം സര്‍ഗാത്മകമാകുന്നതെങ്ങനെയാണ്?...

എഴുത്താലക്കുറിപ്പുകൾ

- പി. രാമൻ -ഇന്ദ്രിയവേദ്യമായ എഴുത്ത്പെറ്റുവീണ ഒരു കുഞ്ഞ് ലോകത്തെ...

ദൈവത്തിന്റെ ആഖ്യാനം

- കെ. പി. രാമനുണ്ണി -ആഖ്യാനം പ്രധാനമായും മൂന്നുതരത്തിലാണുള്ളത്. പ്രഥമപുരുഷാഖ്യാനം,...

കഥയെഴുത്തിലെ പ്രതിസന്ധിഘട്ടങ്ങൾ

- അയ്മനം ജോൺ -കഥയെഴുത്തിന്റെ കാര്യത്തിൽ ആദ്യത്തെ പ്രതിസന്ധിയെന്നത് തുടക്കം തന്നെയാണ്....