About

മലയാളസാഹിത്യമെഴുത്തിന്റെ ആചാര്യനായ തുഞ്ചത്തെഴുത്തച്ഛന്റെ പേരില്‍, 2012ല്‍, തുഞ്ചത്താചാര്യന്റെ രചനാദേശമായ തിരൂരില്‍, വാക്കാട് കടലോരത്ത് സ്ഥാപിതമായതാണ്, തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല. ഇന്ത്യയില്‍ മറ്റെവിടെയും സാഹിത്യരചന ഒരു അദ്ധ്യയനപദ്ധതിയായി ഇല്ലാതിരിക്കെ, ഇവിടെ അത്തരമൊരു പദ്ധതിയും വിദ്യാലയവുമുണ്ട്. സാഹിത്യഫാക്കല്‍റ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് ക്രിയേറ്റിവ് റൈറ്റിംഗ് (സാഹിത്യരചനാവിദ്യാലയം) സര്‍വ്വകലാശാലയുടെ സ്ഥാപക വൈസ് ചാന്‍സലറും കവിയുമായ ശ്രീ. കെ. ജയകുമാറിന്റെ വിഭാവനവും എം,.ടി. വാസുദേവന്‍ നായരും കെ.സച്ചിദാനന്ദനും അടക്കമുള്ള ഒട്ടേറെ എഴുത്തുകാരുടെയും രചനാപ്രവര്‍ത്തകരുടെയും പ്രവര്‍ത്തനസാഫല്യവുമാണ്. സാഹിത്യരചനാസ്‌കൂളിലെ ഒരദ്ധ്യാപകന്‍ മേല്‍നോട്ടം വഹിക്കുന്ന രചനാവേദി (റൈറ്റേഴ്‌സ് ഫോറം) സര്‍വ്വകലാശാലയുടെ ദൗത്യവും ദര്‍ശനവും നിറവേറ്റുവാന്‍ ഉദ്ദിഷ്ടമായ ഒന്നാണ്. സര്‍വ്വകലാശാലാവിദ്യാര്‍ത്ഥിസമൂഹത്തിനു വിശേഷമായും, പൊതുസമൂഹത്തിനു സാമാന്യമായും പ്രയോജനപ്പെടുന്നവിധത്തില്‍, രചനാപരിശീലനങ്ങളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുകയും അതിന്റെ ഗുണഫലങ്ങള്‍ പൊതുസമൂഹത്തിനാകെത്തന്നെ ലഭ്യമാക്കുകയുമാണ് രചനാവേദിയുടെ ഉദ്ദേശ്യവും ലക്ഷ്യവും. അങ്ങനെ സര്‍വ്വകലാശാലയുടെ സല്‍ക്കീര്‍ത്തിയും പ്രയോജകത്വവും ഭാഷയ്ക്കും സാഹിത്യത്തിനും അതുവഴി സമൂഹത്തിനും ദൃശ്യമാക്കുവാന്‍ രചനാവേദി പ്രതിജ്ഞാബദ്ധമാണ്.

2013ല്‍ സര്‍വ്വകലാശാലയുടെ അക്കാദമികപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഒരുദശകം പിന്നിട്ട്, 2023ലാണ് രചനാവേദി പൂര്‍ണ്ണാര്‍ത്ഥത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ആ കാലത്ത് സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവി വഹിച്ചിരുന്ന പ്രഫെസര്‍ ഡോക്ടര്‍ എല്‍.സുഷമയുടെ ഉത്സാഹത്തിലും കൂടിയാലോചനകളിലുമാണ് രചനാവേദിക്ക് ജീവന്‍ വച്ചത്. തുടര്‍ന്ന്, ആ പദവിയില്‍ സേവനമനുഷ്ഠിച്ച പ്രഫെസര്‍ ഡോക്ടര്‍ സി.ആര്‍. പ്രസാദിന്റെ മേല്‍നോട്ടത്തില്‍, രചനാവേദിക്ക് കൃത്യമായി പ്രവര്‍ത്തനവിഹിതം ഫണ്ടില്‍ നീക്കിവയ്ക്കുവാനാരംഭിച്ചതോടെ, രചനാവേദിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകുകയും അതിന്റെ ഫലങ്ങള്‍ മൂര്‍ത്തരൂപത്തില്‍ പൊതുസമൂഹത്തിനു ലഭ്യമായിത്തുടങ്ങുകയും ചെയ്തു. 2025-26 അക്കാദമികവര്‍ഷം രചനാവേദി സര്‍വ്വകലാശാലയിലെ എല്ലാ വിദ്യാലയങ്ങളെയും പ്രതിനിധീകരിക്കുന്ന അംഗങ്ങള്‍ക്കുവേണ്ടി പരിശീലനപരമ്പരതന്നെ നടത്തി. തദ്ദേശവാദികള്‍ക്കും കൂട്ടായി, വാക്കാട്, പറവണ്ണ, ഉണ്ണിയാല്‍ എന്നീ തീരദേശങ്ങളിലെ നിവാസികള്‍ക്കുമായി രചനാപരിശീലനശില്പശാലകളും സംഘടിപ്പിച്ചു. മുതിര്‍ന്ന എഴുത്തുകാരായ ശ്രീ. കെ.പി.രാമനുണ്ണി, ശ്രീ. അയ്മനം ജോണ്‍, ശ്രീ. കെ.ആര്‍. ടോണി, ശ്രീ. പി. രാമന്‍, ശ്രീ. പി.എ. നാസിമുദ്ദീന്‍ എന്നിവര്‍ മുതല്‍, ഈ തലമുറയിലെ മികച്ച എഴുത്തുകാരായ ശ്രീ. കെ.പി. ജയകുമാര്‍, ക്യാപ്റ്റന്‍ ഗോവിന്ദന്‍, ശ്രീ. സുജീഷ്, ശ്രീ. സുഭാഷ് ഒട്ടുംപുറം എന്നിവര്‍ വരെയുള്ളവര്‍ ഇതില്‍ പങ്കാളികളായി. ഇവരുടെ ക്ലാസുകളുടെ രചിതപാഠങ്ങളും രചനാമത്സരങ്ങളിലും പരിശീലനക്കളരികളിലും മികവുകാട്ടിയ വിദ്യാര്‍ത്ഥിനീവിദ്യാര്‍ത്ഥികളുടെ രചനകളും ഉള്‍പ്പെടുത്തിക്കൊണ്ട് രചനാലോകം എന്ന പേരില്‍, വാര്‍ഷികപ്പതിപ്പ് പുറത്തിറക്കി. രചനാലോകം എന്ന പേരില്‍ത്തന്നെ, ഒരു വെബ് പ്രസാധനവും ആരംഭിച്ചു. ഇങ്ങനെ അച്ചടിയിലൂടെയും വെബ് പ്രസാധനത്തിലൂടെയും രചനാവേദിയുടെ പ്രവര്‍ത്തനഫലങ്ങള്‍ മൂര്‍ത്തവും നിത്യവും ദൃശ്യവും സര്‍വ്വലഭ്യവുമാക്കി എന്നതാണ് എടുത്തുപറയേണ്ട കാര്യം. രചനാപരിശീലനപദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്ന വെബ് ജാലികകളും ഉള്‍ക്കൊള്ളുന്നവിധത്തില്‍, ഭാവിയില്‍ ഇതു സജീവമാക്കുവാനാണു ഭാവിക്കുന്നത്. തീരദേശജീവിതവും സംസ്‌കാരവും എഴുത്തിന് ഉപകരണങ്ങളാക്കുവാന്‍ അംഗങ്ങളുമായി, കൂട്ടായിക്കടപ്പുറത്തെ വലയടപ്പ് പരിപാടി കാണാന്‍ പോയതും പ്രദേശസംസ്‌കൃതിയുടെ ഭണ്ഡാഗാരമായ പള്ളി സന്ദര്‍ശിച്ചതും ഇതേ അക്കാദമികവര്‍ഷത്തെ, രചനാവേദിയുടെ മുഖ്യപരിപാടികളില്‍ പെടുന്നു. സാഹിത്യരചനാവിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും, ഇവിടെ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍, മാതൃഭൂമിയുടെ എക്കാലത്തെയും സവിശേഷമായ കലാലയപുരസ്‌കാരജേതാവാകുകയും ചെയ്ത ശ്രീ. ആന്റോ സാബിന്‍ ജോസഫിനെ കഥാപരിശീലനക്ലാസ് എടുക്കാന്‍ എത്തിച്ചതും ശ്രദ്ധേയമായി.