– കെ. പി. രാമനുണ്ണി –
ആഖ്യാനം പ്രധാനമായും മൂന്നുതരത്തിലാണുള്ളത്. പ്രഥമപുരുഷാഖ്യാനം, ഉത്തമപുരുഷാഖ്യാനം, മധ്യമപുരുഷാഖ്യാനം എന്നിങ്ങനെ. പ്രഥമപുരുഷാഖ്യാനം എല്ലായിടത്തും നിറഞ്ഞുനിൽക്കുന്നു. എല്ലാം ഗ്രഹിക്കാൻ ശേഷിയുള്ള ഒരു കണ്ണായി പ്രഥമപുരുഷാഖ്യാനത്തെ കാണാം. ദൈവത്തിനെന്ന പോലെ ഈ ആഖ്യാതാവിനും നടക്കുന്ന സംഭവങ്ങളും പണ്ട് കഴിഞ്ഞതും കഥാപാത്രങ്ങളുടെ മനസ്സിലുള്ള നേരിയ ചലനങ്ങളുമൊക്കെ അറിയാം. അതാണ് പ്രഥമപുരുഷാഖ്യാനത്തിന്റെ സ്വഭാവം. ദൈവത്തിന്റെ ആഖ്യാനം എന്ന് പറയുമ്പോൾ അതിന് ഇങ്ങനെയൊരർത്ഥം കൂടിയുണ്ട്. എല്ലാം അറിയുന്ന ആഖ്യാതാവിന്റെ ഭാഗത്ത് നിന്നുള്ള ആഖ്യാനമാണിത്. മനുഷ്യഭാഷയുടെ സാഹിത്യമെന്ന ഉന്നതമായ ഒരു തലം ദൈവത്തിന്റെ ആഖ്യാനമായി നമുക്ക് പറയാം. മനുഷ്യഭാഷയുടെ സവിശേഷത മൃഗങ്ങളിൽ നിന്നും മനുഷ്യനെ ദൈവത്തിന്റെ തലത്തിലേക്ക് ഉയർത്തുന്നു എന്നതാണ്. മൃഗീയമായ ചോദനകളെയും പരിമിതികളെയുമെല്ലാം അതിവർത്തിക്കുന്ന തലത്തിലേക്ക് മനുഷ്യനെ ഇത് ഉയർത്തുന്നു. മർത്യഭാഷയുടെ സവിശേഷതയാണ് സാഹിത്യത്തെ ദൈവത്തിന്റെ ആഖ്യാനത്തിലേക്ക് ഉയർത്തുന്നത്.
മനുഷ്യഭാഷയ്ക്ക് മൂന്ന് തലമുണ്ടെന്ന് സാമാന്യേന പറയാം. ഒന്നാമത്തേത് വിവരം വിനിമയം ചെയ്യുന്ന തലമാണ്. ഇത് മൃഗങ്ങൾക്കുമുണ്ട്. എന്നാൽ മറ്റ് മൃഗങ്ങൾക്കൊന്നുമില്ലാത്ത മനുഷ്യന് മാത്രമുള്ള ഒരു ഭാഷയുടെ തലമാണ് ആശയങ്ങൾ വിനിമയം ചെയ്യാനുള്ള തലം. കുറെ വിവരങ്ങൾ സാമാന്യവൽക്കരിച്ച് ആശയമാക്കുന്നു. ഇങ്ങനെയാണ് ലോകത്തെപ്പറ്റിയുള്ള അവബോധം മനുഷ്യർക്ക് ഉണ്ടാകുന്നത്. മറ്റ് മൃഗങ്ങൾക്ക് പ്രത്യക്ഷമായ അനുഭവങ്ങളും ചോദനകളും മാത്രമേയുള്ളൂ. മർത്യൻ (മരിക്കുന്നവൻ) എന്ന പേര് മനുഷ്യന് മാത്രമേയുള്ളൂ. മരിക്കുമെന്ന വിവരം അറിയുന്ന ഒരു ജീവി മനുഷ്യൻ മാത്രമാണ്. ഇതിനെയൊക്കെ കൂട്ടിച്ചേർത്ത് മനുഷ്യൻ സാമാന്യവൽക്കരിക്കുന്നു. ആശയപരമായി ലോകത്തെപ്പറ്റി ഇത് ഒരു അവബോധമുണ്ടാക്കുന്നു. മൂന്നാമത്തെ തലമാണ് അനുഭവങ്ങൾ വിനിമയം ചെയ്യാനുള്ള തലം. ഇവിടെയാണ് സാഹിത്യം പ്രവർത്തിക്കുന്നത്. സഹജീവിയുടെ വേദനയും വിഷമവുമെല്ലാം നമ്മുടേതായി അനുഭവിക്കാനുള്ള ഒരു കഴിവ് നമുക്ക് ഭാഷയിൽക്കൂടി ലഭിക്കുന്നു.
‘എങ്ങു മനുഷ്യനു ചങ്ങല കൈകളിലങ്ങെന് കൈയുകള് നൊന്തീടുകയാ,ണെങ്ങോ മര്ദ്ദനമവിടെ പ്രഹരം വീഴുവതെന്റെ പുറത്താകുന്നു’
എന്ന് എൻ വി കൃഷ്ണവാര്യർ പറയുന്നത് ഈ കാര്യമാണ്. മനുഷ്യനെ മനുഷ്യനാക്കുന്ന മനുഷ്യത്വമുള്ളവരാക്കുന്നതെല്ലാം തന്നെ ഭാഷയാണ്. മനുഷ്യഭാഷ അത്രയും പ്രധാനമാണ്. അതുകൊണ്ടാണ് മാർട്ടിൻ ഹൈഡെഗർ പറഞ്ഞത്, മനുഷ്യന്റെ ഉണ്മയുടെ ഇരിപ്പിടമാണ് ഭാഷ ( language is the house of being ) എന്ന്. മറ്റുള്ളവരെ മനസ്സിലാക്കാൻ കഴിയുകയും അവരുമായി തന്മയീഭവിക്കാൻ കഴിയുകയും ചെയ്യുന്ന സമയത്താണ് നമുക്ക് മറ്റുള്ളവരെ സ്നേഹിക്കാൻ കഴിയുന്നത്.
“അവനിവനെന്നറിയുന്നതൊക്കെയോര്ത്താ ലവനിയിലാദിമമായൊരാത്മരൂപം; അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം”
ഞാനും നീയും ഒരേ ആത്മരൂപത്തിന്റെ ഭാഗമാണെന്ന അഭേദ ബോധം സൃഷ്ടിക്കപ്പെടുന്ന സമയത്താണ് മറ്റുള്ളവർക്ക് എന്റെ സുഖത്തിനുള്ളവ അവരുടെയും സുഖത്തിനാണെന്ന തോന്നൽ ഉണ്ടാകുന്നത്. ഈ അഭേദബോധത്തിൽ നിന്നാണ് സ്നേഹവും ദയയും കാരുണ്യവുമൊക്കെ ഉണ്ടാകുന്നത്. കാരുണ്യവും സ്നേഹവും ദയയുമൊക്കെ സൃഷ്ടിക്കുന്ന മനുഷ്യഭാഷയുടെ മൂന്നാമത്തെ തലമാണ് സാഹിത്യം. സഹജീവിയുടെ മനസ്സിലേക്ക് പ്രവേശിക്കുവാനുള്ള സുവർണ്ണ കവാടമാണ് സാഹിത്യമെന്ന് പറയാൻ കഴിയും. ‘ആയിരത്തൊന്നു രാവുകൾ’ എന്ന കഥ സാഹിത്യത്തിന്റെ പ്രാധാന്യം എന്താണെന്ന് പഠിപ്പിക്കുന്നുണ്ട്. സാധാരണ ഭാഷയുടെ വ്യാവഹാരികമായ ഭാഷയിൽ കൂടി പറഞ്ഞാൽ ഹൃദയത്തിൽ സ്പർശിക്കപ്പെടാതെ പോകുന്ന കാര്യങ്ങൾ സാഹിത്യത്തിൽ കൂടി പറയുമ്പോൾ ഏത് കരിങ്കല്ല് പോലെ ഹൃദയമുള്ള സുൽത്താന്റെയും ഹൃദയം അലിഞ്ഞുപോകും എന്നതാണ് ഷഹറസാദയുടെ കഥ. ബാബരി മസ്ജിദിന്റെ തകർച്ചയോടെ സംഭവിച്ചിട്ടുള്ള യഥാർത്ഥ പൊരുളെന്താണെന്ന് എൻ. എസ്. മാധവന്റെ തിരുത്ത് വായിക്കുമ്പോഴാണ് മനസ്സിലാകുന്നത്. സാധാരണ ഭാഷയിൽ പറഞ്ഞാൽ മനസ്സിലാകാത്ത ഗഹനമായ അർഥങ്ങളെ ഹൃദയസ്പർശിയാകുന്ന രീതിയിൽ അവതരിപ്പിക്കുകയാണ് സാഹിത്യത്തിലൂടെ ചെയ്യുന്നത്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് മഹാത്മജി പറഞ്ഞിട്ടുള്ളത്, ഏറ്റവും പാവപ്പെട്ടവരിൽ പാവപ്പെട്ടവരായവരുടെ കണ്ണീരൊപ്പുക എന്നതാണ് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ലക്ഷ്യമെന്നാണ്. 1947 ലാണ് തോട്ടിയുടെ മകൻ ഇറങ്ങിയത്. ഏറ്റവും പാവപ്പെട്ടവരിൽ പാവപ്പെട്ടവർ ആയിരുന്നു തോട്ടികൾ. ഒരു ഉപകരണത്തിന്റെ പേരാണ് തോട്ടി. മനുഷ്യനായിവരെ കാണാത്ത തോട്ടികളുടെ ജീവിതം പകർത്തിക്കൊണ്ട് അവരും നമ്മുടെ സഹോദരന്മാരാണ് എന്ന തോന്നലുണ്ടാക്കുകയാണ് ‘തോട്ടിയുടെ മകനി’ലൂടെ ചെയ്യുന്നത്.
സാഹിത്യത്തെ സമൂഹമാധ്യമങ്ങളിലൂടെയുള്ള വില്പനച്ചരക്കാക്കി മാറ്റുന്നതാണ് സാഹിത്യത്തിന്റെ ഏറ്റവും വലിയ ഭീഷണി. ഇങ്ങനെയാക്കുന്ന സമയത്ത് സാഹിത്യത്തിന്റെ ആത്മാർത്ഥത നഷ്ടപ്പെടും. നമ്മൾ സ്വയം നമ്മോട് ആത്മാർത്ഥത പുലർത്തി എഴുതുമ്പോൾ സമൂഹത്തിനോടും ആത്മാർത്ഥതയുണ്ടാവും. സ്വന്തം മനസ്സാക്ഷിയോട് ആത്മാർത്ഥത പുലർത്തി എഴുതിക്കഴിഞ്ഞാൽ സ്വാഭാവികമായും അത് സമൂഹത്തിനോടും പ്രതിബദ്ധത പുലർത്തും. സമൂഹത്തിൽ വ്യക്തി അനുഭവിക്കുന്ന തീവ്രമായ വികാരങ്ങളൊക്കെ ആവിഷ്കരിക്കുമ്പോൾ അത് വ്യക്തിപരമായ തലത്തിൽ നിന്ന് സമൂഹപരമായ തലത്തിൽക്കൂടി പ്രാധാന്യത്തിലെത്തും. കാഫ്കയെയൊക്കെ ആദ്യം സോവിയറ്റ് നിരൂപകർ പറഞ്ഞിരുന്നത് ‘കറുത്ത പ്രതിഭ’ എന്നാണ്. പിന്നെയുള്ള ഇടതുപക്ഷക്കാർ പറഞ്ഞു, കറുത്ത പ്രതിഭയെന്നൊന്നില്ല, പ്രതിഭയെന്നാൽ കറുപ്പും വെളുപ്പും എന്നൊന്നുമില്ല. പ്രതിഭാശാലിയാണെങ്കിൽ കറുത്ത കാര്യങ്ങൾ എഴുതിയാലും തിളക്കമുള്ള കാര്യങ്ങൾ എഴുതിയാലും അത് സമൂഹത്തിന് ഉപകരിക്കുന്നതായിരിക്കും. തെരുവുകളിൽ ചോരയൊഴുകുന്ന സമയത്ത് എങ്ങനെയാണ് എനിക്ക് പ്രണയത്തെക്കുറിച്ചും മൃദുല വികാരങ്ങളെക്കുറിച്ചും എഴുതാൻ കഴിയുക? എനിക്ക് ചോരയെപ്പറ്റിയും ചീത്ത കാര്യങ്ങളെപ്പറ്റിയും എഴുതേണ്ടതായി വരും. പക്ഷേ ചീത്ത കാര്യങ്ങൾ ചീത്ത കവിതയല്ല, അത് സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന തിന്മയുടെ കാര്യങ്ങളെപ്പറ്റിയുള്ള എഴുത്താണെങ്കിലും സത്യസന്ധമായി എഴുതുന്ന സമയത്ത് അത് തിന്മയിൽ നിന്നുള്ള വിമോചനത്തിനാണ് സാധ്യമായി വരുന്നത്.
കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസും സയൻസുമൊക്കെ വളരെ മുന്നോട്ടുപോയി. മനുഷ്യൻ ഒറ്റ ഐക്യത്തോടെ നിന്നില്ലെങ്കിൽ അതിജീവനം സാധ്യമല്ലെന്നാണ് സയൻസ് പറയുന്നത്. ലോകത്തുള്ള മനുഷ്യന്മാരെല്ലാം ഒന്നിച്ചു നിന്നെങ്കിൽ മാത്രമേ മനുഷ്യകുലം അതിജീവിക്കുകയുള്ളൂ എന്ന് പറയുമ്പോൾ മനുഷ്യരെ ഒന്നിച്ചു ചേർക്കാൻ, മറ്റുള്ളവരുടെ ഹൃദയത്തിലേക്ക് നമുക്ക് കടക്കാൻ പറ്റണം. അവനിവനെന്നറിയുന്നതൊക്കെ എന്റെ ആത്മ രൂപത്തിന്റെ ഒരു ഭാഗമാണെന്ന് തിരിച്ചറിയുമ്പോൾ മാത്രമേ ഐക്യപ്പെടാൻ പറ്റൂ. ഈ ഐക്യമുണ്ടാക്കുന്നതാണ് സാഹിത്യം.
ഞാൻ അക്കാദമിക്കായി മലയാളം പഠിക്കാത്ത ഒരാളാണ്. ജോലി നേടുക എന്നതാണല്ലോ അന്നത്തെ വലിയകാര്യം. അന്ന് ജോലിയില്ലാത്ത ഒരു കാലഘട്ടം കൂടിയാണ്. ഗൾഫിലേക്കൊക്കെ പോകുമ്പോൾ മറ്റു ഭാഷകളും ആവശ്യമായിവരുന്നു. അപ്പോൾ സെക്കൻഡ് ലാംഗ്വേജ് ഹിന്ദി തന്നെ എടുപ്പിച്ചതും ജോലി കിട്ടാനുള്ള ഒരു സാധ്യത കണ്ടുകൊണ്ടാണ്. അച്ഛൻ മരിച്ചുപോയ കുട്ടിയാണ്, എങ്ങനെയെങ്കിലും ജോലിയില്ലെങ്കിൽ കഞ്ഞി കുടിക്കാൻ വഴിയുണ്ടാകില്ല. അതുകൊണ്ട് ഞാൻ മലയാളം പഠിച്ചിട്ടില്ല. എനിക്ക് സയൻസിനോടായിരുന്നു കമ്പം. അതുകൊണ്ട് സെക്കൻഡ് ഗ്രൂപ്പ് എടുത്ത് ഞാൻ പഠിക്കാൻ പുറപ്പെട്ടു. ഫസ്റ്റ് ക്ലാസ് ഒക്കെ അന്ന് വളരെ ചുരുക്കമേ കിട്ടുള്ളൂ. അന്ന് രണ്ടാൾക്കാണ് ഫസ്റ്റ് ക്ലാസ് ഉണ്ടായിരുന്നത്. ഒരു ഫസ്റ്റ് ക്ലാസ് എനിക്കായിരുന്നു. അങ്ങനെ എന്നെ പൊന്നാനിയിൽ നിന്നും കോഴിക്കോട് ക്രിസ്ത്യൻ കോളേജിലേക്ക് മാറ്റി. അവിടെ അഡ്മിഷൻ കിട്ടുക എന്നുള്ളത് വളരെ പ്രയാസമാണ്. നാട്ടിൽ എല്ലാവരുടെയും ഓമനയായി വളർന്ന് ഞാൻ ക്രിസ്ത്യൻ കോളേജിലേക്ക് മാറിയപ്പോൾ വലിയ ബുദ്ധിമുട്ടായി.
രണ്ടുതരം പൗരന്മാരായിരുന്നു ക്രിസ്ത്യൻ കോളേജിൽ ഉണ്ടായിരുന്നത്. ഒന്ന്, സെന്റ് ജോസഫിൽ നിന്നും പ്രൊവിഡൻസിൽ നിന്നും വരുന്ന കുട്ടികൾ. ഇംഗ്ലീഷ് മീഡിയം പഠിച്ചിരുന്നവർ. രണ്ടാമത്തേത്, മുക്കത്തിൽ നിന്നും പൊന്നാനിയിൽ നിന്നും രാമനാട്ടുകരയിൽ നിന്നുമൊക്കെ മലയാളം മീഡിയം പഠിച്ചുവരുന്ന കുട്ടികൾ. പക്ഷേ മാർക്ക് ഞങ്ങൾക്കായിരിക്കും കൂടുതൽ ഉണ്ടാകുക. പക്ഷെ, അവർ ക്ലാസിൽ ഫസ്റ്റ് ബെഞ്ചിൽ ഇരിക്കുകയും അവരെ നോക്കി മാത്രം പ്രൊഫസർമാരൊക്കെ സംസാരിക്കുകയും ചെയ്യും. ഞങ്ങളെ തിരിഞ്ഞുനോക്കുക പോലുമില്ല. അപ്പോൾ എനിക്ക് വലിയ അപകർഷതാബോധം തോന്നി. പൊന്നാനിയിൽ രാജാവിനെ പോലെ നടക്കുകയും അച്ഛന്റെ നേരത്തെയുള്ള മരണം കാരണം എല്ലാവരുടെയും സഹതാപവും സ്നേഹവും ലഭിക്കുകയും ചെയ്തു വളർന്നയാൾ ഇവിടെയെത്തുമ്പോൾ ആരും തിരിഞ്ഞുനോക്കുന്നില്ല. ഈ അപകർഷതാബോധത്തെ തരണം ചെയ്യാൻ വേണ്ടി ഞാൻ പുസ്തക വായനയിലേക്ക് പ്രവേശിച്ചു. വീട്ടിൽ അച്ഛന്റെ മരുമക്കളുടെ അടുത്ത് പല ഗ്രന്ഥങ്ങളുമുണ്ട്. ശ്രീരാമകൃഷ്ണ വചനാമൃതം, വിവേകാനന്ദ സാഹിത്യ സർവസ്വം തുടങ്ങിയവ ഒരു ഭാഗത്തിരുന്ന് ഞാൻ വായിക്കും. മറുഭാഗത്ത് ക്രിസ്ത്യൻ കോളേജിൽ നിന്ന് ഒരു താടിക്കാരൻ ലീഫ്ലെറ്റുകളൊക്കെ തരും. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം, വൈരുദ്ധ്യാത്മക ഭൗതികവാദം എന്നിവ. വീട്ടിൽ നിന്ന് ആത്മീയഗ്രന്ഥങ്ങളും കോളേജുകളിൽ വന്നാൽ രഹസ്യമായി കിട്ടുന്ന കമ്മ്യൂണിസ്റ്റ് ഗ്രന്ഥങ്ങളും വായിക്കും. ഇത് രണ്ടും വായിക്കുന്നതിന് അബോധപൂർവമായ ഒരു പ്രേരണയുണ്ട്. ഈ കമ്മ്യൂണിസത്തിനും ആത്മീയതക്കും ഒരു ഗുണമുണ്ട്. ആൾക്കാരെ നിരപ്പാക്കുകയാണത് ചെയ്യുന്നത്. ദൈവത്തിന്റെ മുന്നിൽ സെന്റ് ജോസഫിലെ കുട്ടികൾ ഉയർന്നും പൊന്നാനിക്കാർ താഴ്ന്നും അല്ലയുള്ളത്. രണ്ടും ഒരുപോലെയാണ്. ഈ രണ്ടു പുസ്തകവും വായിച്ചപ്പോൾ ഉണ്ടായ ഒരു ബുദ്ധിമുട്ട് എന്താണെന്നുവെച്ചാൽ, രണ്ടും ദഹിക്കാത്ത സാധനമാണ്. ഒന്ന് ആത്മീയതയാണ് മറ്റൊന്ന് കേവലം ഭൗതികവാദമാണ്. രണ്ടുംകൂടി ചേരുന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് ആത്മീയതയാണോ ഭൗതികവാദമാണോ ശരിയെന്നൊക്കെയുള്ള സംശയമായി. അങ്ങനെ സംശയം മുറുകി മുറുകി ദൈവം ഉണ്ടോ അതോ ഇല്ലേ എന്നതായി സംശയം. അങ്ങനെ ഞാൻ വിചാരിച്ചു, എന്നാൽ പിന്നെ ഇതിനുള്ള ഉത്തരം കണ്ടെത്തിയിട്ട് മതി മറ്റു കാര്യങ്ങളെന്ന്. കുളിക്കലും ഭക്ഷണം കഴിക്കലും റെക്കോർഡ് വരക്കലും കോളേജിൽ പോക്കുമൊക്കെ ദൈവം ഉണ്ടോ എന്ന് തീരുമാനിച്ചിട്ട് മതിയെന്നായി. അങ്ങനെ ഓരോന്നാലോചിച്ച് ഇരിക്കുകയും പുസ്തകങ്ങൾ വായിക്കുകയും റഫർ ചെയ്തു വായിക്കുകയും ചെയ്യാൻ തുടങ്ങി. കുറെ കഴിഞ്ഞപ്പോൾ നല്ല മിടുക്കനായ കുട്ടി എന്താ ആരോടും മിണ്ടാതെ, കുളിക്കാതെ, ഊണ് കഴിക്കാതെ, പുസ്തകം വായിക്കാതിരിക്കുന്നതെന്ന് വീട്ടുകാർ ചിന്തിക്കാൻ തുടങ്ങി.
അന്ന് ആദ്യത്തെ ബാച്ച് മനോരോഗ വിദഗ്ധർ കോഴിക്കോട് വരുന്ന കാലമാണ്. അതുവരെ മനോരോഗികളെ എല്ലാവരെയും ചികിത്സിച്ചിരുന്നത് സാധാരണ എം.ബി.ബി.എസ്. ഡോക്ടർമാരായിരുന്നു. സ്പെഷലിസ്റ്റുകൾ ആയിരുന്നില്ല. കോഴിക്കോട് വിജയൻ എന്ന മനോരോഗ വിദഗ്ധൻ ആയിരുന്നു വന്നത്. തിരുവനന്തപുരത്ത് അന്ന് പ്രധാനിയായിട്ടുള്ളത് ശാന്തകുമാറാണ്. വിജയൻ വന്നതോടെ മലബാറിൽ ഉള്ള എല്ലാ മനോരോഗികളെയും അവിടേക്ക് കൊണ്ടുവരാൻ തുടങ്ങി. പൂരപ്പറമ്പ് പോലുള്ള തിരക്കായിരുന്നു. ആലോചിച്ചിരിക്കുന്നത് അത്ര വലിയ ഗുണമുള്ള കാര്യമല്ല എന്നും വലിയ മാനസിക പ്രശ്നങ്ങൾ എന്തെങ്കിലുമായിരിക്കും എന്നും അച്ഛന്റെ മരുമക്കൾ പറഞ്ഞു. അങ്ങനെ എന്നെ വിജയന്റെ അടുത്ത് കൊണ്ടുപോയി. ഡോക്ടർ എന്താണ് പ്രശ്നം എന്ന് ചോദിച്ചപ്പോൾ ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ളതാണ് എന്റെ പ്രശ്നമെന്ന് പറഞ്ഞു. അത് ഞാൻ മാറ്റിത്തരാം എന്നും പറഞ്ഞ് ഡോക്ടർ ഉടനെ പ്രിസ്ക്രിപ്ഷൻ എടുത്ത് ലാർഗാക്റ്റിൽ, എസ്സിറ്റലോപ്രാം എന്നിവയൊക്കെ എഴുതി. ഇത് കഴിച്ചാൽ എനിക്ക് എന്റെ ചോദ്യത്തിനുള്ള ഉത്തരം കിട്ടുമെന്ന സന്തോഷമായിരുന്നു എനിക്ക്. പക്ഷേ ഉത്തരം കിട്ടിയില്ല എന്ന് മാത്രമല്ല എപ്പോഴും ഉറക്കം തന്നെയായിരുന്നു. എനിക്ക് ഈ മരുന്ന് കഴിച്ചിട്ട് എന്റെ ചോദ്യത്തിനുള്ള ഉത്തരം കിട്ടുന്നില്ലെന്ന് വീട്ടുകാരോട് പറഞ്ഞെങ്കിലും അവർ മരുന്ന് തുടരാൻ ആവശ്യപ്പെട്ടു. പിന്നെ ഡോക്ടറെ കാണാൻ പോകുമ്പോൾ മരുന്ന് മാറ്റിയെഴുതും. പിന്നെ വിജയൻ പോരെന്നൊരു ചിന്താഗതി വീട്ടുകാർക്ക് ഉണ്ടാവുകയും അങ്ങനെ എന്നെ ഊളംപാറയിലുള്ള ശാന്തകുമാർ എന്ന ഡോക്ടറിന്റടുത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. അവിടെനിന്ന് മരുന്ന് വച്ച് കളിക്കണ്ട എന്ന് ഡോക്ടർ പറയുകയും ഇൻസുലിൻ തെറാപ്പിയും ഷോക്ക് ട്രീറ്റ്മെന്റും എഴുതുകയും ചെയ്തു. ഒരുമാസം ഇൻസുലിൻ തെറാപ്പി ഉണ്ടായിരുന്നു. അത് കഴിഞ്ഞപ്പോഴേക്ക് ഞാൻ ചീർത്ത് തടിച്ച് വികൃത രൂപിയായി. നാല് ഷോക്ക് ട്രീറ്റ്മെന്റ് ഉണ്ടായിരുന്നു. ഇന്നത്തെ പോലെയുള്ളതല്ല അന്ന് ഡയറക്ട് കണക്ഷൻ കൊടുക്കുകയാണ് ചെയ്യുക. അത് കഴിഞ്ഞ് വരുമ്പോൾ നുരയും പതയും വന്നാണ് കൊണ്ടുവരിക. എന്റെ ഭീകരത എന്തെന്നാൽ അമ്മയുടെ അലറിക്കരച്ചിൽ ആയിരുന്നു. എന്നെ ശവം പോലെ ആയിരുന്നു കൊണ്ടുവരുക. അങ്ങനെ നാല് ട്രീറ്റ്മെന്റൊക്കെ ആയപ്പോൾ ഞാൻ വീട്ടുകാരോട് ഇത് പറ്റില്ലെന്ന് പറഞ്ഞു. എനിക്ക് അസുഖമൊന്നുമില്ല. കുറച്ച് സംശയങ്ങൾ മാത്രമേയുള്ളൂ. അതിനു ഉത്തരം പറഞ്ഞാൽ മാത്രം മതിയെന്ന് പറഞ്ഞു. ഈ ലോകത്ത് ഏത് രോഗിക്കും തനിക്ക് അസുഖമില്ലെന്ന് പറയാനുള്ള അവകാശമുണ്ട്. പക്ഷേ ഒരു മനോരോഗി അത് പറഞ്ഞാൽ അവൻ രോഗിയാണെന്നുള്ളതിന്റെ തെളിവാണ് അത്. ഞാൻ അങ്ങനെ പറഞ്ഞതോടുകൂടി എനിക്ക് അസുഖമുണ്ടെന്ന് അവർ ഉറപ്പിച്ചു.
അപ്പോൾ എനിക്ക് തോന്നി, ദൈവം ആണല്ലോ എന്നെ ബുദ്ധിമുട്ടിലാക്കുന്നത് അതുകൊണ്ട് ദൈവത്തെ തൽക്കാലം ഒഴിവാക്കാം. അന്ന് ദൈവം ഇല്ലെന്ന് തെളിയിക്കാൻ നടക്കുന്ന ഒരാളുണ്ടായിരുന്നു. അദ്ദേഹം സൈക്കോതെറാപ്പിസ്റ്റ് കൂടിയായിരുന്നു. അപ്പോൾ അച്ഛന്റെ മരുമക്കളോട് ഞാനിക്കാര്യം പറയുകയുണ്ടായി. അവർ വലിയ പഠിപ്പുള്ളവരായിരുന്നു. യുക്തിവാദികളുടെ അടുത്ത് പോകുന്നതിന് അവർക്ക് താല്പര്യം ഇല്ലായിരുന്നു. പക്ഷേ, വല്യമ്മയുടെ മകളുടെ ഭർത്താവ് ഈ കുട്ടി ഇങ്ങനെ കോവൂരിനെ കാണാൻ പറയുന്നുണ്ടെന്നും പറഞ്ഞ് കോവൂരിന് എഴുതി. അദ്ദേഹം സിലോണിൽ ആണുള്ളതെന്നും തിരിച്ചുവരുമ്പോൾ ഒരു വർഷമാകുമെന്നും പറയുകയും അദ്ദേഹത്തിന്റെ ശിഷ്യനായ പി. എം. മാത്യുവിനെ കണ്ടാൽ മതിയെന്നും പറഞ്ഞു. അങ്ങനെ അദ്ദേഹത്തെ കാണാൻ വേണ്ടി ഞാൻ വീട്ടിൽ നിരാഹാരമിരുന്നു. അങ്ങനെ വീട്ടുകാർക്ക് വലിയ സമ്മതമില്ലെങ്കിൽ കൂടി എന്നെ അവിടേക്ക് കൊണ്ടുപോയി. രാമനുണ്ണിക്ക് ഒരു അസുഖവും ഇല്ലെന്നും മരുന്ന് നിർത്തുവാനും അദ്ദേഹം പറഞ്ഞു. ചെറിയൊരു ഒബ്സസീവ്-കംപൾസീവ് ഡിസോർഡർ മാത്രമാണ് ഈ തോന്നലെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തെ നമുക്ക് വേണ്ടേ എന്നാൽ നമുക്ക് ദൈവത്തെ ഒഴിവാക്കാം, ദൈവം എപ്പോഴാണ് വേണമെന്ന് രാമനുണ്ണി പറയുന്നത് അപ്പോൾ ഉണ്ടാക്കിത്തരുകയും ചെയ്യാം – എന്ന് ഡോക്ടർ പറഞ്ഞു. അങ്ങനെ ഫിലോസഫിക്കലായി മനുഷ്യന്റെ ഉള്ളിലാണ് ദൈവം എന്ന് പറയുകയും കുറെ പുസ്തകം വായിക്കാൻ തരുകയും ചെയ്തു. ബിബ്ലിയോതെറാപ്പിയുടെ രീതിയാണിത്. അങ്ങനെ വായിക്കുകയും എഴുതുകയുമൊക്കെ ചെയ്യുമ്പോഴാണ് അദ്ദേഹം എന്നോട് ട്രാൻസ്ലേറ്റ് ചെയ്യാൻ പറയുന്നത്. അങ്ങനെ ഒരു ആക്സിഡന്റ് പോലെയാണ് മനോരോഗത്തിൽ നിന്നും എഴുത്തുകാരനിലേക്കെത്തുന്നത്. പഠിപ്പും ഒന്ന് രണ്ട് കൊല്ലം മുടങ്ങി. എം. എ. പഠിച്ചില്ല, മലയാളം അക്കാദമിക്കായി പഠിച്ചില്ല എന്നതിന്റെ ദോഷവും അതുപോലെതന്നെ ചില ഗുണവും എനിക്കുണ്ട്.
സാഹിത്യം ഒരു കറുത്ത കാലഘട്ടത്തിൽ നിന്നും എന്നെ വിമോചിപ്പിച്ചെടുത്തതാണ്. അങ്ങനെയാണ് ഞാൻ എഴുത്തിലേക്ക് വന്നത്. ‘സൂഫി പറഞ്ഞ കഥ’യാണ് ആദ്യത്തെ നോവലായി വന്നത്. പിന്നെ ‘ശവസംസ്കാരം’ എന്ന കഥ ആദ്യത്തെ കഥയായി മാതൃഭൂമിയിൽ വന്നിരുന്നു. ഇതിലൊക്കെ തന്നെ നമ്മുടെ അനുഭവവും കാലത്തിന്റെ അനുഭവവും കൂടി ചേർന്നാണ് നമ്മുടെ കൃതികൾ പലപ്പോഴും ഉണ്ടാവുക.
‘സൂഫി പറഞ്ഞ കഥ’ എന്തുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു കഥ എഴുതിയത് എന്ന് ഞാൻ തന്നെ അത്ഭുതപ്പെട്ടുപോയി. അച്ഛന്റെ നേരത്തെയുള്ള മരണം കാരണം സ്ത്രീസ്നേഹിയായിട്ടുള്ള ഒരാളാണ് ഞാൻ. അമ്മയായിരുന്നു എന്റെ എല്ലാ സംരക്ഷണ പ്രതീകമായിട്ടുള്ളയാൾ. അന്ന് ഷോക്ക് ട്രീറ്റ്മെന്റ് കഴിഞ്ഞ സമയത്ത് അമ്മ ശിപോതിക്കൂടിന്റെ മുമ്പിൽ നിന്ന് കരഞ്ഞു പ്രാർത്ഥിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ദുർബലയായ അമ്മയെ എനിക്ക് അംഗീകരിക്കാൻ പറ്റുന്നില്ല. ശക്തിയുള്ള സ്ത്രീയെ മാത്രമേ എനിക്ക് അംഗീകരിക്കാൻ പറ്റൂ. അതുകൊണ്ട് സൂഫി പറഞ്ഞ കഥയിൽ സ്ത്രീയെ ദേവതയാക്കി മാറ്റുന്ന ശക്തിയുടെ ഒരു പ്രതീകമാണ്. എന്റെ മനസ്സിലുള്ള സ്ത്രീ സങ്കല്പത്തിന്റെ ഒരു സാക്ഷാത്കാരമാണിത്. അമ്മയിൽ ഉണ്ടായിരുന്നതും പിന്നെ തകർക്കപ്പെട്ടതുമായ ഒരു സങ്കല്പത്തിന്റെ സാക്ഷാത്കാരം. നമ്മുടെ വ്യക്തിപരമായ അനുഭവം അബോധ തലത്തിൽ കിടക്കുന്നതിന്റെ പ്രവർത്തനങ്ങളാണ് നമ്മുടെ ഓരോ കൃതികളിലും വരുക. അങ്ങനെ വരുമ്പോഴാണ് കൃതി ഇടയ്ക്ക് നന്നാവുകയും ചെയ്യുക.
ഞാൻ കോഴിക്കോട് പോയ സമയത്ത് ഭയങ്കരമായി മതമൈത്രി ഉണ്ടായിരുന്ന സ്ഥലമാണ് പൊന്നാനി. അവിടെ എന്റെ അടുത്ത സുഹൃത്തായ കയ്യൂമിനേയും എന്നെയും അന്യവൽക്കരിക്കുന്ന ഒരു സംഭാഷണങ്ങളുടെ ലോകത്ത് പോകുന്ന സമയത്ത് സൂഫി പറഞ്ഞ കഥയിൽ നമ്മൾ വ്യത്യസ്ത മതസ്ഥരാണെങ്കിലും നമ്മളെല്ലാം ഒരേ മണ്ണിന്റെ മക്കളാണ്. ആർക്കും ആരെയും അന്യവൽക്കരിക്കാൻ അവകാശമില്ലെന്ന പ്രത്യയശാസ്ത്രമാണ് സൂഫി പറഞ്ഞ കഥ മുന്നോട്ട് വെക്കുന്നത്. അതിന്റകത്ത് എന്റെ വ്യക്തിപരമായ സുഹൃത്തിനോടുള്ള അടുപ്പം, പൊന്നാനിയിലുള്ള ഹിന്ദു – മുസ്ലിം മൈത്രി ഇതിനെയെല്ലാം സംരക്ഷിക്കാനുള്ള ഒരു അബോധ പൂർവമായുള്ളൊരു ആഗ്രഹവും കൂടിയുണ്ട്.
നമ്മളെ മാനസികമായി വ്യക്തിപരമായിട്ട് വേട്ടയാടുന്ന കാര്യങ്ങളൊക്കെ തന്നെ സ്വാഭാവികമായി സമൂഹപ്രസക്തമായി വരുമെന്നുള്ളതാണ്. ബാബറി മസ്ജിദ് തകർച്ചയുടെ സമയത്ത് കൃത്യമായി ഹിന്ദു – മുസ്ലിം വിഭജനം ഉണ്ടാകുമ്പോൾ സൂഫി പറഞ്ഞ കഥ വരുകയും അഞ്ചു പത്തു ഭാഷകളിലേക്ക് അത് വിവർത്തനം ചെയ്യപ്പെടുകയും ചെയ്തു. അതു മനുഷ്യരെ വ്യത്യസ്ത മതസ്ഥരാണെങ്കിലും നമ്മളൊക്കെത്തന്നെ ഒരു സംസ്കാരത്തിന്റെ സന്തതികളാണെന്നുള്ള സന്ദേശം ഇവിടുത്തെ ജനങ്ങൾക്ക് ആവശ്യമാകുന്ന സമയത്ത് എന്റെ വ്യക്തിപരമായ അനുഭവത്തിൽ ഒരു ആവിഷ്കാരം വന്നതു കൊണ്ടാണ് സൂഫിക്ക് കുറച്ച് പ്രചാരം കിട്ടിയത്. എന്തെങ്കിലും വ്യക്തിപരമായിട്ടുള്ള അഗാധമായ അനുഭവങ്ങളിൽ നിന്നാണ് എന്റെ ഓരോ നോവലുകളും ഉണ്ടായിട്ടുള്ളത്. ‘ചരമവാർഷികം’ വളരെ അന്യവൽക്കരിക്കപ്പെടുന്ന ഒരു ജീവിതത്തിന്റേതാണ്. എന്റെ ബാങ്ക് ജീവിതത്തിന്റെ ഭീകരമായ ഒരു അസ്വസ്ഥതകളും പരാക്രമങ്ങളുമൊക്കെ ചരമവാർഷികത്തിനകത്തുണ്ട്. കർമം എങ്ങനെ നരകമായി മാറുന്നു എന്നതിന്റെ ഒരു അവസ്ഥാവിശേഷം അതിനകത്തുണ്ട്. ജീവിതത്തിന്റെ പുസ്തകത്തിലാണെങ്കിൽ, എങ്ങനെയാണ് ആധുനിക സംസ്കൃതിയിൽ ജീവിതം ജീവിതയോഗ്യമല്ലാതെയായി മാറുന്നതെന്ന് കാണാം.
കുന്ദേരയുടെ വലിയൊരു ആരാധകനാണ് ഞാൻ. കുന്ദേരയുടെ എല്ലാ നോവലിനെ പറ്റിയുള്ള തത്ത്വങ്ങളും എനിക്ക് ഏറ്റവും ബോധ്യപ്പെട്ടതാണ്. പക്ഷേ കുന്ദേര പറയുന്നതിനെതിരായിട്ടുള്ള കാര്യങ്ങളാണ് ‘ജീവിതത്തിന്റെ പുസ്തക’ത്തിൽ പറയുന്നത്. മനുഷ്യന്റെ അധികാരത്തിനോടുള്ള കലാപം മറവിയ്ക്കെതിരായുള്ള ഓർമയുടെ കലാപമാണെന്നാണ് കുന്ദേര പറയുന്നത്. പക്ഷെ, ജീവിതത്തിന്റെ പുസ്തകത്തിൽ മറന്നിട്ടെങ്കിലും ആധുനിക സംസ്കൃതിയിൽ നിന്നും രക്ഷപ്പെടണമെന്നാണ് പറയുന്നത്. ഗോവിന്ദവർമ്മ രാജ എന്ന കഥാപാത്രത്തിന് അമ്നീഷ്യ സംഭവിക്കുകയാണ്. അയാളെല്ലാം മറന്നു പോവുകയാണ്. അയാൾക്ക് തന്റെ നരകമായിട്ടുള്ള ബാങ്ക് ജീവിതം ഗൈനക്കോളജിസ്റ്റ് ആയ ഭാര്യയും ബാങ്ക് ഓഫീസറും തമ്മിലുള്ള ബന്ധമേയുള്ളൂ. അല്ലാതെ ഒരു സ്നേഹബന്ധവുമില്ല. വളരെ യാന്ത്രികമായ, പദവിയുടെ മാത്രമായിട്ടുള്ള ജീവിതത്തിനകത്ത് നിന്ന് അമ്നീഷ്യ വന്ന് കടപ്പുറത്ത് പോയി ജീവിച്ചപ്പോഴാണ് അയാൾ മനസ്സിലാക്കുന്നത് ഇതുവരെ ജീവിച്ചത് ഒരു ജീവിതമേ ആയിരുന്നില്ലല്ലോയെന്ന്. അങ്ങനെ അവർ മുക്കുവരുടെ കൂടെ ജീവിക്കുകയും സ്നേഹവും ആത്മാർത്ഥതയുമൊക്കെ മനസ്സിലാക്കുകയും ചെയ്യുന്നു. ഒരു ബദൽ ജീവിതത്തിലേക്ക് ഈ ടെക്നോക്രാറ്റിക് സൊസൈറ്റിയെ തിരസ്കരിച്ചുകൊണ്ട് ഒരു പുതിയ സംസ്കൃതിയിലേക്കുള്ള ഒരാഹ്വാനമാണ്. ഇത്രേം എന്റെ ജീവിതത്തിൽ നിന്നുള്ള ചില അനുഭവങ്ങളിൽക്കൂടിയാണ് ഉണ്ടായത്. ഇങ്ങനെ നോക്കുകയാണെങ്കിൽ കഥകളുണ്ടാകുന്നതും നോവലുകളുണ്ടാകുന്നതുമൊക്കെ പലപ്പോഴും സ്വന്തം അനുഭവങ്ങളിൽ നിന്നോ ഒരു വിസ്ഫോടനത്തിൽ നിന്നോ ആയിരിക്കും. ഇങ്ങനെ ഉണ്ടാകുന്ന കഥകളായിരിക്കും പലപ്പോഴും നന്നാവുക.
