കഥയെഴുത്തിലെ പ്രതിസന്ധിഘട്ടങ്ങൾ

അയ്മനം ജോൺ

കഥയെഴുത്തിന്റെ കാര്യത്തിൽ ആദ്യത്തെ പ്രതിസന്ധിയെന്നത് തുടക്കം തന്നെയാണ്. കൃത്യമായ ഒരു തുടക്കം കിട്ടുന്നത് വരെ എഴുത്ത് മാറ്റിവച്ചിട്ടുള്ള പല കഥകളും എഴുത്തുകാരുടെയുള്ളിൽ കാണാവുന്നതാണ്. എന്റെയുള്ളിലും അങ്ങനെയുള്ള കഥകളുണ്ട്. ആദ്യവാചകം നോക്കുന്നത് പോലും വളരെ പ്രധാനമാണ്. മികച്ച കഥാവായനക്കാർ വെറും കഥ വായിച്ച് ആസ്വദിക്കുക മാത്രമല്ല, കഥ എഴുത്തും മുഖ്യമാണ്. എഴുത്ത് കലയും കൂടി അതിലൂടെ വായിച്ച് പോവുകയാണ്. എത്രമാത്രം കലാപരമായാണ് ആവിഷ്കാരം സാധിച്ചിരിക്കുന്നതെന്നത് വായനക്കാരന് ഉപയോഗമുള്ള സംഗതിയാണ്. കഥയിൽ നമ്മൾ അവതരിപ്പിക്കുകയും ആവിഷ്കരിക്കുകയും ചെയ്യുന്ന ഒരു പ്രമേയവും അതിൽനിന്ന് മാറി കഥാകൃത്തിന്റെ രചനാവൈഭവവും ആവിഷ്കാരശേഷിയും ഒരുതരം വായനയ്ക്ക് വിധേയമാകുന്നുണ്ട്.

ആദ്യവാചകമെന്ന് പറയുന്നത് ഒരുപക്ഷെ എഴുത്തുകാരന് വേണ്ടിയല്ല വായനക്കാരന് വേണ്ടി നമ്മൾ കണ്ടുപിടിക്കുന്നതാണെന്ന് വേണമെങ്കിൽ പറയാം. ഇത് വായനക്കാരനെ എങ്ങനെ ഈ കഥയിലേക്ക് തിരിച്ചിടാം എന്നുള്ളൊരു ആലോചനയുടെ ഭാഗമായിട്ടാണ്. അത്‌ ഏറ്റവും ശ്രദ്ധയാകർഷിക്കുന്നതായിരിക്കണം. വായനക്കാരന്റെ ശ്രദ്ധയെ അവസാനംവരെ പിടിച്ചുനിർത്താൻ മാത്രം ശേഷിയുള്ള ഒരു വാചകത്തിൽ നിന്നാണ് കഥ തുടങ്ങുന്നതെങ്കിൽ ഒരു വലിയ പ്രതിസന്ധിയെ എഴുത്തുകാരൻ അതിജീവിച്ചു കഴിഞ്ഞെന്ന് പറയാം. ഒരു ഉദാഹരണം പറയുകയാണെങ്കിൽ, എൻ.എസ്. മാധവന്റെ കഥ ‘ഇരുളേ വിഴുങ്ങ്’, ഈ കഥയുടെ ആദ്യവാചകം ‘തീൻ മേശയുടെ രാജാവായിരുന്നു അച്ഛൻ’ എന്നതാണ്. അത്‌ വളരെ മിഴിവുള്ള ഒരു തുടക്കമായിട്ട് എനിക്ക് തോന്നിയിട്ടുള്ള ഒന്നാണ്. ഈ തുടക്കത്തിലൂടെ വലിയതോതിൽ കുടുംബത്തിൽ ആധിപത്യം പുലർത്തുന്ന ഒരു അധികാരിയുടെ സ്വരൂപം ആ വാചകത്തിലൂടെ നമുക്ക് ലഭിക്കുന്നുണ്ട്. ആ കഥാപാത്രത്തെ അപ്പോൾത്തന്നെ അവിടെ നിർമ്മിച്ചുകഴിഞ്ഞു. അതുപോലെ ‘കടൽത്തീരത്ത്’ എന്ന കഥ. ‘വെള്ളായിയപ്പൻ യാത്ര പുറപ്പെടുമ്പോൾ വീട്ടിൽ നിന്ന് ഒരു കൂട്ടനിലവിളി ഉയർന്നു.’ ആ കൂട്ടനിലവിളി ഉയർന്നത് എന്തിനാണെന്ന ഒരു ഉദ്വേഗം വായനക്കാരന്റെ മനസ്സിൽ പെട്ടെന്ന് ഉയർത്തുക ആണിവിടെ. അത്രമാത്രം ദുരന്താവസ്ഥയിലാണ് വെള്ളായിയപ്പനും കുടുംബവും എത്തിച്ചേർന്നിരിക്കുന്നതെന്ന ഒരു ധ്വനി ആ വാചകത്തിൽ കൂടിത്തന്നെ നമുക്ക് കിട്ടുകായാണിവിടെ. കൂടുതൽ കഥ വായിക്കുവാൻ ഇത് പ്രേരിപ്പിക്കുന്നു. തുടക്കമെന്ന് പറയുന്നത് ഒരുപക്ഷെ കഥയെഴുത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടമായാണ് ഞാൻ കാണുന്നത്. അതിന് വേണ്ടിത്തന്നെ ഒരുപക്ഷെ ദിവസങ്ങളോളം കാത്തിരുന്നിട്ടുണ്ട്. ഒരു തുടക്കം കിട്ടാത്തത് കൊണ്ടാണ് എനിക്ക് പലപ്പോഴും എഴുതാൻ പറ്റാത്തത്.

പിന്നെയുള്ളത് അതിന്റെ ഘടനയാണ്. തുടക്കം കിട്ടിക്കഴിഞ്ഞാൽ അതിന്റെ ബാക്കി കഥ നിർമ്മിച്ചെടുക്കണം. കഥ നിർമ്മിച്ചെടുക്കുന്നതിൽ ഓരോ കഥയും മാതൃകകളാണെന്ന് പറയാം. ഓരോ കഥയും ഓരോ സൗന്ദര്യരൂപങ്ങളാണ്. അതിന് പൊതുവായിട്ടുള്ളൊരു ചട്ടക്കൂട് പറയാൻ കഴിയില്ല. കഥയെ ചരിത്രപരമായി നോക്കുമ്പോൾ, ചെറുകഥയെ ഒരിക്കലും ഒരു സിദ്ധാന്തത്തിന്റെ തടവിലിടരുത്. കാരണം, നാളെ ഒരാൾ എല്ലാ മുൻമാതൃകകളെയും ധിക്കരിച്ചുകൊണ്ട് ഒരു പുതിയ മാതൃക സൃഷ്ടിച്ച് ഒരു കഥയെഴുതുകയാണെങ്കിൽ അതായിരിക്കും ചിലപ്പോൾ അടുത്ത ഘട്ടത്തിലേക്കുള്ള കുതിപ്പ്. മലയാളസാഹിത്യം തന്നെ നോക്കിക്കഴിഞ്ഞാൽ അങ്ങനെ വന്ന എഴുത്തുകാർ ചിലരെങ്കിലുമുണ്ട്. എൻ.എസ്. മാധവന്റെ കാര്യത്തിൽ ഒരു പരിധിവരെ ഇത് ശരിയാണ്. ഭാഷയുടെ കാര്യത്തിൽ എൻ.എസ്. മാധവൻ തന്നെ പറഞ്ഞിട്ടുള്ളത് “പരിമിതികളിൽ നിന്ന് പുതുതിലേക്ക്” അങ്ങനെയാണ് മാധവൻ എഴുത്തിന്റെ തുടക്കത്തെക്കുറിച്ച് എഴുതിയിരിക്കുന്നത്. മനോരമ ആഴ്ചപ്പതിപ്പിൽ ‘വഴിവിളക്കുകൾ’ എന്ന കവിതയിൽ എഴുത്തനുഭവങ്ങളെപ്പറ്റി എഴുതിയിരിക്കുന്ന ഒരു കുറിപ്പിൽ ‘പരിമിതികളിൽ നിന്ന് പുതുമ’ എന്നാണ് മാധവൻ എഴുത്തനുഭവങ്ങളെപ്പറ്റി പറഞ്ഞിരിക്കുന്നത്. മാധവന് മലയാളഭാഷയെപ്പറ്റി അത്രവലിയ പരിജ്ഞാനമൊന്നുമില്ല. വൊക്കാബുലറിയും വളരെ കുറവാണ്. വായന കൂടുതലും ഇംഗ്ലീഷ് സാഹിത്യമാണ്. മലയാളം പരിമിതമായി മാത്രമേ വായിച്ചിട്ടുള്ളൂ. അതുകൊണ്ട് തന്നെ വൊക്കാബുലറിയിലും ആ പരിമിതി ഉണ്ട്‌.

സാഹിത്യത്തിൽ ക്ലീഷെ വാക്കുകൾ ഒഴിവാക്കണമെന്ന് ടി.ആർ. ഉം എൻ.എസ്. മാധവനും കൂടി ഒരു പ്രതിജ്ഞ എടുത്തിരുന്നു. അവർ വളരെനല്ല സുഹൃത്തുക്കളായിരുന്നു. നല്ല വായനാപരിചയവുമൊക്കെ ഉള്ളതുകൊണ്ട് ഈ കാര്യത്തിൽ അവർക്ക് വലിയ നിഷ്ഠയുണ്ടായിരുന്നു. കടന്നുവരുന്നത് ഒരു പുതിയകാര്യം വായനക്കാരെ കേൾപ്പിച്ചുകൊണ്ടായിരിക്കണം എന്നൊരു ആഗ്രഹം അവർക്കുണ്ടായിരുന്നു. അതുകൊണ്ട് അവർ ആദ്യം തന്നെ അമ്പത് ക്ലീഷേ വാക്കുകൾ കണ്ടെത്തി ഒഴിവാക്കി എന്നാണ് പറയുന്നത്. അതിൽ ഒരെണ്ണം ‘പോലെ’ എന്നതാണ്. സാഹിത്യത്തിൽ ഏറ്റവുംകൂടുതൽ ഉപയോഗിക്കുന്ന ഒരു വാക്കായത് കൊണ്ട് വല്ലാതെ ചൊടിപ്പിക്കുന്നൊരു വാക്കായിട്ടാണ് ‘പോലെ’ എന്നത് അവർക്കന്ന് തോന്നിയത്. ഇപ്പോൾത്തന്നെ ഒട്ടുമിക്ക കഥകളെടുത്തു നോക്കിയാലും അതിൽ ‘പോലെ’ ഇല്ലാത്ത കഥ കാണാൻ തീരെ സാധ്യതയില്ല. അങ്ങനെ അമ്പത് വാക്കുകൾ ഒഴിവാക്കി പരിമിതമായ വൊക്കാബുലറി വെച്ച് എഴുതിയ കഥയാണ് മാധവന്റെ ‘ശിശു’ എന്ന ആദ്യകഥ. ഈ കഥ വായിച്ചപ്പോൾ എന്റെ ഓർമയിൽ വളരെ പുതുമ അനുഭവപ്പെട്ടിരുന്നു. ഭാഷകൊണ്ട് മാത്രമല്ല, ആവിഷ്കാരത്തിലും എല്ലാം. ‘ഞാനവന്റെ തലച്ചോറായിരുന്നെങ്കിൽ’ എന്നും പറഞ്ഞുകൊണ്ടാണ് ആ കഥ തുടങ്ങുന്നത്. പുതുമ തോന്നുന്ന ഒരു കഥാഭാഷ ഇതിൽ നമുക്ക് കാണാൻ കഴിയും.

അതുപോലെ സക്കറിയയുടെ ‘ഉണ്ണി എന്ന കുട്ടി’ എന്ന കഥ തുടങ്ങുന്നത് ഒരു കുട്ടിയുടെ മനോവികാരങ്ങളിലൂടെയാണ്. ‘ഒന്നും ഉടുത്തിട്ടില്ലല്ലോ’ എന്നതാണ് കഥയുടെ തുടക്കം. ഇത് ആധുനികതയ്ക്ക് മുമ്പുള്ള കാലങ്ങളിൽ എഴുതപ്പെട്ടിരുന്ന കഥകളെ വച്ച് നോക്കുമ്പോൾ വളരെ സ്ട്രൈക്കിങ് ആയിട്ടുള്ള വ്യത്യാസം കൊണ്ടുവന്ന കഥകളുമാണ്. ഭാഷാപരമായി തുടക്കം മുതൽ ഒടുക്കംവരെ നിരവധി പുതുമകൾ കൊണ്ടുവന്ന എഴുത്തുകാരിൽ ഒരാളാണ് സക്കറിയയും. അങ്ങനെ ഒരു ബ്രേക്ക് കഥയിൽ കൊണ്ടുവന്ന എഴുത്തുകാർക്ക് മാത്രമേ ഒരുപക്ഷേ കഥയിൽ മൗലികമായി എന്തെങ്കിലും ചെയ്യാൻ കഴിയുള്ളൂ. ഒരു ഘട്ടത്തിൽ നിന്നും അടുത്ത ഘട്ടത്തിലേക്കുള്ള കുതിച്ചുചാട്ടം ഉണ്ടാക്കുന്നത് ഇത്തരം എഴുത്തുകാരാണ്.

ആധുനികതയിൽ അങ്ങനെ ചില എഴുത്തുകാർ ഭാഷ നവീകരിക്കുന്നതിന് തീവ്രശ്രമങ്ങൾ നടത്തിയിരുന്നു. അതുകൊണ്ടാണ് നമ്മുടെ എഴുത്തുഭാഷയ്ക്ക് വലിയൊരു വൈവിധ്യം ആധുനികതയുടെ കാലത്ത് ഉണ്ടായത്. ആധുനികതയുടെ ഏറ്റവും പ്രകടമായതും മൂല്യമേറിയതുമായ സംഭാവന ഇത് തന്നെയാണെന്നാണ് ഞാൻ കരുതുന്നത്. ഭാഷയെ ഒരു പരിധിവരെ നവീകരിച്ചു. ഓരോ എഴുത്തുകാരും മൗലികമായ ഒരു ഭാഷയിലേക്ക് കടന്നുവരാൻ ശ്രമിച്ചൊരു കാലഘട്ടമാണ് ആധുനികതയുടെ കാലഘട്ടം.

ഞങ്ങളെയൊക്കെ വല്ലാതെ പ്രചോദിപ്പിച്ചതും ഇങ്ങനെയുള്ള എഴുത്തുകാരാണ്. ‘ഖസാക്കിന്റെ ഇതിഹാസ’വും അപ്പോഴാണ് വന്നത്. ഇതിന്റെ തുടക്കവും ഏറ്റവും മനോഹരമായ തുടക്കങ്ങളിലൊന്നാണ്. ‘കൂമൻകാവിൽ ബസ്സിറങ്ങുമ്പോൾ രവിക്ക് ആ സ്ഥലം അപരിചിതമായി തോന്നിയില്ല’. കഥാനായകന്റെ മാനസികനിലയെ ഏറ്റവും നന്നായി ആദ്യത്തെ വാചകത്തിൽ തന്നെ നിഴലിപ്പിക്കുന്നുണ്ട്. ഖസാക്കിന്റെ ഇതിഹാസമാണ് നമ്മുടെയൊക്കെ തലമുറയെ ഏറ്റവും കൂടുതൽ പ്രചോദിപ്പിച്ച ഒരു സാഹിത്യകൃതി. നമ്മുടെ എഴുത്തു ഭാഷയെ ഒത്തിരി പുതുക്കിയ ഒരു നോവൽ ആണിത്.

വാക്കുകളുടെ പ്രാധാന്യത്തെപ്പറ്റി പറയുമ്പോൾ ഹെമിംഗ്‌വേയുടെ പ്രസിദ്ധമായ നിർവചനമുണ്ടല്ലോ. ‘വാക്കുകൾ എന്ന് പറയുന്നത് കടലാസിന്റെ പ്രതലത്തിലൂടെ ഒഴുകുന്ന മഞ്ഞുമലയുടെ അഗ്രങ്ങൾ മാത്രമാണെന്നാണ് ‘ അദ്ദേഹം വാക്കുകളെപ്പറ്റി പറഞ്ഞിരിക്കുന്നത്. മഞ്ഞുമലയുടെ അറ്റം മാത്രമേ നമ്മൾ വാക്കായി കാണുന്നുള്ളൂ. ആ വാക്കിന് ചരിത്രപരമായി ഉൾക്കൊണ്ടിട്ടുള്ള വലിയ ധ്വനി ഓരോ വാക്കിനും പിന്നിലുണ്ട്. ക്ലീഷേ എന്ന് പറയുന്നത് അറ്റം തേഞ്ഞ് തേഞ്ഞ് പോയ മഞ്ഞുമലയാണ്. അതിനു താഴേക്ക് അധികമൊന്നുമില്ല. ഒത്തിരി ഉപയോഗിച്ചുപയോഗിച്ച് ഉരുകിയുരുകിപ്പോയ മഞ്ഞുമലയെന്ന് നമുക്ക് ക്ലീഷേ വാക്കുകളെപ്പറ്റി പറയാം. ഈ മഞ്ഞുമലയുടെ അനുഭൂതി കിട്ടണമെങ്കിൽ ഈ പറഞ്ഞതുപോലെ നമ്മൾ ഏറ്റവും ഉചിതമായ വാക്കുകൾ തിരഞ്ഞെടുക്കണം.

തുടക്കം കഴിഞ്ഞ് പിന്നെയുള്ള ബുദ്ധിമുട്ട് അതിന്റെ തിരഞ്ഞെടുപ്പിലാണ്. വാക്കുകൾ തിരഞ്ഞെടുക്കുന്ന സമയത്ത് പലകാര്യങ്ങളും ശ്രദ്ധിക്കണം. കഥയുടെ ടോൺ മനസ്സിൽ ആദ്യംതന്നെ കൊണ്ടുവരണം. ടി. പത്മനാഭന്റെ കഥകളിൽ തുടക്കം മുതൽ ഒടുക്കം വരെ ഒരു പ്രത്യേക ടോൺ നിലനിർത്തുന്നത് കാണാം. ടി. പത്മനാഭന്റെ കഥകളിൽ കാണുന്ന അതേ വാക്കുകൾ ഉപയോഗിച്ചാണ് വി.കെ.എൻ. കഥ എഴുതുന്നത്. പക്ഷേ വി.കെ.എൻ.ന്റെ ടോൺ എന്ന് പറയുന്നത് തീർത്തും വിരുദ്ധമായ ഒരു തരത്തിലാണ് നമ്മളുമായി ആശയമായി സംവേദനം ചെയ്യുന്നത്. ഒരു വാക്ക് മറ്റൊരു വാക്കുമായി ചേർത്ത് വെച്ച് കഴിഞ്ഞാൽ ടി.പത്മനാഭൻ സൃഷ്ടിക്കുന്ന ഒരു നക്ഷത്രമല്ല വി.കെ.എന്നോ മറ്റ് എഴുത്തുകാരോ സൃഷ്ടിക്കുന്നത്. അങ്ങനെ ഓരോ എഴുത്തുകാരും പദങ്ങൾ ഉപയോഗിക്കുന്നത് സ്വന്തം ഭാഷാപരിചയത്തിൽ നിന്നുമാണ്. നമ്മൾ തന്നെ കണ്ടുപിടിച്ച് നമ്മുടെ സ്വന്തം ഭാഷ രൂപപ്പെടുത്തുക എന്നുള്ളതാണ് അതിന്റെ ഏറ്റവും പ്രധാനമായിട്ടുള്ള സംഗതി. വായന നമുക്ക് തീർച്ചയായും ആവശ്യമാണ്. പക്ഷേ ഭാഷയുടെ ഉപയോഗത്തിൽ വായനയില്ലായ്മയും ഒരു പരിധിവരെ സഹായകമാകും എന്ന് തോന്നിപ്പോകുന്ന ചില സന്ദർഭങ്ങളുമുണ്ട്. അടുത്തകാലത്ത് വായിച്ച ഒരു കഥയെപ്പറ്റി പറയുകയാണെങ്കിൽ ഭാഷാപോഷിണിയുടെ പുതിയ ലക്കത്തിൽ ജെയിൻ ജോസഫിന്റെ ‘എംപ്റ്റി നെസ്റ്റ്’ എന്ന ഒരു കഥയുണ്ട്. പുതിയ തലമുറയിൽ എഴുത്തുകാരെ അവർ കാര്യമായി ഫോളോ ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ ഈ കഥയ്ക്ക് നല്ലൊരു പ്രശ്നമുണ്ട്. നമ്മൾ ഇതുവരെ വായിച്ചുകൊണ്ടിരുന്ന മലയാള കഥകളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ടോണും ഭാഷാപരിചയവുമൊക്കെ ആ കഥയിൽ കാണാൻ കഴിയും. ഒരുപക്ഷേ അതിൽ വായന ഇല്ലായ്മ ഗുണപരമായി എഴുത്തിനെ സ്വാധീനിച്ചു. വായിക്കുന്നത് നമ്മുടെ ഉള്ളിൽ നിന്ന് വരുന്ന മലയാള പദങ്ങളെ ഒരു പരിധിവരെ സ്വാധീനിക്കുന്നുണ്ട്. കൂടുതൽ വായനയുള്ളവരുടെ കാര്യത്തിൽ എഴുത്തിലേക്ക് കടക്കുമ്പോൾ അത്‌ അറിയാതെ സ്വീകരിച്ചുപോകും. നമ്മുടെയുള്ളിൽ കേട്ട് പരിചയമുള്ള ചില പദപ്രയോഗങ്ങളൊക്കെയുള്ളത് കൊണ്ട് അത്തരം പദപ്രയോഗങ്ങൾ നമ്മൾ പോലുമറിയാതെ ഉപയോഗിച്ചുപോകും. പക്ഷേ, അത്രമാത്രം പരന്ന വായനയില്ലാതെ തിരഞ്ഞെടുത്ത് നല്ലതുമാത്രം വായിച്ചും മലയാളസാഹിത്യം മാത്രം വായിക്കാതെ മറ്റ് ഭാഷകളിലെ സാഹിത്യകൃതികളും വായിച്ചും ഭാഷ വലിയ പ്രശ്നമായി വരുന്നത് ഒഴിവാക്കാൻ സഹായിക്കും. കഥയുടെ ചില പൂർവ നിർവചനങ്ങളുണ്ടല്ലോ, ടൈം സ്പാൻ – കഥയെന്ന് പറയുന്നത് ഇത്ര സമയത്തിലൊതുങ്ങുന്ന സംഭവവികാസങ്ങളായിരിക്കണം. പഴയ ക്ലാസ്സിക്കൽ നിർവചനമാണെങ്കിൽ പോലും അത്‌ എല്ലാവരും എല്ലാകാലത്തും പിന്തുടർന്ന് വരുന്നതാണ്. കഥാസങ്കല്പങ്ങൾ എപ്പോഴും അങ്ങനെ തന്നെയാണ്.

മറ്റൊരു പ്രതിസന്ധിയെന്ന് പറയുന്നത് ഒഴിവാക്കലാണ്. കഥയിലേക്ക് എന്തെല്ലാം കൊണ്ടുവരുന്നു എന്നതിനേക്കാൾ എന്തെല്ലാം കൊണ്ടുവരാൻ പാടില്ല എന്നതാണ് പ്രധാനം. ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഏറ്റവും ചുരുങ്ങിയ വാചകങ്ങളിൽ നമുക്ക് പറയാനുള്ള കഥ പറഞ്ഞുതീർക്കുക എന്നുള്ളതാണ് ചെറുകഥയുടെ വലിയൊരു ധർമം. ഒരുപക്ഷേ നമ്മൾ ഒരു പാരാഗ്രാഫ് എഴുതുന്നത് തന്നെ എഡിറ്റ്‌ ചെയ്ത് എഡിറ്റ്‌ ചെയ്ത് ഒരു വാചകം ആക്കുകയാണെങ്കിൽ ഏറ്റവും നല്ലത്. അതിന്റെ തീവ്രതയും അപ്പോൾ കൂടും. ആ വാചകങ്ങളുടെ സംവേദനശേഷിയും വർധിക്കും.

കണ്ടൻസേഷൻ അഥവാ, ചെത്തിക്കളയുന്ന പ്രക്രിയയാണ് കഥയെഴുത്തിന്റെ അടുത്ത പ്രതിസന്ധി. കംപാഷൻ എപ്പോഴും കൂടുതൽ വേണം. നമ്മുടെ അനുഭവത്തെ അടിസ്ഥാനമാക്കിയുള്ള കഥകളാണെങ്കിൽ അനുഭവത്തെ വിശദീകരിക്കാനുള്ള ഒരു ത്വര നമ്മുടെയുള്ളിൽ കാണും. അതിനെ കുറച്ച് വായനക്കാരുടെ ഉള്ളിലേക്ക് ശക്തമായി ഈ വികാരം കടത്തിവിടാനുള്ളത് എത്രയും പരിമിതമായ വാക്കുകളിൽ ചെയ്യാമോ അത്രയും പരിമിതമായ വാക്കുകളിൽ ആക്കുക.

സക്കറിയയുടെ ‘അ എന്ന വേട്ടക്കാരൻ’ എന്ന കഥയുണ്ട്. ഭാഷാഭംഗികൊണ്ട് മാത്രം ഒരു കഥ എത്ര മനോഹരമാക്കാം എന്നതിന് ഉദാഹരണമാണിത്. ചെറിയ കഥകളാണെങ്കിലും വായിച്ചു കഴിഞ്ഞാൽ ആജീവനാന്തം അത്‌ നമ്മുടെയുള്ളിൽ കിടക്കും. ഗംഭീരമായി എഡിറ്റ് ചെയ്യുന്ന എഴുത്തുകാരനാണ് സക്കറിയ. എഡിറ്റിങ്ങിന്റെ മേന്മയാണ് ഇതിൽ കാണുന്നത്. എഴുത്തിന്റെ ശില്പവിദ്യ എന്ന് ഇതിനെ പറയാം. ക്രാഫ്റ്റ് ചെയ്യാൻ മാതൃകയായി ഒരു സാഹിത്യം പോലും വേണമെന്നില്ല. അതിന്റെ ശേഷി വികസിപ്പിക്കാൻ നമ്മൾ ഏർപ്പെട്ടിരിക്കുന്ന ജോലി പോലും സ്വാധീനിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ഉദാഹരണം പറയുകയാണെങ്കിൽ, അരുന്ധതി റോയിയുടെ ‘ദി ഗോഡ് ഓഫ്‌ സ്‌മോൾ തിങ്ക്സ്’ എന്ന നോവൽ പോലെ ഓരോ നോവലും വായിക്കുമ്പോൾ ഇതിനെ രൂപകൽപ്പന ചെയ്യുന്നതിലുള്ള വൈദഗ്ധ്യം മനസ്സിലാക്കാം. അതിന്റെ തുടക്കമെന്ന് പറയുന്നത് ഒട്ടും ലീനിയർ അല്ല. അവസാനം പറയേണ്ടത് പലതും ആദ്യവും ആദ്യം പറയേണ്ടത് പലതും അവസാനവും പറയുന്നുണ്ട്. ഇതെല്ലാം കൂട്ടിക്കലർത്തി ഗംഭീരമായ ഒരു ഘടന അതിൽ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. ഒരു ആർക്കിടെക്ടിന്റെ കൈവിരുത് ആ എഴുത്തിൽ ഉണ്ടല്ലോ എന്ന് ഞാൻ പലപ്പോഴും വിചാരിച്ചിട്ടുണ്ട്. നോവലൊരു പുതിയ മണിമാളികയാണെങ്കിൽ ചെറുകഥ പ്രകൃതിയോട് ഇണങ്ങിനിൽക്കുന്നു. ഇക്കണോമി എന്ന വാക്ക് ചെറുകഥയിൽ വളരെ പ്രധാനമാണ്.

‘എംപ്റ്റി നെസ്റ്റ്’ എന്ന കഥയിൽ ഒന്നോ രണ്ടോ മണിക്കൂറാണ് അതിന്റെ ടൈം സ്പാൻ.ഒരു അമേരിക്കൻ പ്രവാസി ജീവിതത്തിന്റെ മാനസിക ട്രോമ ഇതിൽ ഭംഗിയായി കൊണ്ടുവന്നിട്ടുണ്ട്. ആധുനികതയ്ക്ക് ശേഷം കഥയെ ഉള്ളടക്കാധിഷ്ഠിതമായി എഴുതുന്നതിൽ അലംഭാവം സംഭവിച്ചിട്ടുണ്ട്. ആവശ്യത്തിലധികം വാക്കുകൾ ഉപയോഗിച്ചാണ് കഥകൾ എഴുതുന്നത്. മാസികകളിൽ കഥയുടെ പേജിന്റെ എണ്ണം കൂട്ടിയത് വലിയ അപകടത്തിന് കാരണമായി. പക്ഷേ, പ്രമേയം ആവശ്യപ്പെടുന്നുണ്ട് എന്നുണ്ടെങ്കിൽ നീണ്ട കഥകൾ നമ്മെ മടുപ്പിക്കുകയില്ല. സന്തോഷ് കുമാറിന്റെ ‘നാരകങ്ങളുടെ ഉപമ’ എന്നത് ചെറിയ കഥയല്ല. പക്ഷേ ആദ്യം മുതൽ അവസാനം വരെ നമ്മളെ കഥയിൽത്തന്നെ കുടുക്കി കിടത്താനുള്ള ശക്തി ആ പ്രമേയത്തിനുണ്ട്. ഒരു മടുപ്പുമില്ലാതെ വായിപ്പിക്കാൻ ആ കഥയ്ക്ക് കഴിയും. റെയ്മണ്ട് കാർവർ നീളമുള്ള നിരവധി കഥകൾ എഴുതിയിട്ടുണ്ട്. കാർവറിന്റെ ശക്തമായിട്ടുള്ള പല കഥകളും ചെറിയ കഥകളാണ്. പക്ഷേ ചിലത് വളരെ നീണ്ട കഥകളാണ്. ആ കഥയ്ക്ക് ആ നീളം താങ്ങാനായിട്ടുള്ള പ്രമേയപരമായ ബലവുമുണ്ട്. ഐസക് ബഷെവിസ് സിംഗർ ആണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട മറ്റൊരു എഴുത്തുകാരൻ. സ്വന്തം അനുഭവം മാത്രമേ അദ്ദേഹത്തിന്റെ കഥകളിൽ കണ്ടെത്താൻ സാധിക്കൂ. ആ കഥകളിൽ പലതും റൈറ്റേഴ്സ് ക്ലബ്ബിൽ കൂടി ഉണ്ടാവുന്നതാണ്. റൈറ്റേഴ്സ് ക്ലബ്ബിൽ കണ്ടുമുട്ടുന്നവരും അവർക്കിടയിലെ ജീവിതസന്ദർഭങ്ങളുമൊക്കെയാണ് കഥയിലെ ഇതിവൃത്തം. കഥാകാരന് വലിയ അനുഭവസമ്പത്തുകളുടെ ഒന്നും ആവശ്യമില്ല. നിരീക്ഷണപാടവത്തോടെ കാര്യങ്ങൾ കാണുകയെന്നത് തന്നെയാണ് പ്രധാനം. വ്യാപകമായ അനുഭവങ്ങൾ എഴുത്തിനെ അധികം സഹായിച്ചെന്നും വരില്ല.

പ്രമേയങ്ങളുടെ തിരഞ്ഞെടുപ്പിലും പ്രതിസന്ധികൾ ഉണ്ടാവാൻ സാധ്യതയുണ്ട്. നമുക്ക് വഴങ്ങാത്ത പ്രമേയങ്ങൾ പലതുമുണ്ട്. പതിവ് പ്രമേയങ്ങളിൽ നിന്നും പുതുമ തോന്നുന്ന പ്രമേയങ്ങൾ എടുത്ത് ആവിഷ്കരിക്കാൻ കഴിയുമെങ്കിൽ അതാണ് എഴുത്തിൽ ഏറ്റവും കൂടുതൽ ആത്മവിശ്വാസം നൽകുന്ന ഒന്ന്.

പ്രമേയങ്ങൾ പല സന്ദർഭങ്ങളിൽ നിന്നും രൂപപ്പെട്ടുവരുന്നു. സ്വന്തം അനുഭവങ്ങളിൽ നിന്നും പറയുകയാണെങ്കിൽ, ‘ഉട്ടോപ്യ’ എന്ന വാക്ക് കേട്ടകാലം മുതൽ എന്നെ അതു വല്ലാതെ മോഹിപ്പിച്ചിരുന്നു. എഴുത്ത് പരിചയവും നമ്മെ വളരെ സ്വാധീനിക്കുന്നുണ്ട്. എഴുത്തുപരിചയം എന്നത് ഒരു പരിധിക്കപ്പുറം നമ്മളെ പുതിയ പ്രമേയത്തെ കൈകാര്യം ചെയ്യാൻ വലുതായി സ്വാധീനിക്കും.

ഞാൻ കഥ എഴുതുമ്പോൾ ആദ്യം മനസ്സിൽ കാണുന്നത് അവസാനമല്ല. പ്ലോട്ട് ആദ്യമേ മനസ്സിൽ കൊണ്ടുവന്ന് ഒരു പോയിന്റ് വരെയേ എനിക്ക് പോകാൻ കഴിയൂ. അതേസമയം അനുഭവങ്ങൾ എഴുതുകയാണെങ്കിൽ കുഴപ്പമില്ല. അല്ലാതെ ഒരു ത്രെഡ് വെച്ച് മാത്രം സാങ്കല്പികമായി എഴുതുമ്പോൾ ഒരു നിശ്ചിത ദൂരം വരെ ആ കഥ കൊണ്ടുപോകുന്നതിനെക്കുറിച്ച് ഒരു ഐഡിയ ഉണ്ടാകും. ആ ബലത്തിലാണ് നമ്മൾ എഴുതിത്തുടങ്ങുന്നത്. ഭാവന പ്രവർത്തിച്ചു തുടങ്ങുന്നത് അപ്പോഴാണ്. അതിന്റെ സാധ്യതകളെക്കുറിച്ച് നമ്മൾ കൂടുതൽ ആലോചിക്കുന്നതും അപ്പോഴാണ്. ക്ലൈമാക്സിലേക്ക് വരുമ്പോൾ ഞാൻ വിചാരിച്ചതിനേക്കാൾ നന്നായി അവസാനിപ്പിക്കാൻ എനിക്ക് കഴിയാറുണ്ട്. കഥ തീരുമ്പോൾ ഒരു പിരിമുറുക്കത്തിൽ വായനക്കാരെ എത്തിക്കണമെന്നില്ല. കഥ പറയുന്ന കഥകളുമുണ്ട്, വികാരത്തെ ആവിഷ്കരിക്കുന്ന കഥകളുമുണ്ട്.

കഥയുടെ പേരിടുന്നതും മറ്റൊരു പ്രതിസന്ധിഘട്ടമാണ്. ഒരു കഥാപാത്രത്തെയാണ് നമ്മൾ കേന്ദ്രബിന്ദുവായി വെക്കുന്നതെങ്കിൽ ആ കഥാപാത്രത്തിന്റെ പേര് തന്നെ കഥയ്ക്ക് നൽകാം. ആശയപ്രധാനമായ കഥകൾ ആണെങ്കിൽ എഴുതിക്കഴിഞ്ഞതിനുശേഷം പേരിടുക എന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. നീണ്ട പേരുകളേക്കാൾ ചെറിയ പേരുകളാണ് കഥയ്ക്ക് കൂടുതൽ അഭികാമ്യം.

Other articles

എഴുത്തിന്റെ വിതാനങ്ങൾ

- അജയ് പി. മങ്ങാട്ട് -ജോലി കഴിഞ്ഞുള്ള സമയത്താണ്...

അനന്യാനുഭവവും എഴുത്തും

- ക്യാപ്റ്റൻ ഗോവിന്ദൻ -എഴുത്തിൽ ഒരു വേറിട്ട വ്യക്തിത്വത്തിന് വേണ്ടിയാണ് ക്യാപ്റ്റൻ...

സാങ്കല്പികലോകത്തിലെ സഹയാത്രികര്‍

- സുഭാഷ് ഒട്ടുംപുറം -വായനയുമായോ എഴുത്തുമായോ വലിയ ബന്ധമൊന്നുമില്ലാത്ത ഒരിടത്ത് നിന്നാണ്...

രചനയുടെ അടിസ്ഥാനഘടകങ്ങൾ

- പി.എ. നാസിമുദ്ദീൻ -ഏറ്റവും സംഘർഷഭരിതമായ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്....

ഞാനും എഴുത്തും

- കെ.ആര്‍. ടോണി -പ്രായോഗികമായി ഒരു കവിതയെഴുതുന്നയാള്‍ എന്തിലൊക്കെ ശ്രദ്ധിക്കണം എന്നുള്ളത്...

വാക്കിന്റെ ജനിതകവ്യതിയാനം: സാഹിത്യഭാവനയും സമൂഹവും

- കെ.പി. ജയകുമാര്‍ -എന്താണ് സര്‍ഗാത്മകത? സാഹിത്യം സര്‍ഗാത്മകമാകുന്നതെങ്ങനെയാണ്?...

എഴുത്താലക്കുറിപ്പുകൾ

- പി. രാമൻ -ഇന്ദ്രിയവേദ്യമായ എഴുത്ത്പെറ്റുവീണ ഒരു കുഞ്ഞ് ലോകത്തെ...

ദൈവത്തിന്റെ ആഖ്യാനം

- കെ. പി. രാമനുണ്ണി -ആഖ്യാനം പ്രധാനമായും മൂന്നുതരത്തിലാണുള്ളത്. പ്രഥമപുരുഷാഖ്യാനം,...